X

കോരപ്പുഴപാലം ഇനി ഓര്‍മ്മ; പൊളിച്ചുമാറ്റാന്‍ തുടങ്ങി

കോഴിക്കോട്: ദേശീയപാതയില്‍ കോരപ്പുഴ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രാഥമികജോലികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ ഗതാഗതം നിരോധിച്ചു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസുകളും മറ്റ് വാഹനങ്ങളും പാവങ്ങാട്, പൂളാടിക്കുന്ന് വഴി വെങ്ങളം ബൈപ്പാസിന് തിരിച്ചുവിടുകയാണ്. എണ്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കോരപ്പുഴപാലം മലബാറിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കെ. കേളപ്പന്‍ കാളവണ്ടിയില്‍ സഞ്ചരിച്ച് 1940ലാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. 1937ല്‍ അധികാരത്തില്‍ വന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. 1938ല്‍ പണി തുടങ്ങി. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയായി. കാനന്‍ ആന്റ് ഡങ്കര്‍ലി എന്ന കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്. 2,84,000 രൂപയായിരുന്നു അന്നത്തെ നിര്‍മാണച്ചെലവ്.
പാലത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കകള്‍ വന്നതോടെയാണ് പുതിയപാലം നിര്‍മിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്ത് നടത്തിയ അറ്റകുറ്റപണികള്‍ക്ക് മാത്രം 53,51,282 രൂപ ചെലവായതായി രേഖകളില്‍ കാണുന്നു. പാലത്തിന്റെ അടിത്തറക്ക് 40 വര്‍ഷത്തെ കാലാവധിയാണ് കരാറുകാര്‍ നല്‍കിയിരുന്നത്. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം പരിഗണിച്ചാണ് കാലാവധി നിശ്ചയിച്ചിരുന്നത്. 77 വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ പാലം പൊളിക്കുന്നത്.
പുതിയപാലം നിര്‍മിക്കുമ്പോള്‍ ഒരേസമയം രണ്ടു വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. നടപ്പാതയും ഒരുക്കും. പാലത്തിന്റെ മുകളിലുള്ള ടാറിങ് നീക്കുന്ന ജോലി ഇന്നലെ തുടങ്ങി. പാലത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ മാറ്റുന്ന ജോലിയും പുരോഗമിക്കുകയാണ്.
ഡിഫന്‍സ് വിഭാഗത്തിന്റെ സന്ദേശങ്ങള്‍ കൈമാറുന്ന കേബിളുകള്‍ വരെ മാറ്റേണ്ടതുണ്ട്. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കേബിളുകളും മാറ്റണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പാലം പൊളിക്കുന്നതിന്റെ കരാര്‍ ആന്ധ്രയില്‍ നിന്നുള്ള കമ്പനിക്കാണ്. പാലം പുനര്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം 28ന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും.
പുതിയ പാലം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചുവിടുന്നതോടെ പാവങ്ങാട്- പൂളാടിക്കുന്ന് റോഡില്‍ ഗതാഗതകുരുക്ക് വര്‍ധിക്കും.

chandrika: