X

കൂടത്തായി കൊലപാതകം; റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍ ഒരു സ്വത്തു തര്‍ക്കം, നടുക്കുന്ന ഒരു കൊലപാതക പരമ്പരയുടെ ഉള്ളറകളിലേക്ക് ചെന്നെത്തിയ വിധം ഇങ്ങനെ

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോളിക്കു വിഷം കൊണ്ടെത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. ആറുപേരുടെയും മരണം മാരകവിഷാംശം ഉള്ളില്‍ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആറുപേരുടെയും മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നല്‍കിയ ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. മരിച്ച റോയിയുടെ ഉള്ളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്‍ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

വെറും ഒരു സ്വത്തു തര്‍ക്കമായിരുന്ന ഒരു കേസിന്റെ ഉള്ളറകളിലേക്ക് അന്വേഷണം ചെന്നതോടെയാണ് നടുക്കുന്ന വിധത്തിലുണ്ടായ ഒരു തുടര്‍മരണത്തിന്റെ കഥ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

കൊലപാതകം കണ്ടെത്തുന്നതിലേക്ക് വഴിവെച്ച സാഹചര്യങ്ങള്‍ ചുരുക്ക രൂപത്തില്‍ ഇങ്ങനെ:
കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തിയത്. ഇദ്ദേഹം അമേരിക്കയിലായിരുന്നു. താമരശ്ശേരി പൊലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേര്‍ത്ത് റൂറല്‍ എസ്!പിക്ക് റോജോ പരാതി നല്‍കിയ ശേഷമാണ് ഈ കേസിന് ജീവന്‍ വച്ചതെന്ന് പറയാം.

ആദ്യം ഇങ്ങനെ കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തര്‍ക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും പൊലീസ് ചേര്‍ത്ത് വച്ച് പരിശോധിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല.

എന്നാല്‍ വടകര എസ്!പിയായി കെ ജി സൈമണ്‍ ചാര്‍ജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്!പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്‍ വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേര്‍ത്ത് വച്ചു. ശാസ്ത്രീയമായി കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കി.

കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനായ ഷാജു സ്‌കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിന്റെ ആദ്യഘട്ടത്തില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തി. ആദ്യം മരിച്ചത് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ, 2002ല്‍. പിന്നീട് മരിച്ചത് ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്, ഇത് 2008ല്‍. പിന്നീട് ഭര്‍ത്താവിനെത്തന്നെ പതിയെ വിഷം നല്‍കി കൊന്നു. ആ മരണം നടന്നത് 2011ല്‍. ഇതിന് ശേഷം, ഭര്‍ത്താവിന്റെ അമ്മ അന്നമ്മയുടെ സഹോദരന്‍ മാത്യുവിനെ കൊന്നു, ഈ മരണം നടന്നത് 2014ല്‍. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുമ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമാണ് ഷാജുവിന്റെ ഭാര്യ സിലിയെയും പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമകളെയും കൊല്ലുന്നത്. ഈ മരണങ്ങള്‍ നടന്നത് 2014ലും 2016ലുമാണ്.

web desk 1: