താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്‍. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്. 2011 സപ്തംബര്‍ 30 നാണ് ടോം തോമസിന്റെ മൂത്ത മകന്‍ റോയി തോമസും മരിച്ചു. 2014 ഏപ്രില്‍ 24 നാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ സാജു സക്കറിയയുടെ ഒരു വര്‍ഷം പ്രായമായ മകള്‍ ആല്‍ഫിന്‍ 2014 മെയ് 03ന് ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്‍ 2016 ജനുവരി 11ന് മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്.
റോയി തോമസ് മരണപ്പെട്ടപ്പോള്‍ ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.
അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്‍ സംശയം ഉയര്‍ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യൂ മഞ്ചാടിയില്‍ എന്ന 68 കാരനാണ് മരണങ്ങളില്‍ ആദ്യ സംശയമുയര്‍ത്തിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു. എന്നാല്‍ സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു.
ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. മരണം നടന്ന ദിവസം മാത്യു വീട്ടില്‍ തനിച്ചയിരുന്നു. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.
ഒടുവില്‍ മരണപ്പെട്ട ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ സ്വത്തു തര്‍ക്ക പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് തുടര്‍ മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു.
ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു.
മരിച്ച സംഭവത്തിൽ ജോളിയേയും സയനൈഡ് നല്‍കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.
പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.
മുംബൈ: അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.
സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.
എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.