Connect with us

Video Stories

കൊളത്തൂര്‍ മുഹമ്മദ് മൗലവി അന്തരിച്ചു

Published

on

മലപ്പുറം: ഭാഷാസമര മുന്നണി പോരാളിയും വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കര്‍ത്താവും മതപണ്ഡിതനും പ്രഭാഷകനും മുന്‍ പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അന്തരിച്ചു. 74 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് കൊളത്തൂര്‍ ജലാലിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മാലാപറമ്പിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, മലപ്പുറം ജില്ലാ ട്രഷറര്‍, പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സമുച്ചയ സമിതി ജനറല്‍ സെക്രട്ടറി, എസ്.ഇ.ആര്‍.ടി ഗവേണിങ് ബോഡി മെമ്പര്‍, പുലിക്കോട്ടില്‍ ഹൈദര്‍ കലാപഠനകേന്ദ്രം ഉപാധ്യക്ഷന്‍, കൊളത്തൂര്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സമിതി അധ്യക്ഷന്‍, റിട്ടയേര്‍ഡ് അറബി അധ്യാപകരുടെ കൂട്ടായ്മയായ ‘ഇമാം’ (ഇത്തിഹാദു മുഅല്ലിമീന്‍ ലുഅത്തില്‍ അറബിയ്യ അല്‍ മുത്തഖാഇദീന്‍) സംസ്ഥാന കണ്‍വീനര്‍, റിട്ടയേര്‍ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളുടെ ഫോറത്തിന്റെ സഹകാര്യദര്‍ശി, ‘അല്‍ ബുഷ്‌റ’ അറബി മാസികഅഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു.
താഴത്തേതില്‍ അബ്ദുല്‍ ഖാദറിന്റെയും ഉണ്ണിപ്പാത്തുമ്മയുടെയും മകനായി 1946 ഫെബ്രുവരി നാലിന് കൊളത്തൂരില്‍ ജനനം. കൊളത്തൂര്‍ എ.എല്‍.പി. സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ പുലമാന്തോള്‍, നാഷണല്‍ ഹൈസ്‌കൂള്‍ കൊളത്തൂര്‍, ജലാലിയ്യ ജുമാമസ്ജിദ് മസ്ജിദുദര്‍സ്, ഭാഷാ അധ്യാപക പരിശീലന കേന്ദ്രം കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. 1964 മുതല്‍ 1994 വരെ തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. 1994 മുതല്‍ 2000 വരെ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗവുമായിരുന്നു. 1991ല്‍ മലപ്പുറം ജില്ലാ പ്രഥമ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. 1978 കെ.എ.ടി.എഫ് സംസ്ഥാന ആക്ടിങ് പ്രസിഡന്റും 1990ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1975ലും ഭാഷാസമരം നടന്ന 1980ലും കെ.എ.ടി.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.
2010ല്‍ ദമാം കെ.എം.സി.സിയുടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്. 2011ല്‍ അറബിഭാഷാ പഠനപ്രചാരണ രംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫാറൂഖ് കോളജ് പി.ജി ആന്റ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ്. 2013ല്‍ മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സീതി സാഹിബ് അവാര്‍ഡ്, 2014ല്‍ മുസ്‌ലിംലീഗ് കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ സി.എച്ച്. മുഹമ്മദ് കോയാ അവാര്‍ഡ് എന്നീ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2018ല്‍ കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി കരുവള്ളി മുഹമ്മദ് മൗലവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരവും നേടി. ഭാഷാസമരത്തെ തുടര്‍ന്നുണ്ടായ മലപ്പുറം വെടിവെയ്പ് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് നാരായണപിള്ള മുമ്പാകെ മൊഴികൊടുത്തിട്ടുണ്ട്. കണ്ണന്‍ എന്ന പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
ഭാര്യ: ജമീല റിട്ട. അധ്യാപിക, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ബോര്‍ഡില്‍ മുസ്‌ലിംലീഗ് അംഗമായിരുന്നു. മക്കള്‍: മുഹമ്മദ് ഇബ്രാഹീം (അബുദാബി), മുഹമ്മദ് മുക്താര്‍ (അധ്യാപകന്‍ പി.ടി.എം.എച്ച്.എസ്.എസ് എടപ്പലം), മുഹമ്മദ് ഷിഹാബ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പാങ്ങ് പി.എച്ച്.സി), അമീന ഷാനിബ (ഒമാന്‍), ജമീല ലാഫിയ (അധ്യാപിക പടപ്പറമ്പ പി.കെ.എച്ച്.എം. എല്‍.പി.സ്‌കൂള്‍). മരുമക്കള്‍: ഫെബിന (അധ്യാപിക, എ.എം.എച്ച്.എസ്.എസ് തിരൂര്‍ക്കാട്), ആബിദ (അധ്യാപിക, വളാഞ്ചേരി എം.ഇ.എസ് എച്ച്.എസ്), നഷീദ (അധ്യാപിക, ഗവ. എല്‍.പി സ്‌കൂള്‍ അത്തിപ്പറ്റ), ബാബു നൗഷാദ് എം.ഡി (ഒമാന്‍ ബുറൈമി യൂണിവേഴ്‌സിറ്റിയില്‍ അലൈഡ് സയന്‍സ് ഫാക്കല്‍റ്റി), അഫ്‌സല്‍ ജമാല്‍ (അധ്യാപകന്‍, ഗവ.കോളജ് കൊണ്ടോട്ടി). രാവിലെ ഒമ്പതരക്ക് നടന്ന ആദ്യ മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി.മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, മന്ത്രി കെ.ടി.ജലീല്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ ശിച്ചു.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending