X

മുസ്‌ലിം വിരുദ്ധ ആക്രമണം 60 പേര്‍ അറസ്റ്റില്‍


കൊളംബോ: രാജ്യത്ത് മുസ്‌ലിം വിരുദ്ധ കലാപത്തില്‍ 60 പേര്‍ അറസ്റ്റില്‍. ദിവസങ്ങള്‍ നീണ്ടു നിന്ന അക്രമത്തിനും സംഘര്‍ഷത്തിലും ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേരെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമികള്‍ സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കുകയും തല്ലിതകര്‍ക്കുകയും ചെയ്തു. ഒട്ടേറെ ദേവാലയങ്ങള്‍ക്കു നേരെയും അക്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെടുകയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കലാപം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. തുടര്‍ന്നാണ് ഏര്‍പ്പെടുത്തിയ കര്‍ഫ്യു തിങ്കളാഴ്ച വരെ നീട്ടിയത്. അക്രമം തുടര്‍ന്നതിനാല്‍ കര്‍ഫ്യു രണ്ട് ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. കര്‍ഫ്യു പിന്‍വലിച്ചതിനു പിന്നാലെ ചിലയിടങ്ങളില്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ സൈന്യത്തെയും സേനയെയും സംഘര്‍ഷ സാധ്യതയുള്ള പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 33 പേരെ കലാപവുമായി ബന്ധപ്പെട്ട് റിമാന്റിലായതായി പൊലീസ് വ്യക്തമാക്കി. 60 തോളം പേരെ അറസ്റ്റ് ചെയ്തു. കൊളംബോക്ക് വടക്ക് ഭാഗത്തുള്ള മൂന്ന് ജില്ലകളിലാണ് സ്ഥിതിഗതികള്‍ ഏറ്റവും വഷളായിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മുസ്‌ലിം തീവ്രവാദ സംഘടന കൊളംബോയിലേയും ബാട്ടിക്കലോവയിലേയും ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടത്തിയ സ്‌ഫോടന പരമ്പരയില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്‌ലിം സമുദായക്കാര്‍ക്ക് നേരെ വലിയ തോതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു. പലരും വീട് വിട്ട് പലായനം ചെയ്യുന്ന അവസ്ഥയുണ്ടായി.

web desk 1: