X

‘കൊടിഞ്ഞിയിലെ ഫൈസല്‍ കൊലപാതകത്തെ അപലപിക്കാത്ത കുമ്മനം കൊലപാതക രാഷ്ട്രീയത്തിനെതിരാണെന്നോ’?; വിശ്വഭദ്രാനന്ദ ശക്തിബോധി

ബി.ജെ.പിക്കെതിരെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. കൊലപാതകരാഷ്ട്രീയത്തില്‍ ബി.ജെപി ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്ന് ശക്തിബോധി പറഞ്ഞു. കൊലപാതക രാഷട്രീയത്തെ ഇപ്പോള്‍ അപലപിക്കുന്നവര്‍ മതംമാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ മിണ്ടിയില്ലെന്നും സ്വാമി പറഞ്ഞു. ഫേസ്ബുക്കിലാണ് കുമ്മനത്തിനെതിരെയും ബി.ജെ.പിക്കെതിരേയും വിമര്‍ശനമായി സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനായ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ അപലപിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍ രംഗത്തെത്തി. സി.പി.എമ്മിന്റെ ചോരക്കളി നിര്‍ത്തണമെന്നായിരുന്നു കുമ്മനത്തിന്റെ പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ ശക്തമായി വിമര്‍ശിച്ചും പരിഹസിച്ചും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി രംഗത്തെത്തി.

ദാദ്രിയില്‍ മുഹമ്മദ് അഖാലാഖിനെ ബീഫ് കഴിച്ചുവെന്നാരോപിച്ച് കൊന്നപ്പോള്‍ മിണ്ടാതിരുന്ന കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സിപിഎം ചോരക്കളി നിര്‍ത്തണമെന്ന് പറഞ്ഞു രംഗത്തുവരുന്നത് കാണുമ്പോള്‍ രാവണന്‍ കുംഭകര്‍ണ്ണനെ കൊന്ന ശ്രീരാമനോട് അഹിംസോപദേശം നടത്തിയതു കണ്ടാല്‍ തോന്നുന്ന അവജ്ഞയാണ് തോന്നുന്നതെന്ന്് ശക്തിബോധി പറയുന്നു. ഫൈസലിനെ കൊന്നപ്പോള്‍ പ്രതികരിക്കാത്ത കുമ്മനം കൊലപാതക രാഷ്ട്രീയത്തിനെതിരാണെന്ന് കരുതുന്നത് മദ്യവ്യാപാരിയായ വിജയ് മല്യ മദ്യപാനത്തിനെതിരാണെന്ന് കരുതുന്ന മണ്ടന്‍മാര്‍ക്കേ മുഖവിലക്കെടുക്കാവൂ എന്നും അദ്ദേഹം പരിഹസിക്കുന്നു.

‘ആരും ആരേയും കൊല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനവും മതപ്രവര്‍ത്തനവും നടപ്പാക്കുന്ന ഒരു ഇന്ത്യയുണ്ടാവാന്‍ നാം ഗാന്ധിഘാതകനു അമ്പലം പണിയുന്നവരെ യു.എ.പി.എ ചുമത്തി തുറുങ്കിലടക്കുന്നതിനു ചങ്കൂറ്റമുളള ഒരു സര്‍ക്കാറിനെ ഉണ്ടാക്കാവുന്ന പ്രബുദ്ധത നേടേണ്ടിയിരിക്കുന്നു.’ എന്ന് പറഞ്ഞാണ് സ്വാമിയുടെ പോസ്റ്റ് അവസാനിക്കുന്നത്. നേരത്തേയും ബി.ജെ.പിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട് ഇദ്ദേഹം.

chandrika: