ഷുക്കൂർ !അവന്റെ നിഷ്കളങ്കമുഖം ഒരു നെരിപ്പോടായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഉറക്കം പോലും സഹായത്തിനെത്താത്ത ദിനരാത്രങ്ങളൊരുപാട് കടന്നു പോയിട്ടുണ്ട് പലപ്പോഴും. പറക്കമുറ്റാത്ത ഘട്ടത്തിൽ മരണത്തിന്റെ ബീഭത്സമായ മുഖം മുന്നിൽ കണ്ട് മനുഷ്യ മാംസം തിന്നുന്ന ഹിംസ്ര മൃ ഗങ്ങൾക്കിടയിൽ നിസ്സഹായനായി..
ഒരു പക്ഷേ കേരളത്തിലെ രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങളിൽ ഏറ്റവും നമ്മെ സ്തബ്ധമാക്കേണ്ടിയിരുന്ന, എല്ലാ ചർച്ചകളും കേന്ദ്രീകരിക്കേണ്ടിയിരുന്ന സമാനതകളില്ലാത്ത കൊലപാതകമത്രെ ഷുക്കൂർ വധം. പക്ഷേ എന്ത് കൊണ്ട് മറ്റ് കൊലപാതകങ്ങളെ പോലെ ശുക്കൂർ വധം കേരളീയ സമൂഹം വേണ്ടത്ര ചർച്ച ചെയ്തില്ല എന്നത് ഒരു പ്രഹേളികയായി നില നിൽക്കുന്നു.എന്തന്നാൽ, ശുക്കൂറിന് വേണ്ടി വിപ്ലവ കാവ്യങ്ങളെഴുതാൻ കൂലിയെഴുത്തകാരില്ല എന്നതാണ്. ലോകത്ത് തന്നെ സമാനതയില്ലാത്ത രീതിയിൽ, ലാറ്റിനമേരിക്കയിലെ ബ്രൗൺഷുഗർ കാർട്ടലുകളെ പോലും പിറകിലാക്കുന്ന തരത്തിൽ ബാല്യം വിട്ടൊഴിയാത്ത ഒരു കുട്ടിയെ മണിക്കൂറുകളോളം ആസ്വദിച്ചാനന്ദിച്ച് കൊല ചെയ്ത സൈക്കോ ക്രിമിനലുകൾ ഈ വിപ്ലവ സിങ്കങ്ങളാണ് എന്നതാണ് കാര്യം.
ഇപ്പോൾ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സാംസ്കാരിക നായകന്മാരും എഴുത്തുകാരും, ഫെമിനിസ്റ്റുകളും ഷുക്കൂർ വധത്തിന്റെ വിവിധങ്ങളായ മാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകുമോ എന്നതാണ് ചോദ്യം.അമ്പലങ്ങളിലും പള്ളികളിലും സിനഗോഗുകളിലും നവോത്ഥാനമുണ്ടാക്കുന്ന തിരക്കിൽ വിസ്മരിച്ചു പോകരുത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച്.എല്ലാ സർഗാത്മകതയും ആ അവകാശത്തിനകത്താണ് വരുന്നത്.ഏറ്റവും വലിയ സർഗാത്മകത ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമാണ്. അതിന്റെ വന്യമായ നിഷേധമാണ് ശുക്കൂറെന്ന ബാലന്റെ കാര്യത്തിൽ സാംസ്കാരിക കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. പുരോഗമനത്തിന്റെ പേറ്റന്റ് നെറ്റിയിലൊട്ടിച്ചു വെച്ച ,സി പി എം പാർട്ടിയുടെ ജയരാജനെ പോലെയുള്ള ക്രിമിനലുകളാൽ നടത്തപ്പെടുന്ന ഇത്തരം ക്രൂരതകളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ പുരോഗമനം ഒലിച്ചുപോകുമെന്ന കണക്കെ നിങ്ങളുണ്ടാക്കുന്ന സെലക്ടീവ് നവോത്ഥാനവും പുരോഗമനവും ഫെമിനിസവുമൊക്കെ ആർക്കു വേണ്ടിയുള്ളതാണ്. നിഷ്പക്ഷ മാധ്യമങ്ങളെങ്കിലും ഈ ഘട്ടത്തിൽ ഇനിയൊരു ശുക്കൂർ കണ്ണൂരിന്റെ മണ്ണിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ ജാഗ്രത പുലർത്തേണ്ട ഘട്ടം ഇതിൽപ്പരം മറ്റൊന്നില്ല.
രാഷ്ട്രീയ പാർട്ടികളൊക്കെയും വിശുദ്ധരാണെന്ന വാദമൊന്നും ആർക്കുമില്ല. പക്ഷേ അത്യന്തം പ്ലാന്റ്ഡ് ആയി പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് സ്ട്രെക്ച്ചർ തയ്യാറാക്കി ആളെ കൊല്ലുന്ന രണ്ട് പാർട്ടികൾ കേരളത്തിൽ സി പി എം ഉം ബി ജെ പിയുമാണ്.ഈ ഗണത്തിലെ ഏറ്റവും പ്രാകൃതമായ ശുക്കൂർ വധത്തെയാണ് ഡിവൈഎഫ്ഐ നേതാവ് എ എൻ ശംസീർ ആൾക്കൂട്ടത്തിന്റെ വൈകാരിക പ്രകടനമാക്കി ന്യായീകരിച്ചത്. ഇത് തന്നെയാണ് നോർത്തിന്ത്യയിൽ ആദിത്യ യോഗിയും സാക്ഷി മഹാരാജുമൊക്കെ പറയുന്നത്.2019 ൽ അത്ഭുതകരമാംവണ്ണം അതേറ്റു പറയാൻ നവോത്ഥാനത്തിന്റെ മിശിഹ പിണറായി ഭരിക്കുന്ന കേരളത്തിൽ അയാളുടെ പ്രിയപ്പെട്ട ശിഷ്യൻ ഉണ്ടാവുന്നു എന്നത് നവോത്ഥാനത്തിന്റെ പുരോഗതിയെ തന്നെയാണ് കാണിക്കുന്നത്.
ഇനിയുമൊരു ശുക്കൂർ, കണ്ണൂരിന്റെ മണ്ണിലുണ്ടാവരുതെന്ന നമ്മളെടുത്ത പ്രതിജ്ഞയുടെ പ്രതിഫലനമാണ് ഷുക്കൂർ വധക്കേസ്സിലെ ഇപ്പോഴത്തെ വഴിത്തിരിവ് എന്നറിയുന്നതിൽ സന്തോഷമുണ്ട്. ഇനി വരാനിരിക്കുന്ന ഒരു മനുഷ്യ കുഞ്ഞിന് പോലും ഇത്തരം പ്രാകൃതമായ ഹത്യ ഏറ്റു വാങ്ങേണ്ട ഒരു നിർഭാഗ്യം ഉണ്ടാവരുത്. കൊന്നവരെ മാത്രമല്ല, തിരശ്ശീലക്ക് പിന്നിൽ വിരുദ്ധാശയങ്ങളുടെ എത്തിനിക് ക്ലീൻൻസിംഗിംന് ഉത്തരവിടുന്ന യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാതെ ഈ പോരാട്ടം പൂർണ്ണമാവില്ലെന്ന് ഞാൻ പേർത്തും പേർത്തും പറയുന്നതിന്റെ മർമ്മമാണിത്.
ആ ഒരു ദൗത്യമാണ് കണ്ണൂരിന്റെ മണ്ണിൽ ഏറ്റെടുക്കാൻ ശ്രമിച്ചത്. അതുകൊണ്ടാണ് നിയമ സംവിധാനത്തിന്റെ സാന്നിദ്ധ്യം പോലും നെഞ്ചുവേദനയുണ്ടാക്കുന്ന ഭീരുക്കളായ കുറ്റവാളികൾ പല പണികളും നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷേ ജീവനുള്ള കാലത്തോളം പിൻ വാങ്ങുക എന്നത് അസ്സാധ്യമാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇനിയൊരു മക്കളെ നഷ്ടപ്പെട്ട ശുക്കൂറിന്റെ ഉമ്മമാർ ഉണ്ടാവരുതെന്ന പ്രതിജ്ഞ അള്ളാഹുവിനെ മുൻനിർത്തി കൊണ്ടുള്ളതാണ്.അത് വിജയിക്കുന്നത് വരെ പോരാടുക തന്നെ ചെയ്യും. സി പി എമ്മിന്റെ പ്രതികാര നടപടികളെ ഭയപ്പെട്ട് പിന്മാറുന്ന പ്രശ്നമില്ല.കേസ്സിന്റെ ഇനിയുള്ള മുന്നോട്ടു പോക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്.തലശ്ശേരിയിൽ കേസ്സ് കേൾക്കണമെന്ന് പറയുന്നത് അപകടകരമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീന മേഖലയിൽ കേസ്സ് കേൾക്കുക എന്ന് പറയുന്നത് സാക്ഷികളെയടക്കം മൊഴി മാറ്റാനുള്ള അവസരമാണ് സി പി എമ്മിന് നൽകുക. അതു കൊണ്ടാണ് സി പി എം ആ വാദം ഉന്നയിക്കുന്നത്. ഹൈക്കോടതിയിലേക്ക് കേസ്സ് പോകുന്നതോടെ ഒരു കടമ്പ കടക്കുന്നു. പിന്നെയുള്ളത് സാക്ഷികളാണ്. കേരളത്തിലെ മീഡിയകളും പൊതുസമൂഹവും എത്രമാത്രം ഉയർന്നാണോ ഈ കേസ്സിന്റെ ഫോളോ അപ്പ് നടത്തുന്നത് എന്ന് തെളിയിക്കപ്പെടേണ്ടത് സാക്ഷികൾക്ക് നാം നൽകുന്ന പരിരക്ഷയും കേസ്ലിന്റെ തുടർ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്ന ജാഗ്രതയെയും അപേക്ഷിച്ചാണ്.ഷുക്കൂർ കേസ്സിന്റെ ഇതുവരെയുള്ള തുടർച്ചയിൽ പിന്തുണ അറിയിച്ചവരും പൊതുസമൂഹവും മാധ്യമങ്ങളും(എല്ലാവരും അംബാനി ചാനൽ അല്ലെന്ന കൃത്യമായ ബോധ്യമുണ്ട്.)
ഇക്കാര്യത്തിൽ അങ്ങേയറ്റം ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ കേസ്സ് പൂർണ്ണാർത്ഥത്തിൽ വിജയം വരിക്കുകയുള്ളൂ.
അതത് പ്രദേശത്തെ എല്ലാ വംശീയതയിൽ പൊതിഞ്ഞ അതിദേശീയതകളെയും സ്വാംശീകരിച്ചതാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകളുടെ ട്രാക്ക്.ബോസ്നിയയിലെ മുസ്ലിം കൂട്ടക്കൊല സെർബ് അതിദേശീയതയുടെ വാഗ്ദാക്കളായ കമ്മ്യൂണിസ്റ്റുകാരുടേതായിരുന്നു. സാർവ്വദേശീയതയും ഇക്വാലിറ്റേറിയൻ കാല്പനികതയുമൊക്കെ പാടി നടക്കുന്ന ഭൂരിഭാഗം കമ്യൂണിസ്റ്റുകളും വംശീയ വെറിയുടെ മൂർത്തരൂപങ്ങളാണെന്ന് ബോസ്നിയ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാവട്ടെ, ഹാൻ വംശീയതയുടെ ഒരു സംഘടിത രൂപമാണ്.ഉയിഗൂർ മുസ്ലിം ഗളടക്കമുള്ള മുസ്ലിം സമൂഹത്തോട് ചൈനീസ് ഭരണകൂടത്തിന്റെ സമീപനം അറിയാം നമുക്ക്. ലങ്കയിൽ സിംഹള വംശീയതയെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ട്. ഇന്ത്യയിൽ ബ്രാഹ്മണ മാർക്സിസം എന്ന് അംബേദ്ക്കർ വിശേഷിപ്പിച്ച, മനസ്സിനകത്ത് വംശീയതയുടെ വികൃതമായ വെറി പേറുന്ന കമ്മ്യൂണിസ്റ്റ് കരാചിച്ചുമാരെ കുറിച്ച് സി എച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ കേരള കരാചിച്ചുമാരെ നിയമത്തിന്റെ ശക്തമായ മറ്റൊരു ന്യൂറംബർഗ് ട്രയലിലൂടെ, നമുക്ക് വിചാരണ ചെയ്യേണ്ടതുണ്ട്. ലോകമാകമാനം ഫാഷിസം മുന്നോട്ട് വെക്കുന്ന പ്രാകൃത രാഷട്രീയം പടിയിറങ്ങുന്നതിന്റെ കേളി നാദം ഉയർന്നു കേൾക്കുകയാണ്.ഇന്ത്യയിലും കേരളത്തിലും അത് സാധ്യമാവുകയും നീതി വിജയിക്കുകയും ചെയ്യേണ്ടത് സാമൂഹികമായ സഹജീവനത്തിന് അത്യന്താപേക്ഷിതമാണ്.