തിരൂര്‍ പടിഞ്ഞാറേക്കരയില്‍ യുവാവ് കൊല്ലപ്പെട്ടത് വളര്‍ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളി കൊമ്പന്‍തറയില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ സാലിഹ് (30) ആണു കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ പടിഞ്ഞാറേക്കര കുട്ട്യാലിക്കടവത്ത് ആഷിഖ് (30) അറസ്റ്റിലായിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാലിഹും ചികിത്സയിലുള്ള റഷീദും നൗഷീദും ആഷിഖിന്റെ വളര്‍ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചിരുന്നു. മൂന്നു പേരും ചേര്‍ന്ന് പടിഞ്ഞാറേക്കരയിലുള്ള ആഷിഖിന്റെ കടയില്‍ കയറിയിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെ റഷീദിന്റെ നേതൃത്വത്തില്‍ മൂന്നുപേരും ചേര്‍ന്ന് ആഷിഖിനെ മര്‍ദിച്ചു. റഷീദ് താക്കോല്‍ ഉപയോഗിച്ച് ആഷിഖിന്റെ നെറ്റിയില്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയും നായയെ കെട്ടിയ ചങ്ങല ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
പരിക്കേറ്റ ആഷിഖ് വീട്ടിലെത്തി. ഇതോടെ ആഷിഖിന്റെ പിതാവും സഹോദരന്മാരും ഇരുമ്പുവടിയുമായി റഷീദിന്റെ വീട്ടിലേക്കു തിരിച്ചു. എന്നാല്‍ റഷീദിനെ കാണാതിരുന്നതോടെ റോഡിലേക്കിറങ്ങി. ഈ സമയം കാറില്‍ വരികയായിരുന്നു 3 പേരെയും തടഞ്ഞു നിര്‍ത്തി ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ സാലിഹ് ഓടുകയും മറ്റു 2 പേര്‍ നിലത്തുവീഴുകയും ചെയ്തു. നിലത്തു വീണവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രി ഒന്നരയോടെ ആഷിഖും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഓടിരക്ഷപ്പെടുന്നതിനിടെ കാലിലെ മുറിവിലൂടെ രക്തം വാര്‍ന്ന് സാലിഹ് മരിക്കുകയായിരുന്നു. ആഷിഖിന്റെ പിതാവിനെയും സഹോദരനെയും കണ്ടെത്തിയിട്ടില്ല. സാലിഹും റഷീദും നൗഷീദും ലഹരി ഉപയോഗിക്കുന്നത് ആഷിഖ് രണ്ടാഴ്ച മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രാവിനെ നായയെ വിട്ടു കടിപ്പിച്ചതും കടയില്‍ കയറി മദ്യപിച്ചതുമെന്നാണു നിഗമനം.