ഇപ്പോള്‍ ചര്‍ച്ച നടക്കുന്ന 1.72 കോടി രൂപയേക്കാള്‍ വലിയ തുകകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ ഇതിനകം കൈപ്പറ്റിയെന്ന ഗുരുതര ആരോപണവുമായി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഒറ്റ കമ്പനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വീണയുടെ ജി.എസ്.ടി അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം !ഞെട്ടും. വീണ നികുതി അടച്ചോ എന്നതല്ല പ്രശ്‌നമെന്ന് ആവര്‍ത്തിച്ച കുഴല്‍നാടന്‍, കരിമണല്‍ കമ്പനിയില്‍നിന്ന് അവര്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
”കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തത്? കടലാസ് കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയര്‍ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍, കരിമണല്‍ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍? വീണ ഏതൊക്കെ കമ്പനികളില്‍നിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങള്‍ക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തത്?’ -കുഴല്‍നാടന്‍ ചോദിച്ചു.
തന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്നു പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴല്‍നാടന്‍ ചോദ്യമുയര്‍ത്തി. താനുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സി.പി.എം മറുപടി നല്‍കുന്നില്ലെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്കു മാത്രം കരിമണല്‍ കമ്പനിയില്‍നിന്ന് കോടികള്‍ വന്നതായി മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വീണയുടെ അക്കൗണ്ട് വിവരങ്ങളും ഐജിഎസ്ടി വിശദാംശങ്ങളും പരിശോധിച്ചാല്‍ സത്യമറിയാം. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
”വീണ നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകള്‍ അറിഞ്ഞാല്‍ കേരളം ഞെട്ടും. ഈ കൊള്ള ചര്‍ച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കമ്പനിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തില്‍ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത്?’ – കുഴല്‍നാടന്‍ ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടു ദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക്, തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്നു വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
സിഎംആര്‍എല്ലില്‍നിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകള്‍ വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ. ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴല്‍നാടന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് കുഴല്‍നാടന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, വീണ ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാല്‍ മാപ്പു പറയുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.