കെപി ജലീല്‍
2018ലെ മഹാപ്രളയം കേരളത്തിന്റെ കണ്ണുതുറപ്പിച്ചുവെന്നത് നേരാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ നാമെന്താണിതുവരെ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്? പ്രതിവര്‍ഷം മൂവായിരംമില്ലിമീറ്റര്‍ മഴകിട്ടുന്ന കേരളത്തിന് 44 പുഴകളാണ് ആകെയുള്ളത്. ഇതില്‍ 41ഉം ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍നിന്നാണ്. പുഴകളെ പരമാവധി വെള്ളംശേഖരിച്ച് കടലിലേക്ക് ഒഴുക്കിവിടുന്നതിന് പര്യാപ്തമാക്കിയാല്‍ പ്രകൃത്യായുള്ള ഉരുള്‍പൊട്ടലുണ്ടായാലും വെള്ളപ്പൊക്കവും തന്മൂലമുള്ള മനുഷ്യ-സ്വത്തുനാശവും ഇല്ലാതാക്കാം എന്നതിന്റെ അടിസ്ഥാനത്തില്‍ പുഴകളുടെ വീതിയും ആഴവും വര്‍ധിപ്പിക്കാനാണ് 2018ല്‍ ലക്ഷ്യമിട്ടത്. ചതുപ്പുനിലങ്ങള്‍ കോണ്‍ക്രീറ്റ് കാടായതും പ്രതിസന്ധിസൃഷ്ടിച്ചു. ഇതിനൊരു പരിഹാരമാതൃക യൂറോപ്യന്‍രാജ്യമായ നെതര്‍ലാന്‍ഡ്‌സ് അഥവാ ഡച്ച് ആയിരുന്നു. അവിടെ 1993ലും’95ലും ഉണ്ടായ വെള്ളപ്പൊക്കത്തിനും നിരവധിപേരുടെ മരണത്തിനുംകാരണം നദികളുടെ നീരൊഴുക്ക് തടസ്സപ്പെട്ടതാണെന്ന ്കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് ‘റൂം ഫോര്‍ ദ റിവര്‍’ അഥവാ ‘നദിക്ക് ഇടമൊരുക്കുക’ പദ്ധതി. 2007ലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. 36000 ചതുരശ്രകിലോമീറ്ററിലായി ഒന്നരകോടിയാളുകളാണ് ആ രാജ്യത്ത് വസിക്കുന്നത്.
റെയിന്‍, മിയൂസ്, ഷെല്‍റ്റ് എന്നീ നദികളാണ് ഇവിടുത്തെ ജലനിര്‍ഗമനഉപാധികള്‍. ഇതുവഴി പരമ്പരാഗതമായി വെള്ളപ്പൊക്കഭീഷണിനേരിടുന്ന രാജ്യത്തെ 2.5 ലക്ഷം ആളുകളെ നദീതീരങ്ങളില്‍നിന്ന് ഒഴിപ്പിക്കാന്‍ ആരാജ്യത്തിന് കഴിഞ്ഞു; പത്തുലക്ഷം മൃഗസമ്പത്തിനെയും. ഈപദ്ധതിയെക്കുറിച്ചറിഞ്ഞാണ് മുഖ്യമന്ത്രി പിണറായിവിജയന്‍ 2019ല്‍ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിക്കുകയും പദ്ധതി അനുകരിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ തീരുമാനിക്കുകയുംചെയ്തത്. പക്ഷേ മുഖ്യമന്ത്രിയുടെപിന്നാലെ ഹസ്‌കോണിംഗ് എന്ന സ്വകാര്യകമ്പനിക്കാര്‍ കൂടി. അന്നത്തെ ജലവിഭവസെക്രട്ടറി ബിശ്വാസ് മേത്തയുടെ നിര്‍ദേശത്താല്‍ ഹസ്‌കോണിംഗിനെ കണ്‍സള്‍ട്ടന്‍സിയായി നിയോഗിച്ചു. റൂംഫോര്‍ പമ്പ, റൂം ഫോര്‍ വേമ്പനാട്ടുകായല്‍ എന്നിവക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍നല്‍കാന്‍തീരുമാനിച്ചത്. 12കമ്പനികള്‍ വന്നതില്‍ ഹസ്‌കോണിംഗിനെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍പ്രത്യേകതാല്‍പര്യം കാട്ടിയത് വിവാദമായി. ഇന്ത്യയില്‍ മുന്‍പരിചയം വേണമെന്ന കേന്ദ്രമാനദണ്ഡം ലംഘിക്കപ്പെട്ടതാണ് കാരണം. ഇതോടെ ഇവരെഒഴിവാക്കി ചെന്നൈ ഐ.ഐ.ടിയെ കണ്‍സള്‍ട്ടന്‍സിയായിനിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ‘റീബില്‍ഡ് കേരള’ എന്ന ഓമനപ്പേരില്‍ ആരംഭിച്ച പ്രളയപ്രതിരോധപരിപാടിയും ഉന്നമിട്ടതിന്റെ പത്തുശതമാനംപോലുമെത്തിയില്ല. മൂന്നുവര്‍ഷത്തിനകം പദ്ധതിപൂര്‍ത്തിയാക്കുമെന്ന ്പറഞ്ഞ മുഖ്യമന്ത്രി ഒക്ടോബര്‍ 16ലെ ഉരുള്‍പൊട്ടലിനും പ്രളയത്തിനുംശേഷം പറയുന്നത് ഇതിനൊക്ക വലിയ സമയമെടുക്കുമെന്നാണ്. ഇതിന് മറുപടി സര്‍ക്കാരുകളുടെ നവകേരളമിഷന്‍ കോഓഡിനേറ്ററും ഇടതുസഹയാത്രികനുമായിരുന്ന ചെറിയാന്‍ഫിലിപ്പ് 19ന് തുറന്നുപറഞ്ഞു. ‘നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്.ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്രശ്രദ്ധിക്കാതെ ദുരന്തംവന്നതിന് ശേഷം ദുരിതാശ്വാസക്യാമ്പില്‍ കണ്ണീര്‍പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. നെതര്‍ലാന്‍ഡ്‌സ് പദ്ധതിയെക്കുറിച്ച് അവിടെപോയി പഠിച്ചു. തുടര്‍നടപടികളെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല. ‘ ഇതേക്കുറിച്ച് രണ്ടാംദിവസം മുഖ്യമന്ത്രിപ്രതികരിച്ചത് എവിടെയും തൊടാതെയാണ്. പക്ഷേ നദികളിലെ മണല്‍വാരുന്നതിന് മന്ത്രിസഭ ജില്ലാഭരണകൂടങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം ഡാമുകളിലെ സില്‍റ്റ്കൂടി നീക്കിയാലേ പരമാവധി വെള്ളം സംഭരിക്കാന്‍ അവയ്ക്ക് കഴിയൂ. അതേക്കുറിച്ച് സര്‍ക്കാരിന് ഒന്നുംപറയാനില്ല. ഫലത്തില്‍ സര്‍ക്കാരിന്റെ റൂംഫോര്‍ ദ റിവര്‍ പദ്ധതി ഇപ്പോള്‍ വീട്ടുമുറികളില്‍ വെള്ളംകയറുന്ന റിവര്‍ഫോര്‍ ദ റൂം പദ്ധതിയായി പരിണമിച്ചിരിക്കുന്നു!
ദുരന്തനിവാരണം മാത്രമല്ല. ദുരിതാശ്വാസവും വലിയ കടമ്പയാണ്. പുത്തുമലയിലെയും കവളപ്പാറയിലെയും പെട്ടിമുടിയിലെയും ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ടവര്‍ക്ക് ഇനിയും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല.നഷ്ടപരിഹാരം കിട്ടാത്തവര്‍ ഇപ്പോഴും വീണ്ടുമൊരു ദുരന്തത്തിന് കാതോര്‍ത്തുനില്‍ക്കുന്നു. രണ്ടാംവര്‍ഷവും കവളപ്പാറയിലെ കോളനിനിവാസികള്‍ പോത്തുകല്ലിലെ സ്വകാര്യഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ കഴിയുകയാണ്. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ ധനസഹായം നല്‍കുമെന്ന ്പറഞ്ഞിട്ടും മുന്‍മുഖ്യമന്ത്രി അച്യുതാനന്ദന്റെ ബന്ധുവായ വയോധികക്ക്് പോലും വില്ലേജോഫീസുകള്‍ നിരവധിതവണ കയറിയിറങ്ങേണ്ടിവന്നു. റീബില്‍ഡ് കേരളയില്‍നിശ്ചയിച്ച 7803.95 കോടിയില്‍ ആകെ ചെലവിട്ടത് 627.87കോടിമാത്രമാണ്. ലോകബാങ്ക് വായ്പയെടുത്ത് ശമ്പളംകൊടുക്കുകയും പ്രളയദുരിതാശ്വാസഫണ്ടിലേക്ക് ലഭിച്ച 4765.27 കോടിയില്‍ ചെലവിട്ടത് അതിന്റെപകുതിമാത്രവും2630.68 കോടി. ജനങ്ങളില്‍നിന്ന് ജി.എസ്.ടിക്ക് പുറമെ മൂന്നുവര്‍ഷമായി പിരിച്ചെടുത്ത 1000ത്തിലധികം രൂപയുടെ പ്രളയസെസ്സും എവിടെപോയെന്ന് ആര്‍ക്കുമറിയില്ല. വ്യാപാരികളില്‍നിന്ന് ഇത് പൂര്‍ണമായും ഖജനാവിലെത്തിയില്ലെന്നാണ് കേള്‍ക്കുന്നത്. 2014ലാണ് കേരളത്തില്‍ കേന്ദ്രനിയമമനുസരിച്ച് പ്രത്യേകമായി പരിസ്ഥിതി-കാലാവസ്ഥാവ്യതിയാനവകുപ്പ് ആരംഭിക്കുന്നത്. ഇതിനുകീഴില്‍ കാലാവസ്ഥാവ്യതിയാനത്തിനായി ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദേശമുണ്ടായി. 2016ല്‍മാത്രമാണ് വകുപ്പിന് സ്ഥിരം ഡയറക്ടറുണ്ടായത്.അതിനുശേഷം നിരവധിഉദ്യോഗസ്ഥര്‍ വന്നുപോയി. മിക്കവര്‍ക്കും ഭാഗികചുമതലയായിരുന്നു. ഇനി അടുത്തവര്‍ഷമോ മറ്റോ ആക്ഷന്‍പ്ലാന്‍ ഉണ്ടാകുമെന്നാണ് നിലവിലെ ഡയറക്ടര്‍ സുനീല്‍പാമിദി പറയുന്നത്.
ദുരന്തങ്ങളും മുന്നറിയിപ്പുകളും അധികാരികളെ ഒന്നും പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, വന്നാല്‍ വന്നോട്ടെ എന്ന മട്ടാണ് സര്‍ക്കാരിനിപ്പോള്‍. ഉത്തര്‍ഖണ്ഡിലും ഒഡീഷയിലും പതിവായി വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രിയും മറ്റും കേരളത്തിന്റെ കാര്യത്തില്‍ തിരിഞ്ഞുനോക്കുന്നില്ല. നാലുലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയ 2018ലെ മഹാപ്രളയത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് വെറും 100 കോടിരൂപയും! വിദേശത്തുനിന്ന് ധനസഹായംലഭിക്കുന്നതിന് കേന്ദ്രം ഉടക്കിടുകയുംചെയ്തു. കേരളസര്‍ക്കാരാകട്ടെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടകയിനത്തിലും മറ്റുമായി കോടികള്‍ ഇതില്‍നിന്ന് ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുന്നു. ഉരുള്‍പൊട്ടലിന് കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ക്വാറികള്‍ അതീവപരിസ്്ഥിതിലോലമേഖലകളിലുള്‍പ്പെടെ തുടര്‍ന്നും അനുവദിക്കുന്നതിനായി ഭൂമികണ്ടെത്താന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് പിണറായിസര്‍ക്കാര്‍. പ്രളയദുരന്തങ്ങള്‍ കൊണ്ട് സന്തോഷിക്കുന്ന വിഭാഗമുണ്ട്. അതാരാണെന്ന് മേല്‍കണക്കുകള്‍ പറയും. ദുരന്തം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കറവപ്പശുവാകുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ദുരന്തം പ്രതിപക്ഷം പറയുന്നതുപോലെ ദുരന്തനിവാരണ വകുപ്പോ അതോ, ഭരണാധികാരികള്‍തന്നെയോ?