തിരുവനന്തപുരം: കാരുണ്യ പദ്ധതി ഇടതു സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് സഹായഹസ്തം നല്‍കിയ പദ്ധതി നിര്‍ത്തലാക്കുന്നത്. കാരുണ്യ പദ്ധതിക്ക് പുറമെ സുകൃതം പദ്ധതിയും നിര്‍ത്തലാക്കും. കാരുണ്യലോട്ടറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ഭൂരഹിതരും പാര്‍പ്പിട രഹിതരുമായവര്‍ക്കായി തുടങ്ങാനിരുന്ന സൗജന്യ ഭവനപദ്ധതിയും ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താല്‍ക്കാലിക താമസത്തിന് മെഡിക്കല്‍ കോളജുകളില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന കാരുണ്യ വീടുകളും ഇനിയുണ്ടാകില്ല. 900 കോടിയോളം രൂപ കുടിശ്ശിക വരുത്തിയാണ് ഇടതുസര്‍ക്കാര്‍ പദ്ധതിക്ക് മരണക്കെണിയൊരുക്കിയത്. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയുമാണ് കുടിശ്ശിക വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഇതു മറച്ചുവെച്ച് സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതി നടപ്പാക്കുന്നതിനാലാണ് കാരുണ്യം പദ്ധതി നിര്‍ത്തലാക്കുന്നതെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കാരുണ്യയിലൂടെ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സഹായം ലഭിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയിലേറെ സഹായമായി നല്‍കി. ധനമന്ത്രി കെ.എം മാണിയുടെ പ്രത്യേക താല്‍പര്യവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ പിന്തുണയോടെയും നടപ്പാക്കിയ കാരുണ്യ ചികിത്സാ സഹായ പദ്ധതി സര്‍ക്കാറിന് യാതൊരു ബാധ്യതയും ഉണ്ടാക്കുന്നതല്ല.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാരുണ്യ സമാശ്വാസ പദ്ധതി നിലച്ച സ്ഥിതിയിലാണ്. രോഗികള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതായും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കാരുണ്യപദ്ധതിയുടെ ഫണ്ട് ധനവകുപ്പ് മറ്റു കാര്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിച്ചതാണ് പദ്ധതിക്ക് മരണമണിയായത്.
കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗങ്ങള്‍ക്കാണ് കാരുണ്യ ഫണ്ട് വഴി ചികിത്സാസഹായം അനുവദിക്കുന്നത്. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും എസ്റ്റിമേറ്റും ലഭ്യമാക്കിയാല്‍ മൂന്നോ നാലോ ദിവസംകൊണ്ട് ആസ്പത്രികള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതായിരുന്നു പദ്ധതി. എ.പി.എല്‍. ബി.പി.എല്‍ വ്യത്യാസമില്ലാതെ ലോട്ടറി ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ കൊടുത്താല്‍ അവരുടെ ശിപാര്‍ശ പ്രകാരം എല്ലാ അപേക്ഷകര്‍ക്കും മുന്നു ലക്ഷം രൂപ വരെയും പ്രത്യേക കേസില്‍ അതില്‍ കൂടുതലും സഹായം നല്‍കിയിരുന്നു.
ആരോഗ്യ-ലോട്ടറി വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ധനവകുപ്പിന്റെ അനാവശ്യ നിയന്ത്രണവും തിരിച്ചടിയായി. ആരോഗ്യവകുപ്പ് തുക വിനിയോഗിക്കുന്നതു നിരീക്ഷിക്കാനോ, നിയന്ത്രിക്കാനോ ഭാഗ്യക്കുറി വകുപ്പിനു സാധിക്കില്ല. കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നു വിവിധ സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ക്കു കഴിഞ്ഞ മാസം വരെ 850 കോടി രൂപയിലധികമാണ്
നല്‍കാനുള്ളത്. ആയിരത്തോളം അപേക്ഷകളില്‍ ഫണ്ട് പാസാക്കിയെങ്കിലും തുക കൈമാറാന്‍ കഴിഞ്ഞിട്ടില്ല. 48 സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് ഇതുവരെ 882.76 കോടി രൂപ നല്‍കിയതില്‍ 625 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റും ലഭ്യമാകാനുണ്ട്. ചികില്‍സക്ക് ശേഷം വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി, ശേഷിച്ച തുക ആസ്പത്രികള്‍ തിരിച്ചടയ്ക്കണം. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് 180 കോടി രൂപ നല്‍കിയതില്‍ 140 കോടി രൂപയുടെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.