X

പ്രളയാനന്തരമാലിന്യം: കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുളള മാലിന്യക്കൂമ്പാരം കേരളത്തെ മറ്റൊരു മിനി ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി. സാധാരണമായി നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ഇല്ലാത്തത് കാരണമാണ് ഇത് സംഭവിക്കുന്നത്.

ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്. അഞ്ഞൂറ് കോടി രൂപ ഉപയോഗിച്ചാലും മാലിന്യ നിര്‍മ്മാര്‍ജ്ജനം നന്നായി ചെയ്യാന്‍ പറ്റില്ല. കേരളത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ പോലും അറിവുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഇല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സഹായം തേടണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അന്താരാഷ്ട്ര രംഗത്ത് ദുരന്തകാല മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്വീകരിക്കുന്ന രീതികളും ഈ മേഖലയില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള തുമ്മാരുകുടി സംസ്ഥാന സര്‍ക്കാറിന് മുമ്പാകെ വെച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങള്‍ എത്ര അളവില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക. ഇത് രണ്ടും വെള്ളമിറങ്ങി അടുത്ത ഇരുപത്തി നാല് മണിക്കൂറിനകം നടത്തിയിരിക്കണം.

ഏതൊക്കെ തരം മാലിന്യങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിന്റെ ലിസ്റ്റ് ഉണ്ടാക്കുക. ദുരന്തത്തിന് മുന്‍പ് ഉപയോഗപ്രദമായിരുന്ന വസ്തുക്കള്‍ ദുരന്തം കാരണം മലിനമായി തീരുന്നത്. പ്രളയത്തില്‍ നശിക്കുന്ന മരം, വീട്ടുപകരണങ്ങള്‍, പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങള്‍, എമ്പാടും കേറിക്കിടക്കുന്ന ചെളി, മറിഞ്ഞു പോകുന്നതും ചീഞ്ഞുപോകുന്നതും ആയ മരങ്ങള്‍, വാഹനങ്ങള്‍ ഇവയെല്ലാം ദുരന്തകാലത്ത് പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ ആണ്. ദുരിതാശ്വസ ക്യാമ്പുകളില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ പല സാഹചര്യത്തിലും നഗരത്തില്‍ ഉണ്ടായിരുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ദുരന്തം താറുമാറാക്കും.

പതിവിലും ആയിരം മടങ്ങ് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും. ഇത് ഭൗതിക സൗകര്യങ്ങളുടേയും, തൊഴിലാളികളുടേയും കഴിവിനപ്പുറത്ത് ആയിരിക്കും. ഇവ എങ്ങനെ കൈകാര്യം ചെയ്യുന്നതെന്ന് സര്‍ക്കാരിന് വ്യക്തമായ രൂപം അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം ജനങ്ങള്‍ നേരിട്ട് ഏറ്റെടുക്കും. പാലത്തിന്റെ മുകളില്‍ കിടന്നിരുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വീഡിയോ കണ്ടു, ഇനിയുള്ള ദിവസങ്ങളില്‍ മറ്റു പ്രായോഗികമായ സൊല്യൂഷന്‍സ് നല്‍കിയില്ലെങ്കില്‍ തീര്‍ച്ചയായും നാട്ടുകാര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടുപിടിക്കും). വീട്ടില്‍ നിന്നും ഇത്തരത്തില്‍ വേര്‍തിരിച്ചിട്ട വസ്തുക്കള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന്റെ വ്യക്തമായ ഒരു സംവിധാനം വേണം. അത് ഒരാഴ്ചക്കകം സജ്ജമാവുകയും വേണം.

ഓരോ വാര്‍ഡിലും വെറുതെ കിടക്കുന്ന സ്ഥലം കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായി ശേഖരിച്ചു വക്കാനുള്ള സ്ഥലമായി കണ്ടു പിടിക്കണം. കേടായ വാഹങ്ങള്‍, വൈറ്റ് ഗുഡ്‌സ്, ഇ-മാലിന്യങ്ങള്‍ ഒക്കെ നിര്‍മ്മിച്ച കമ്പനികളോട് ഏറ്റെടുത്തു സംസ്‌കരിക്കാന്‍ പറയേണ്ടി വരും. ശേഖരിച്ചു വച്ചിരിക്കുന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി ട്രീറ്റ് ചെയ്യാന്‍ പദ്ധതി ഉണ്ടാക്കണം.പുതിയ കേന്ദ്രങ്ങള്‍ അതിന് വേണ്ടി ഉണ്ടാക്കേണ്ടി വരും. ജപ്പാനില്‍ മൂന്നു വര്‍ഷമാണ് സര്‍ക്കാര്‍ ഇതിന് സമയപരിധി തീരുമാനിച്ചത്, അതിന് വേണ്ട നൂറു ശതമാനം ചിലവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് മുനിസിപ്പാലിറ്റികള്‍ക്കു നല്‍കുകയായിരുന്നു. ഇക്കാര്യങ്ങളില്‍ ഒക്കെ വലിയ ചിലവുണ്ടാകും. ജപ്പാനിലെ സുനാമിക്ക് ശേഷം ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ചിലവ് മാത്രം ഒരു ലക്ഷം കോടി രൂപ ആയിരുന്നെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി.

chandrika: