കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്‌ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല നല്‍കിയതിന് പുറമെ അവശ്യസാധനങ്ങളുടെ കുറവ് മൂലം ക്ലേശം അനുഭവിക്കുന്ന തെക്കന്‍ ജില്ലകള്‍ക്കായി കളമശ്ശേരിയിലും തിരുവനന്തപുരത്തുമായി രണ്ട് മെഗാ കേന്ദ്രങ്ങളും തുറന്നു.
മുസ്്‌ലിംലീഗ് എം.പിമാരും എം.എല്‍.എമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ദുരിത ബാധിത മേഖലകളില്‍ നേതാക്കളോടൊപ്പം രാപകല്‍ സജീവമായി രംഗത്തുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് ജീവിക്കാനാവശ്യമായവ ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പാര്‍ട്ടിയുടെ അതാതു ഘടകങ്ങളിലുള്ളവര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
മുസ്്‌ലിംലീഗ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. മുസ്്‌ലിംലീഗ് സ്വന്തം നിലക്ക് വിഭവ സമാഹരണവും ധന ശേഖരണവും നടത്തി പ്രളയ ബാധിതര്‍ക്ക് ആശ്വാസം പകരും. ബലി പെരുന്നാള്‍ ദിനത്തിലും തുടര്‍ ദിവസങ്ങളിലും ധന ശേഖരണം നടത്താന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചെന്നൈ കേന്ദ്രമായി മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, കെ.എ.എം അബൂബക്കര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം പുരോഗമിക്കുകയാണ്. മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ പ്രളയബാധിത മേഖലയില്‍ രാപകല്‍ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ അഭിനന്ദാര്‍ഹമാണ്. ഇത് അഭംഗുരം തുടരണം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കെ.എം.സി.സി ഉള്‍പ്പെടെയുള്ള പോഷക ഘടകങ്ങള്‍ നല്‍കുന്ന സഹായം വില മതിക്കാനാവാത്തതാണ്.
മലബാറിലെ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ ഏകോപനം കോഴിക്കോട്ടെ സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചാണ് നിര്‍വഹിക്കുന്നത്. സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദിനാണ് ഇതിന്റെ ചുമതല. തെക്കന്‍ ജില്ലകളിലെ മേല്‍നോട്ടത്തിന് കൊച്ചി കളമശ്ശേരിയിലും (വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എക്ക് ചുമതല) തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും അവശ്യവസ്തുക്കള്‍ സ്വീകരിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കും.
വിവിധ ജില്ലകളില്‍ ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നവര്‍:
തിരുവനന്തപുരം (ബീമാപള്ളി റഷീദ്), ആലപ്പുഴ, പത്തനംതിട്ട (കെ.വി അബ്ദുറഹ്്മാന്‍), കോട്ടയം (പി.എച്ച് അബ്ദുസലാം ഹാജി), ഇടുക്കി (പി.എം സലീം), എറണാകുളം (കെ.എസ് ഹംസ), തൃശൂര്‍ (പി.എം സാദിഖലി), പാലക്കാട് (സി.എച്ച് റഷീദ്), മലപ്പുറം (അബ്ദുറഹ്്മാന്‍ രണ്ടത്താണി, അഡ്വ.എന്‍ ഷംസുദ്ദീന്‍), കോഴിക്കോട് (എം.സി മായിന്‍ഹാജി, സി.മോയിന്‍കുട്ടി) വയനാട് (കെ.എം ഷാജി എം.എല്‍.എ, സി.മമ്മുട്ടി എം.എല്‍.എ), കണ്ണൂര്‍ (വി.കെ അബ്ദുല്‍ഖാദര്‍ മൗലവി).
അവശ്യവസ്തുക്കള്‍ കളമശ്ശേരി, തിരുവനന്തപുരം
കേന്ദ്രങ്ങളിലെത്തിക്കുക: കെ.പി.എ മജീദ്
കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളെക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള തിരു-കൊച്ചി ഭാഗത്തേക്ക് അവ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കെ.എം.സി.സി സമാഹരിച്ച വിഭവങ്ങള്‍ മലബാര്‍ മേഖലകളിലേക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള മേഖലകളിലേക്ക് എത്തിക്കണം. മലബാറിലെ ജില്ലകളില്‍ എല്ലാവര്‍ക്കും ഭക്ഷണവും വസത്രവും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ ഭീകര അവസ്ഥയുള്ള ചെങ്ങന്നൂര്‍, ആലപ്പുഴ, എറണാകുളം മേഖലകളിലുളളവര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കാന്‍ കൊച്ചി കളമശേരിയിലും തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും വിപുലമായ കൗണ്ടര്‍ തുറന്നിട്ടുണ്ട്. മുസ്്‌ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും വിഭവങ്ങള്‍ അങ്ങോട്ടെത്തിക്കണം.
അരി, പഞ്ചസാര, ചായപ്പൊടി, ബിസ്‌കറ്റ്, പയര്‍ വര്‍ഗങ്ങള്‍, പുതപ്പ്, ലുങ്കി, ടീ ഷര്‍ട്ട്, മാക്‌സി, ഷാള്‍, അടി വസ്്ത്രങ്ങള്‍, സോപ്പ്, പായ തുടങ്ങിയവയാണ് അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ ബാധിതമായി ഒറ്റപ്പെട്ട ഇടങ്ങളിലും എത്തിക്കേണ്ടത്. പ്രളയം മൂലം ജോലിക്ക് പോകാതെ പട്ടിണിയിലാവാന്‍ സാധ്യതയുള്ള വീടുകളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.