Connect with us

kerala

2000 കോടി കൂടി കടം വാങ്ങും; കൂപ്പുകുത്തി കേരളം

സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,50,000 കോടിയാവും

Published

on

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ 2000 കോടി കൂടി കടമെടുക്കുന്നു. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ഫ്രാന്‍സിലെ ബാങ്കില്‍ നിന്ന് 800 കോടി വായ്പയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണിത്. ഈ ബാധ്യതയും നിലവിലെ വായ്പകളുടെ പലിശഭാരവും കൂടിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,50,000 കോടിയായി ഉയരും. 2010-11 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇരട്ടിയിലേറെയാണ് കടം വര്‍ധിച്ചത്.

ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് കെ.എന്‍ ബാലഗോപാല്‍ ഇപ്പോ ള്‍ നേരിടുന്നത്. കടമെടുത്താ ല്‍ വീട്ടാന്‍ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേരളം വീണ്ടും കടമെടുക്കുന്നത്. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സമാഹരിക്കുന്ന 2,000 കോടി രൂപയുടെ കടപ്പത്രലേലം ആഗസ്റ്റ് 2ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.

സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതും ധനവകുപ്പില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നര ശതമാനം കണക്കാക്കിയാല്‍ കേരളത്തിന് 32,425 കോടി രൂപയാണ് കടമെടുക്കാവുന്നത്. എന്നാല്‍ ഇത്രയും അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. 28,800 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളമെടുത്ത കടം. പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ പുതിയ നിലപാട്. കിഫ്ബി എടുക്കുന്ന വായ്പയടക്കം സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. വായ്പയെടുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ പിന്നീടുള്ള മാസങ്ങളില്‍ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന ഗുരുതരാവസ്ഥയിലേക്ക് സംസ്ഥാനം കൂപ്പുകുത്തും.

കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായതെന്നാണ് ധനവകുപ്പ് വാദം. മെയ് മാസം 4 തവണകളായി 5,000 കോടി രൂപയും ജൂണില്‍ 2 തവണകളായി 3,000 കോടി രൂപയും കടം എടുത്തിരുന്നു. സാമ്പത്തികഅവലോകന റിപ്പോര്‍ട്ടിലും സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാണെന്നാണ് വ്യക്തമാക്കുന്നത്. 2020-21ല്‍ സംസ്ഥാനത്തിന്റെ കടബാധ്യത 2,96,900 കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ കടവും മൊത്തം ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 2019-20ല്‍ 31.58 ശതമാനമായിരുന്നു. 2020-21ല്‍ ഇത് 37.13 ശതമാനമായി.

കഴിഞ്ഞ മാര്‍ച്ച് മാസം ഒറ്റയടിക്ക് 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി കടം 4,00,000 കോടിയാകും. ആര്‍.ബി.ഐ കണക്ക് അനുസരിച്ച് കേരളം വിപണിയില്‍ നിന്ന് ‘സ്‌റ്റേറ്റ് ഡവലപ്‌മെന്റ് ലോണു’കളായി മാത്രം 1.87 ലക്ഷം കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീര്‍ക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.

kerala

ബി.ജെ. പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ

വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

Published

on

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

സ്നേഹത്തിൻ്റെ കരുതൽ ഇല്ലാതെ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് സന്ദീപ് പറഞ്ഞു. ജനാധിപത്യത്തെ മാനിക്കാത്ത സംഘടനയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു ഞാൻ. കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ബ്ലോക്കുകളായി ജീവിക്കരുത് എന്ന് പറഞ്ഞതിന് എന്നെ ഒരു വർഷം പുറത്തു നിർത്തിയെന്ന് സന്ദീപ് പറഞ്ഞു.ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. സി.പി.എമ്മും ബി.ജെ.പിയും ഡീൽ നടത്തുകയാണ്. വെറുപ്പിൻ്റെ ഫാക്ടറിയിൽ ഇത്രയും കാലം പ്രവർത്തിച്ചതിൽ ജാള്യതയുണ്ട്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

Continue Reading

kerala

ബസ് സ്റ്റാൻഡിൽ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കൾ മാപ്പുപറയിപ്പിച്ചു

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Published

on

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വനിതാ എഎസ്‌ഐയെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത എഎസ്‌ഐ ജമീലയെകൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്‌കൂള്‍ വിട്ട സമയത്ത് ബസ്റ്റാന്‍ഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലീസ് തിരിച്ചു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഭവം.

ബസ്റ്റാന്‍ഡില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതി ഉള്ളതിനാല്‍ പൊലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം നിരീക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളോടാണ് അവിടെ നിന്ന് പോകാന്‍ വനിത എഎസ്‌ഐ ജമീലയും സംഘവും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് യുവാക്കള്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് തീര്‍ത്ത് പറഞ്ഞതോടെ യുവാക്കള്‍ മടങ്ങി. എന്നാല്‍ വീണ്ടും യുവാക്കള്‍ കൂട്ടംകൂടിയതോടെ വനിതാ പൊലീസ് വീണ്ടുമെത്തി സ്ഥലത്തു നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് തങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ ബഹളം വെച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞത്.

സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് താന്‍ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.

Continue Reading

kerala

കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മൂന്നറിയിപ്പ്. സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ തമിഴ്നാടിന് മുകളിലായും ലക്ഷദ്വീപിന് മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 18 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

Continue Reading

Trending