ജാംഷെഡ്പൂര്‍: തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യും എന്ന ഹ്യൂമേട്ടന്‍. രണ്ട് കളികളില്‍ നിന്ന് നാല് ഗോളുകള്‍-മിന്നുന്ന വേഗതയില്‍, പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജത്തില്‍ കുതികുതിക്കുന്ന ഹ്യം എക്‌സ്പ്രസ്…. ആ ഓട്ടത്തെ തടയാനാവുമോ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പ്പൂരിന്…
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബ്ലാസറ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ സറ്റീവ് കോപ്പലിന്റെ ജാംഷെഡ്പൂര്‍ എഫ്.സിയും പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ എത്തുന്ന ബ്ലാസ്‌റ്റേഴ്‌സും ഇന്ന് ജാംഷെഡ്പൂരിലെ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ എറ്റുമുട്ടും.
റെനെ മ്യൂലെന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിനുശേഷം മഞ്ഞപ്പടയുടെ പരിശീലകനായി എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് മത്സരങ്ങളും അവര്‍ ജയിച്ചു. ഇന്ന് ജയിച്ച് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനുള്ള മോഹവുമായാണ് ബ്ലാസറ്റേഴ്‌സ് ഇറങ്ങുന്നത്.
ഫോമിലേക്കു തിരിച്ചു വന്ന ഹ്യൂം എന്ന കാനഡക്കാരന്റെ ഗോളുകളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെതിരെയും മുംബൈ സിറ്റിക്കെതിരെയും കഴിഞ്ഞ മത്സരങ്ങളില്‍ വിജയം നേടിയത്. 2018 ല്‍ ബ്ലാസറ്റേഴ്‌സ് തോറ്റിട്ടില്ല. ജനുവരി നാലിനു പൂനെ സിറ്റിയോട് സമനില നേടിയ മത്സരത്തോടെ ആയിരുന്നു തുടക്കം. അതിനുശേഷം ബ്ലാസറ്റേഴ്‌സ് ആകെ മാറി. ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവാണ് ടീമിനു പുതുജീവന്‍ നല്‍കിയിരിക്കുന്നത്
സ്റ്റീവ് കോപ്പലിനെ പോലും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് ബ്ലാസ്റ്റഴേസ് മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബ്ലാസ്‌റ്റേഴ്‌സ്-ജാംഷെഡ്പൂര്‍ മത്സരത്തില്‍ തീപാറുമെന്നുറപ്പ്. ബ്ലാസ്‌റ്റേഴ്‌സിന്റെ മുംബൈക്കെതിരായ വിവാദ ഗോളിന്റെ പശ്ചാത്തലത്തില്‍ കോപ്പല്‍ റഫറിമാരുടെ നിലവാരത്തെക്കുറിച്ച് വിമര്‍ശനം നടത്തിയിരുന്നു. വിവാദം ഇല്ലാത്ത വിധം മികച്ച നിലവാരമുള്ള റഫറിമാരുടെ തീരുമാനങ്ങള്‍ വന്നാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഫറിമാരുടെ നിലവാരം ഒരിക്കലും മികച്ചതായി തോന്നിയട്ടില്ലെന്ന് കോപ്പല്‍ പറഞ്ഞു. അതിന്റെ തെളിവാണ് ഇതിനകം കാണുവാനായത്. വളരെ വിലപിടിച്ച തീരുമാനങ്ങള്‍ റഫറിമാര്‍ എടുക്കുകയും പിന്നീട് അവ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഞാന്‍ വീഡിയോ റിവ്യു കാണുന്നതിനെ അനുകൂലിക്കുന്നു. നിലവില്‍ ഓരോ മത്സരവും പത്തോളം ക്യാമറകള്‍ ഉപയോഗിച്ചാണ് ഒപ്പിയെടുക്കുന്നത്. എന്തുകൊണ്ട് നമുക്ക്് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നു ? ഇംഗ്ലണ്ടില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ അനുകൂലമായ ഫലം ആണ് ഇവ നല്‍കുന്നതും- കോപ്പല്‍ പറഞ്ഞു.
ഡേവിഡ് ജെയിംസ് പരിശീലകനായി വന്നതോടെ ടീമില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും കോപ്പല്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെതിരെ ഞങ്ങള്‍ മുന്നാഴ്ച മുമ്പ് നടത്തിയ പരിശീലനം അല്ല നാളെ നടക്കുവാന്‍ പോകുന്ന മത്സരത്തിനുവേണ്ടി നടത്തുന്നത്. ഈ ടീമിനെതിരെ ഞങ്ങള്‍ വിജയം ആഗ്രഹിക്കുന്നു. ജാംഷെഡ്പൂര്‍ തോറ്റാല്‍ ആദ്യ നാല് സ്ഥാനക്കാരുമായുള്ള വ്യത്യാസം നാല് പോയിന്റിനു മുകളിലാകും. അതുകൊണ്ട് ജാംഷെഡ്പൂരിനും ബ്ലാസറ്റേഴ്‌സിനെതിരായ മത്സരം നിര്‍ണായകമാണെന്ന് കോപ്പല്‍ പറഞ്ഞു. ജാംഷെ്ഡപൂര്‍ എഫ്.സി നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സ് 14 പോയിന്റുമായി ആറാം സ്ഥാനത്തും. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയിച്ചാല്‍ 17 പോയിന്റോടെ ചെന്നൈയിനും ബെംഗഌരുവിനും താഴെ മൂന്നാം സ്ഥാനത്തെത്തും.
ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിന്റെ കീഴില്‍ 17 മത്സരങ്ങളാണ് കളിച്ചത്.അതില്‍ ആറ് ജയം സ്വന്തമാക്കിയിരുന്നു അതിനുശേഷം സ്റ്റീവ് കോപ്പലിന്റെ കീഴില്‍ കഴിഞ്ഞ സീസണിലാണ് എറ്റവും മികച്ച വിജയങ്ങള്‍ നേടാനായത് . 17 മത്സരങ്ങള്‍ കളിച്ചതില്‍ എഴ് ജയം സ്വന്തമാക്കാന്‍ ബ്ലാസറ്റേഴ്‌സിനു കഴിഞ്ഞു.
ഈ സീസണില്‍ ഡേവിഡ് ജെയിംസ് മടങ്ങിയെത്തിയതിനുശേഷം ഒരു സമനിലയും രണ്ട് ജയവും നേടിക്കൊടുത്തു. തന്റെ ടീമിന്റെ ഫോമില്‍ ഡേവിഡ് ജെയിംസിനു ആത്മവിശ്വാസമുണ്ട്. അതേപോലെ വിജയങ്ങളിലൂടെ മാത്രമെ നിലനില്‍്പ്പുള്ളുവെന്നും അദ്ദേഹത്തിനു വ്യക്തമാണ്. വിജയമാണ് വളരെ പ്രധാനം . 10 ആണ് എനിക്ക് എറ്റവും ഇഷ്ടപ്പെട്ട സ്‌കോര്‍. ഒരു ഗോള്‍ വിജയം മതി മുന്നില്‍ എത്തിക്കാന്‍. പക്ഷേ, മുംബൈയ്ക്ക് എതിരായ മത്സരം ശാരീകരമായും മാനസികമായും വളരെ ക്ലേശകരമായിരുന്നു. എന്നാല്‍ ആത്മവിശ്വാസം വളരെ വലുതാണ്. ഈ ആത്മവിശ്വാസമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇന്നത്തെ മത്സരത്തിനെക്കുറിച്ച് പ്രവചിക്കാന്‍ കഴിയില്ല. ഒരു കാര്യം ഉറപ്പ് ജാംഷെഡ്പൂര്‍ വളരെ ശക്തരാണ്. വീറുറ്റ മത്സരമാണ് പ്രതീക്ഷിക്കുന്നത്- ഡേവിഡ് ജെയിംസ് പറഞ്ഞു.
പോയിന്റ് പട്ടികയില്‍ താഴെ കിടന്ന ടീമിന്റെ കുതിപ്പ് തന്റെ ടീമിന്റെ ഗുണപരമായ വശങ്ങള്‍ എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കഴിവുകള്‍ ജാംഷെഡ്പ്പൂരിനെതിരെ വിജയകരമായി പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് മറ്റൊരു കഥയായി മാറും. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ടു ടീമുകളും ഗോള്‍ രഹിത സമനില പങ്കുവെച്ചു പിരിഞ്ഞിരുന്നു.