Connect with us

More

ബ്ലാസ്റ്റേഴ്‌സിനെതിരെ കൊപ്പല്‍ പട

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം അങ്കം. എതിരാളികള്‍ മഞ്ഞപ്പടയുടെ മുന്‍ അമരക്കാരന്‍ സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പൂര്‍ എഫ്.സി. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ഹോം മത്സരമാണിത്. ലീഗിലെ കന്നിക്കാരായ ജംഷെഡ്പൂരിന് തുടര്‍ച്ചയായ രണ്ടാം എവേ മത്സരവും. ആദ്യ മത്സരത്തില്‍ ഗോളില്ലാ സമനിലയായിരുന്നു ഇരുടീമിന്റെയും ഫലം. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പരിക്ക് ഇനിയും ഭേദമാകാത്ത സ്റ്റാര്‍ ഡിഫന്റര്‍ വെസ് ബ്രൗണ്‍ ഇന്നും കളിക്കാന്‍ സാധ്യതയില്ല. ജംഷെഡ്പൂരില്‍ എല്ലാവരും കളിക്കാന്‍ ഫിറ്റാണെന്ന് കോച്ച് പറയുന്നു. ഇത്തത്തെ കളി ജയത്തിനുവേണ്ടി മാത്രമാകുമെന്ന് ഇരു പരിശീലകരും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷളേറെ.
നിരാശപ്പെടുത്തിയ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയോട് ഗോള്‍ വഴങ്ങിയില്ലെന്നത് മാത്രമാണ് മിടുക്ക്. മധ്യനിരയും മുന്നേറ്റവും പൂര്‍ണ പരാജയമായി. കളിനിലവാരത്തിലും ഏറെ പിന്നിലായിരുന്നു. മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത താരം ദിമിതര്‍ ബെര്‍ബറ്റോവിന്റെ പ്രകടനം നിരാശപ്പെടുത്തി. മധ്യനിരയില്‍ നിന്നും വിങില്‍ നിന്നും കാര്യമായ പാസുകള്‍ ലഭിക്കാത്തതും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. ലീഗിലെ ഗോളടിയില്‍ മുന്നിലുള്ള ഇയാന്‍ ഹ്യൂമിനും തിളങ്ങാനായില്ല. ഘാനക്കാരന്‍ കറേജ് പെക്കൂസണിന്റെ പ്രകടനമാണ് മുന്നേറ്റത്തില്‍ അല്‍പ്പമെങ്കിലും ചലനമുണ്ടാക്കിയത്. മിലന്‍ സിങ്ങും സി.കെ വിനീതം നിരാശപ്പെടുത്തി. അരാത്ത ഇസുമിയെ പൊസിഷന്‍ മാറ്റി കളിപ്പിക്കാനുള്ള തീരുമാനവും പാളി. ഇസുമി ഇന്നും പ്രതിരോധവുമായി ചേര്‍ന്ന് കളിക്കുമെന്നാണ് മ്യൂളെന്‍സ്റ്റീന്‍ നല്‍കുന്ന സൂചന. പ്രതിരോധത്തിലെയും ഗോളി റെച്ചുബ്കയുടെയും മികവാണ് ഏക ആശ്വാസം. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും നെമാന്യ ലെസിച്ച് പെസിച്ചും ഒത്തിണക്കം കാട്ടി. റിനോ ആന്റോ മങ്ങിയപ്പോള്‍ ലാല്‍റുവാത്താറ തിളങ്ങി. എന്നാല്‍ നാലു മാസം നീളുന്ന ലീഗില്‍ ഒരു കളി കൊണ്ട് വിലയിരുത്തല്‍ നടത്തേണ്ടതില്ലെന്നാണ് മ്യൂളെന്‍സ്റ്റീന്റെ അഭിപ്രായം. അതിനാല്‍ തന്നെ ആദ്യ കളിയിലെ സമനില ടീമിന് പ്രധാനപ്പെട്ടതാണ്. എതിര്‍ ടീമുകളെയും അവരുടെ കളി രീതികളെയും മനസിലാക്കേണ്ടതുണ്ട്. ഒരു ടീമിനെയും അളക്കാനായിട്ടില്ല. ടീമിനുള്ളില്‍തന്നെ രണ്ടോ മൂന്നോ മത്സരങ്ങള്‍ക്ക് ശേഷമേ കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കം പൂര്‍ണമായി കിട്ടുകയുള്ളൂവെന്നും കോച്ച് പറയുന്നു.
താരസമ്പന്നമല്ലെങ്കിലും യുവനിരയാണ് ജംഷെഡ്പൂരിന്റെ കരുത്ത്. ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിച്ച സ്റ്റീവ് കൊപ്പല്‍ എന്ന തന്ത്രജ്ഞനായ പരിശീലകന്‍ കൂടെയുള്ളത് ടീമിന് കരുത്തേകുന്നു. പഴയ തട്ടകത്തില്‍ തിരിച്ചു വരാനായതിന്റെ സന്തോഷമുണ്ട് കൊപ്പലിന്റെ മുഖത്ത്. അനസും ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളും കളത്തിലിറങ്ങുമ്പോള്‍ ഗാലറിയില്‍ ചെറുതല്ലാത്ത പിന്തുണയും കൊപ്പല്‍ പ്രതീക്ഷിക്കുന്നു. നോര്‍ത്ത് ഈസ്റ്റിനോട് തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ഒത്തിണക്കം കാട്ടാന്‍ ടീമിനായി. എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍ വഴങ്ങാതിരിക്കുന്നതിലും മിടുക്ക് കാട്ടി. മലയാളി താരം അനസ് എടത്തൊടിക നയിക്കുന്ന പ്രതിരോധമാണ് ജംഷെഡ്പൂരിന്റെ പ്ലസ് പോയിന്റ്. നിര്‍ഭയമായി കളിക്കുന്ന കളിക്കാരനാണ് അനസെന്ന് കൊപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്. ബെര്‍ബയെ മാത്രം മുന്നില്‍ നിര്‍ത്തിയുള്ള ആക്രമണത്തിനാണ് കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചതെങ്കില്‍ പ്രതിരോധ കരുത്തുമായെത്തുന്ന ജംഷെഡ്പൂരിനെതിരെ ഈ ശൈലിയില്‍ മാറ്റം വന്നേക്കും. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന്‍ നയിക്കുന്ന മധ്യനിരയില്‍ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വെസും എമേഴ്‌സണ്‍ ഡി മൗറയും സൗവിക് ചക്രബര്‍ത്തിയും ഉള്‍പ്പെടും. മുന്നേറ്റം നയിക്കുന്ന സമീഗ് ദൂതിയെന്ന ആഫ്രിക്കന്‍ താരത്തെ പ്രതിരോധിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് ഇത്തിരി വിയര്‍ക്കേണ്ടി വരും.

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending