Connect with us

Video Stories

സ്വാശ്രയത്വത്തിന്റെ വഴികള്‍ അട്ടിമറിക്കുന്ന കാലം

Published

on

പിണറായി വിജയന്‍

തിരു- കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളമായി രൂപപ്പെട്ടതിലൂടെയും മലയാളികളുടെ മഹത്തായൊരു സ്വപ്‌നമാണ് 1956 നവംബര്‍ ഒന്നിന് സഫലമായത്. ഒരേ ഭാഷ സംസാരിക്കുന്നവരെങ്കിലും ഒരേ സംസ്‌കാരം പങ്കിടുന്നവരെങ്കിലും ഭരണസംവിധാനങ്ങളാല്‍ വിഘടിതമായി കിടന്നിരുന്ന പ്രവിശ്യകളും ജനങ്ങളും ഒരേപോലെ ആഗ്രഹിച്ചതാണ് കേരളം എന്ന തലക്കെട്ടിനു കീഴില്‍ ഒരുമിക്കണമെന്ന്. ആ ആഗ്രഹത്തിന്റെ നീണ്ട പശ്ചാത്തലമുണ്ടായിരുന്നുവെന്നതുകൊണ്ടുതന്നെ ഔദ്യോഗികമെങ്കിലും വൈകാരികം കൂടിയായി ആ യോജിപ്പ്.

മദ്രാസ് റസിഡന്‍സിയുടെ ഭാഗമായിരുന്നു മലബാര്‍. തിരുവിതാംകൂറും കൊച്ചിയുമാകട്ടെ രാജഭരണത്തിനു കീഴിലായിരുന്നു. ഇങ്ങനെ നോക്കിയാല്‍ വൈജാത്യങ്ങള്‍ കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാല്‍, അവയെ ഒക്കെ കടന്നുനില്‍ക്കുന്ന മലയാളത്തിന്റെ, കേരളീയതയുടെ മൂല്യങ്ങള്‍ ജനമനസ്സുകളെ നേരത്തേതന്നെ ഇണക്കിനിര്‍ത്തിയിരുന്നുതാനും. വൈജാത്യങ്ങളെ നിഷ്പ്രഭമാക്കുന്ന യോജിപ്പുകള്‍ ഉണ്ടായിരുന്നുവെന്നു ചുരുക്കം. അതുകൊണ്ടാണല്ലൊ, സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ തന്നെ, 1949ല്‍ തന്നെ, തിരുവിതാംകൂറും കൊച്ചിയും സംയോജിതമായി തിരു-കൊച്ചി രൂപപ്പെട്ടത്. ഐക്യകേരളമുണ്ടായി വരുന്നതിന്റെ ആദ്യപടിയായി അതിനെ കാണാവുന്നതാണ്.

ഐക്യകേരളപ്പിറവിയിലേക്കുനയിച്ചതില്‍ രണ്ടു പ്രമുഖ സാമൂഹിക ധാരയുണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂട. ഒന്ന് നവോത്ഥാനധാര, മറ്റൊന്ന് കര്‍ഷക സമരങ്ങളുടേതായ ധാര. കേരളത്തില്‍ അന്ന് നിലനിന്നത് ജാതി-ജന്മി നാടുവാഴിത്ത വ്യവസ്ഥയും അതിനെ സംരക്ഷിച്ചുനിര്‍ത്തുന്ന സാമ്രാജ്യത്വാധിപത്യവുമായിരുന്നു. സാമൂഹിക രംഗത്ത് ജാതിമേധാവിത്വം. സാമ്പത്തികരംഗത്ത് ജന്മിത്വം. രാഷ്ട്രീയ രംഗത്ത് നാടുവാഴിത്തം. ഇവക്കെല്ലാം കുടപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജന്മിത്വത്തില്‍നിന്നു വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞുനിന്നു ജാതിമേധാവിത്വം. പുതിയ കേരളത്തിന്റെ പിറവി എന്നത് ഒരുവശത്ത് ജന്മിത്വത്തെയും മറുവശത്ത് ജാതിമേധാവിത്വത്തെയും വെല്ലുവിളിച്ചുകൊണ്ടേ സാധ്യമാവുമായിരുന്നുള്ളു. ഇവയുടെ രണ്ടിന്റെയും സംരക്ഷകര്‍ സാമ്രാജ്യത്വമാകയാല്‍ ആ വെല്ലുവിളി സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ പോരാട്ടമായി മാറുകയും ചെയ്തു.

കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പരാമര്‍ശം സമൂഹത്തിലുണ്ടാക്കിയ വിവേകം, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശം, അയ്യാ വൈകുണ്ഠന്‍, മക്തി തങ്ങള്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, വേലുക്കുട്ടി അരയന്‍ തുടങ്ങിയവര്‍ പടര്‍ത്തിവിട്ട വെളിച്ചം തുടങ്ങിയവ നവോത്ഥാനത്തിന്റെ അതിശക്തമായ ഒരു ധാര സൃഷ്ടിച്ചു. ക്രിസ്ത്യന്‍ മിഷണറിമാര്‍ വിദ്യാഭ്യാസം വ്യാപിപ്പിച്ചതും വൈക്കം, ഗുരുവായൂര്‍, പാലിയം തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹങ്ങളുമൊക്കെ വിവേകത്തിന്റേതായ ഒരു നവോത്ഥാന ചൈതന്യം സമൂഹത്തില്‍ പടര്‍ത്തി.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയം സാധ്യമാക്കാന്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചവരുണ്ട്. അവര്‍ക്ക് ഭാവിയെക്കുറിച്ച് സ്വപ്‌നമുണ്ടായിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചോ? കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ ഏറെ മാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ മുമ്പോട്ടുപോയി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവയൊക്കെ ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളായി അടയാളപ്പെടുത്താം.

ഐക്യകേരള സ്വപ്‌നത്തിന്റെ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരു സങ്കല്‍പം സ്വാശ്രയത്വത്തെ കുറിച്ചുള്ളതായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ സ്വാശ്രയത്വത്തിന്റെ വഴിക്കുള്ള നീക്കങ്ങളെ വലിയ ഒരളവില്‍ തകര്‍ക്കുന്ന നടപടികള്‍ നേരിടുന്ന കാലമാണിത്. ആര്‍.സി.ഇ.പി കരാറിലേക്കു കടക്കുകയാണ് രാജ്യം. കേരളത്തിന്റെ സമ്പദ്ഘടനയെ പൊതുവിലും കാര്‍ഷിക സമ്പദ്ഘടനയെ പ്രത്യേകിച്ചും തകര്‍ക്കുന്നതാണിത്. സ്വാശ്രയത്വശ്രമങ്ങളെ അട്ടിമറിക്കുന്നതാണിത്. ഇതില്‍ നമുക്ക് വലിയ ഉത്കണ്ഠയുണ്ട്. ആ ഉത്കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ആര്‍.സി.ഇ.പി വരുമ്പോള്‍ കാര്‍ഷിക, ക്ഷീര, മത്സ്യ, വ്യാവസായിക ഉത്പന്നങ്ങളുടെയൊക്കെ ഇറക്കുമതി ഇനിയും കൂടുതല്‍ ഉദാരമാകും. ഇത് നമ്മുടെ സമ്പദ്ഘടനയെ വല്ലാതെ ഞെരുക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച ഉണ്ടാകും. കാര്‍ഷിക ജനജീവിതം ദുരന്തത്തിലേക്കു നീങ്ങും. ഇത് ഗൗരവമുള്ള കാര്യം തന്നെയാണ്.

തുടര്‍ച്ചയായി രണ്ട് വെള്ളപ്പൊക്കങ്ങളാണ് നേരിടേണ്ടിവന്നത്. നാശനഷ്ടത്തിന്റെ ഏഴിലൊന്നുപോലും പരിഹാരത്തുകയായി ലഭിച്ചില്ല. പല സ്രോതസ്സുകളില്‍ നിന്നായി സഹായവാഗ്ദാനമുണ്ടായി. അവ സ്വീകരിക്കുന്നതിനും അനുമതിയുണ്ടായില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരങ്ങളുടെ മാനദണ്ഡം രിഷ്‌കരിക്കണമെന്ന ആവശ്യത്തോടുപോലും അനുകൂല സമീപനമുണ്ടായില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ സമീപനം കേന്ദ്രത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതും ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ്.

പാലക്കാട് കോച്ച് ഫാക്ടറി, എയിംസ് തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ഏട്ടിലെ പശുവായി നില്‍ക്കുന്നതേയുള്ളു. നമ്മുടെ സാമൂഹ്യഘടനയുടെ നട്ടെല്ലാണ് സഹകരണപ്രസ്ഥാനം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവു ലഭ്യമാക്കുക, സഹകരണ ആസ്പത്രികളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
ഒരു ജനതയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഭാഷ വലിയ അടിസ്ഥാനമാണ്. ആ അടിത്തറ തകര്‍ന്നാല്‍ നാടില്ല, സമൂഹമില്ല. മലയാളം ശ്രേഷ്ഠഭാഷയായി എന്നു പറഞ്ഞു വിശ്രമിക്കാനാവില്ല. ആ ഭാഷയെ അധ്യയന ഭാഷയാക്കാന്‍ കഴിഞ്ഞോ? പ്രയോഗതലത്തില്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഭരണഭാഷയാക്കാന്‍ കഴിഞ്ഞോ? കോടതി ഭാഷയാക്കാന്‍ കഴിഞ്ഞോ? ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനു മറുപടി പറയാന്‍ കഴിയണം. കേരളത്തില്‍ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേര്‍ മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ജാതി-മത-വര്‍ണ രാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരള ജനതയെ ഇണക്കിനിര്‍ത്തുന്ന പ്രധാന ഘടകം മലയാള ഭാഷയാണ്. അതിനാല്‍ പഠനം, ഭരണം തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും മലയാളഭാഷാ വ്യാപനം സാധ്യമാകേണ്ടതുണ്ട്.

കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച പഠനം നടത്തുന്നതിനു 1957ല്‍ കോമാട്ടില്‍ അച്യുതമേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിയോഗിച്ചു. ആ കമ്മിറ്റി 1958ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ‘ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണം ഏതു വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയില്‍ത്തന്നെ വേണമെന്നുള്ളത് നിര്‍വിവാദമായ സംഗതിയാണ്’ എന്നാണ് കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ 345-ാം അനുച്ഛേദം, ഒരു സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഒരു ഭാഷയോ ഒന്നിലധികം ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ഉപയോഗിക്കുന്നതിനുവേണ്ടി നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അതുപ്രകാരം കേരളത്തിലെ ഭരണ ഭാഷാനടപടി കള്‍ക്ക് നിയമത്തിന്റെ പിന്‍ബലം നല്‍കുന്നതിനു വേണ്ടിയാണ് 1968ല്‍ കേരള ഔദ്യോഗികഭാഷ (നിയമനിര്‍മാണം) ബില്‍ കേരള നിയമസഭയി ലവതരിപ്പിച്ചത്. 1969 ജനുവരി 10ന് നിലവില്‍വന്ന കേരള ഔദ്യോഗികഭാഷ ആക്ടനുസരിച്ച് കേരള സംസ്ഥാനത്തിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഭാഷകള്‍ മലയാളവും ഇംഗ്ലീഷുമാണ്.

2015ല്‍ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവയുപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മെയ് ഒന്നുമുതല്‍ ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും, ചില വകുപ്പുകള്‍ അതു പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല ഭരണഭാഷ മലയാളമാക്കേണ്ടത് എന്നാണ് വിശ്വാസം. എന്നാല്‍ മലയാളം ഉപയോഗിക്കാത്തവര്‍ക്കെതിരെ, ആവശ്യമെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കാനും സര്‍ക്കാരിന് മടിയില്ല. ഏതു രാജ്യത്തും ഭാഷയുടെ വികസനവും ഭരണഭാഷയുടെ വികസനവും പരസ്പര പൂരകമാണ്. അതായത് ഭരണഭാഷയുടെ ക്രമാനുഗതമായ വികാസത്തെ സ്വാധീനിക്കുന്നത് ഭാഷാപഠനവും അതിന്റെ വികാസവുമാണ്. ഐക്യകേരളപ്പിറവിയെത്തുടര്‍ന്ന് നിലവില്‍വന്ന സര്‍ക്കാരുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ല. ആ കുറവു പരിഹരിക്കുന്നതിനുവേണ്ടിയാണ് 2017 ല്‍ മലയാള ഭാഷാ പഠന ആക്ട് പാസ്സാക്കിയത്.

ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിന് പല സഹായക നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണ മലയാളം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പരിശീലനം, മലയാളം കമ്പ്യൂട്ടിങ് പരിശീലനം എന്നിവ ലഭ്യമാക്കുന്നുണ്ട്. ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിര്‍ദേശങ്ങളും ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി ജില്ലകള്‍തോറും ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചു വരികയാണ്.

ഭരണരംഗത്ത് മലയാളം ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനു കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന മത്സരപ്പരീക്ഷകള്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാധിഷ്ഠിതമാണ്. ഈ വൈരുധ്യം ഭരണഭാഷാവ്യാപനത്തിന് പ്രതികൂലമാകുന്നുണ്ട്. സാധാരണക്കാരായ കേരളജനതയെ സേവിക്കാനാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ സര്‍ക്കാരുദ്യോഗസ്ഥരെ നിയമിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരുന്നവര്‍ മലയാളത്തില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നവരാകണം. എങ്കിലേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയൂ. അതിനാല്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന നിയമനപരീക്ഷകളില്‍ ചോദ്യക്കടലാസ് മലയാളത്തില്‍കൂടി നല്‍കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ജനതയുടെ മാതൃഭാഷ ഭരണനിര്‍വഹണത്തിന് ഉപയോഗിക്കാ തിരുന്നാല്‍ അതിലൂടെ ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണുണ്ടാകുന്നത്.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending