തന്നെ കല്ലേറിയുകയും കൈയേറ്റം നടത്തുകയും ചെയ്ത സിപിഎം എംഎല്‍എമാരെ കോടതിയില്‍ തിരിച്ചറിയാന്‍ വിസമ്മതിച്ച് ശത്രുക്കളോടുപോലും ക്ഷമിച്ച ഹൃദയവിശാലത ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെന്ന് മുന്‍ മന്ത്രി കെസി ജോസഫ്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപംഃ 2013 ഒക്ടോബര്‍ 27 കണ്ണൂരില്‍ നടന്ന പോലീസ് സ്‌പോര്‍ട്ട്‌സ് മീറ്റിന്റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലേക്ക് പോയത്. അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിരുന്നു.തിരുവനന്തപുരത്തു നിന്നും കോഴിക്കോട് വരെ വിമാനത്തില്‍ എത്തി അവിടെ നിന്നും ഞങ്ങള്‍ കാറിലാണ് കണ്ണൂരിലേക്ക് പോയത്. പോയ വഴിക്ക് പോലീസിന്റെ മെസ്സേജുകള്‍ ലഭിച്ചു കൊണ്ടിരുന്നു.
‘കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനമുണ്ട്. വലിയ ജനാവലിയാണ്. നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്’. ഇങ്ങനെ മെസ്സേജുകള്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു. കാറിന്റെ പിന്‍ സീറ്റില്‍ വലതു വശത്തു ഡ്രൈവറുടെ പിന്നിലെ സീറ്റില്‍ ഞാനും ഇടത്തു ഭാഗത്തെ സീറ്റില്‍ മുഖ്യ മന്ത്രിയും ആണ് ഇരുന്നത്. മുഖ്യമന്ത്രിക്ക് പോലീസ് പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടായിരുന്നു. പ്രതിഷേധ പ്രകടനമെന്ന് കേട്ടപ്പോള്‍ അക്രമാസക്തമായ ഒന്നാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല . സ്വാഭാവികമായ രാഷ്ട്രീയ പ്രതിഷേധമായതിനാല്‍ കരിങ്കൊടി പ്രകടനത്തില്‍ അവസാനിക്കുമെന്നും അതെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലയെന്നും കരുതി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ അക്രമാസക്തമായ ജനക്കൂട്ടം ഞങ്ങളുടെ കാറ് തടയാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. പോലീസിന്റെ കനത്ത സുരക്ഷാ വലയം ഉണ്ടായിട്ടും കാറിന് മുന്നോട്ട് നീങ്ങാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായി. കാര്‍ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുമ്പോള്‍ ഇരുവശത്തു നിന്നും കല്ലേറിന്റെ പ്രളയമായിരുന്നു. മുഖ്യമന്ത്രിയുടെ സൈഡിലെ ഗ്ലാസ്സ് കല്ലേറ് കൊണ്ട് പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ മുഖത്ത് മുഴുവന്‍ കുപ്പിച്ചില്ല് വന്ന് പതിച്ച് രക്തം പൊടിയുന്നത് എനിക്ക് കാണാമായിരുന്നു. ഒരു കല്ല് അദ്ദേഹത്തിന്റെ നെഞ്ചിലും പതിച്ചു. നെഞ്ചില്‍ ചോര പൊടിയുന്നുണ്ടായിരുന്നു. ഒരു കല്ലിന്റെ ചെറിയ ചീള് വന്ന് എന്റെ കണ്ണടച്ചില്ലില്‍ കൊണ്ടു ചില്ലിന് ചെറിയ പോറലേല്‍ക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദേഹത്ത് നിന്ന് രക്തം പൊടിയുന്നത് കണ്ട് ഞങ്ങളാകെ വലിയ പരിഭ്രാന്തിയിലായി. ആക്രോശിക്കുന്ന, അക്രമാസക്തരായ ജനാവലിയുടെ മുന്നിലൂടെ പോലീസ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോയി. അവിടുന്ന് പോലീസ് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രിയെ കനത്ത സുരക്ഷയില്‍ ആനയിച്ചു. പോലീസ് ഉദ്യോഗസ്ഥരും ആകെ പരിഭ്രാന്തിയിലായിരുന്നു. സ്റ്റേജിലെത്തിയ ഉടനെ അദ്ദേഹത്തെ പരിപാടി നടക്കുന്ന സ്റ്റേജിന്റെ പിറകിലുള്ള ഫസ്റ്റ് എയിഡ് റൂമിലേയ്ക്ക് കൊണ്ടുപോയി പ്രാഥമിക പരിശോധന നടത്തി. ഞങ്ങള്‍ പിന്നീട് സ്റ്റേജിലെത്തി പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് അവിടെ നിന്നിറങ്ങി തൊട്ടടുത്ത ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ്സിന്റെ ജില്ലാ റാലിയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിക്ക് ആക്രമത്തില്‍ പരിക്കേറ്റുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതിനാല്‍ ജനങ്ങളാകെ പരിഭ്രാന്തിയിലായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം അവിടെ ഉണ്ടായിരുന്നു. അവരും വാര്‍ത്തയറിഞ്ഞ് ഉത്കണ്ഠാകുലരായി. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഇത് കേട്ടപ്പോള്‍ മുഖ്യമന്ത്രി ശാന്തനായി പറഞ്ഞത് ഒരു തരത്തിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ പാടില്ല എന്നായിരുന്നു. സമാധാനപരമായ പ്രതിഷേധമാകാം. പക്ഷെ ജനജീവിതം സ്തംഭിക്കുന്ന ഒരു സമരവും തന്നെ ആക്രമിച്ചതിന്റെ പേരില്‍ നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് അദ്ദേഹം നിര്‍ബന്ധപൂര്‍വം പറഞ്ഞു അവരെ നിരുത്സാഹപ്പെടുത്തി. അവിടെ നിന്ന് ഞങ്ങള്‍ കൊയിലി ആശുപത്രിയില്‍ പോയി ആവശ്യമായ പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കി കാര്‍ മാര്‍ഗം കോഴിക്കോട്ടേക്കും അവിടുന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്കും പോവുകയും ചെയ്തു
മുഖ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന്റെ പേരില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 113 പേര്‍ പ്രതികള്‍ ഉണ്ടാ യിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 175-ാം സാക്ഷിയും ഞാന്‍ 176-ാം സാക്ഷിയുമായിരുന്നു. കേസ് പല തവണ വിളിച്ചപ്പോഴും ഞങ്ങള്‍ക്ക് ഹാജരാവാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവസാനം അവധിക്ക് ഹാജരാകാനായി ഞാനും ഉമ്മന്‍ ചാണ്ടിയും കണ്ണൂരില്‍ എത്തി. രാവിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് കേസിന്റെ വിശദാംശങ്ങള്‍ ഞങ്ങളുടെ വക്കീലായ അഡ്വ. ഇ ആര്‍ വിനോദുമായി സംസാരിച്ചു.
വിനോദ് വക്കീല്‍ പറഞ്ഞത് കേസില്‍ 113 പ്രതികളുണ്ട്. അവരെ തിരിച്ചറിയാല്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പറ്റില്ല. പക്ഷെ കണ്ടാല്‍ തിരിച്ചറിയാവുന്ന രണ്ട് പ്രതികള്‍ ശ്രീ കെ കെ നാരായണന്‍ എം എല്‍ എ യും ശ്രീ സി കൃഷ്ണന്‍ എം എല്‍ എ യുമാണ്. അവര്‍ ഞങ്ങളുടെ കൂടെ നിയമസഭയയില്‍ ഉള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ എം എല്‍ എ ആയ എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളവരാണ് രണ്ടു പേരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും അടുത്ത പരിചയക്കാരാണിവര്‍. അപ്പോള്‍ അവരെ എളുപ്പം തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. മറ്റു പ്രതികളെ തിരിച്ചറിയാന്‍ സാധിക്കില്ല.
ഇത് കേട്ട ഉടനെ മുഖ്യമന്ത്രി പറഞ്ഞത്- ‘അവര്‍ രണ്ടു പേരും സാധുക്കളും മര്യാദക്കാരുമാണ് അവരങ്ങനെ ആക്രമത്തിന് തുനിയുന്നവരേയല്ല. ഒരുപക്ഷെ പാര്‍ട്ടി തീരുമാനപ്രകാരം സാന്ദര്‍ഭികമായി അവിടെ വന്നതായിരിക്കാം. അവരെ മാത്രം തിരിച്ചറിഞ്ഞ് കുറ്റവാളികളാക്കാന്‍ എനിക്ക് താത്പര്യമില്ലയെന്നാണ്. അതുകൊണ്ട് ഞാനും കെ സി യും അവരെ തിരിച്ചറിയാമെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഏതായാലും കേസ്സ് ഇത്രയൊക്കെ ആയി. മറ്റുള്ള സാക്ഷിമൊഴികള്‍ കൊണ്ട് കേസ്സ് മൂന്നോട്ട് പോകുന്നുവെങ്കില്‍ പോകട്ടെ.’
ഞങ്ങള്‍ കണ്ണൂര്‍ ഡി സി സി ഓഫീസില്‍ പോയ ശേഷം കോടതിയിലേക്കു പോയി. പ്രതികളെ ആരെയും തിരിച്ചറിയാന്‍ കഴിയില്ലെന്നു മൊഴി നല്കി. എം എല്‍ എമാരെ തിരിച്ചറിയുന്നതില്‍ നിന്ന് എന്നെയും അദ്ദേഹം വിലക്കി.
കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തീരുമാന പ്രകാരം തന്നെയാണ് മുഖ്യമന്ത്രിയെ അകമിച്ചതെന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ബോധപൂര്‍വ്വം നല്ല മുന്നൊരുക്കം നടത്തി ആക്രമികളെ സംഘടിപ്പിച്ചാണ് പാര്‍ട്ടി ഈ കയ്യേറ്റം ആസൂത്രണം ചെയ്തത്. പകരംവീട്ടാനാണെങ്കില്‍ മുഖ്യ മന്ത്രിക്ക് സി പി എം എം എല്‍ എ മാരെ തിരിച്ചറിയാമെന്ന് പറയാമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഹൃദയവിശാലതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കെസി ജോസ്ഫ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് ആരോടും പകയുണ്ടായിരുന്നില്ല.ഈ കേസില്‍ കോടതി ശിക്ഷിച്ച സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീര്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് ക്ഷമ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണു ചെയ്തതെന്നു കെസി ജോസഫ് പറഞ്ഞു.