സോഷ്യല്‍ ഓഡിറ്റ് ഡോ രാംപുനിയാനി
അറബി, ഉറുദു, ഇംഗ്ലീഷ് വാക്കുകളും വിഖ്യാത കവികളായ മിര്‍സാ ഗാലിബ്, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ കവിതകളും ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ജീവചരിത്ര ഭാഗങ്ങളും മുഗള്‍ ചക്രവര്‍ത്തിമാരെ ഉദാരന്മാരായി വിശേഷിപ്പിക്കുന്ന പാഠഭാഗങ്ങളും ബി.ജെ.പിയെ ഹിന്ദു പാര്‍ട്ടിയെന്നു വിശേഷിപ്പിക്കുന്നതുമടക്കം നിരവധി പരാമര്‍ശങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആര്‍.എസ്.എസിനു കീഴിലുള്ള ശിക്ഷ സംസ്‌കൃതി ഉഠാന്‍ ന്യാസ് എന്ന സംഘടന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷണല്‍ റിസര്‍ച് ആന്റ് ട്രെയ്‌നിങി (എന്‍.സി.ഇ.ആര്‍.ടി)നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 1984ലെ സിഖ് കൂട്ടക്കൊലക്ക് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാപ്പപേക്ഷിച്ചതും ‘2002ല്‍ ഗുജറാത്തില്‍ രണ്ടായിരത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു’ എന്ന വാചകവും പാഠ പുസ്തകങ്ങളില്‍ നിന്ന് മാറ്റണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള അതേ അജണ്ടയുടെ തുടര്‍ച്ച തന്നെയാണ് എന്‍.സി.ഇ. ആര്‍.ടിക്ക് ഇയ്യിടെ നല്‍കിയ ഈ ശിപാര്‍ശകളിലും കാണാനാവുന്നത്. ആര്‍.എസ്.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ വിദ്യാഭ്യാസം പ്രധാന മേഖലയാണ്. എന്തുകൊണ്ടെന്നാല്‍ ഇന്ത്യന്‍ ദേശീയ സങ്കല്‍പങ്ങളെ എതിര്‍ക്കുന്ന ദേശീയവാദത്തിന്റെ വീക്ഷണമാണത്. ശാഖകള്‍ വഴിയും സരസ്വതി ശിശു മന്ദിരങ്ങളും ഏകാധ്യാപക സ്‌കൂളുകള്‍ വഴിയും അവരുടെ വീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇതിനകം തന്നെ ധാരളം പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ നയങ്ങളെ സ്വാധീനിക്കാന്‍ അവര്‍ വിദ്യാ ഭാരതി പോലുള്ള സംഘടനകളെ സജ്ജമാക്കിയിട്ടുണ്ട്.
അതോടൊപ്പം രാജ്യത്തെ സര്‍വകലാശാലകളിലെയും പ്രമുഖ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെയും ഉന്നത സ്ഥാനങ്ങളില്‍ അവരുടെ അനുയായികളെ കുടിയിരുത്തുന്നതിനും നേരത്തെതന്നെ തുടക്കംകുറിച്ചിട്ടുണ്ട്. പൗരോഹിത്യ, കര്‍മ്മകാണ്ഡ് തുടങ്ങിയ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നതിലൂടെ സ്‌കൂള്‍ പുസ്തകങ്ങള്‍ കാവിവത്കരിക്കുന്നതിനുള്ള പ്രക്രിയകള്‍ക്ക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. പുരാതന, മധ്യകാല, ആധുനിക ചരിത്രം അവരുടെ കാഴ്ചപ്പാടില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന് ബി.ജെ.പി അധികാരത്തിലെത്തിയതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തി പ്രാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമാറ്റം വരുത്താന്‍ ആര്‍.എസ്.എസ് നേതാക്കള്‍ മാനവ വിഭവ ശേഷി മന്ത്രാലയവുമായി നിരന്തരം ഇടപെടുന്നുണ്ട്. വിദ്യാഭ്യാസത്തിലും വരാനിരിക്കുന്ന വിദ്യാഭ്യാസ നയത്തിലും ക്രമേണ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ബി.ജെ.പി ഉന്നമിടുന്നത് ഹിന്ദുത്വ അജണ്ടയോടെയുള്ള ആഗോളവത്കരണവും സ്വകാര്യവത്കരണവുമാണെന്ന് പറയാം.
വരും തലമുറയുടെ ചിന്താരീതി മാറ്റാന്‍ ലക്ഷ്യമിടുന്ന രീതിയിലുള്ള വിദ്യാഭ്യാസമാണ് അവതരിപ്പിക്കാനുദ്ദേശിക്കുന്നത്. യാഥാസ്ഥിതിക മധ്യകാല ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതും ശാസ്ത്രീയ മനഃസ്ഥിതിയെ അട്ടിമറിക്കുന്നതുമായ ബ്രാഹ്മണിക മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട ഒരു മാതൃകയാണ് ലക്ഷ്യം. അവര്‍ക്കാവശ്യമായ രീതിയിലാണ് മുന്‍ സര്‍ക്കാറുകള്‍ ചരിത്രവും മറ്റു വിഷയങ്ങളും എഴുതിയതെന്ന് അടുത്തിടെ നടന്ന ഒരു യോഗത്തില്‍ അവരുടെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അത് അവരുടെ ചരിത്രം. ഇപ്പോള്‍ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കുകയും വിദ്യാഭ്യാസ സംവിധാനം ശരിയായ ദിശയിലേക്ക് മാറ്റുകയും വേണം. വിദ്യാഭ്യാസത്തില്‍ ‘ഭാരതിയാകരന്‍ പദ്ധതി’ അവതരിപ്പിക്കണമെന്നതാണ് അവരുടെ ലക്ഷ്യം.
വിദ്യാഭ്യാസ സമ്പ്രദായം ആകെ മാറ്റുന്നതിലും ചരിത്രവും സാമൂഹ്യശാസ്ത്രവും മറ്റു പുസ്തകങ്ങളുടെ ഉള്ളടക്കവും ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാറ്റിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനും മോദിയുടെ രാഷ്ട്രീയ മണ്ഡലം ഇത്ര ഉയരത്തിലെത്തുന്നതിനും മുമ്പുതന്നെ മോദി അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന ധാരണയോടെ വലതുപക്ഷ സംഘടനകള്‍ യഥാര്‍ത്ഥ പണ്ഡിതന്മാര്‍ക്കു നേരെ അക്രമം കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ ദേശീയ നിര്‍വാഹക സമിതിയംഗവും ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി കണ്‍വീനറുമായ ദിനനാഥ് ബത്രയും ആര്‍.എസ്.എസിനു കീഴിലുള്ള ശിക്ഷ സന്‍സ്‌കൃതി ഉഠാന്‍ ന്യാസും നിരവധി പതിറ്റാണ്ടുകളായി ഇത്തരം പ്രവൃത്തികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഇത്തരം ഇടപെടലിലൂടെ നിരവധി പുസ്തകങ്ങള്‍ നിരോധിക്കുന്നതിനോ മാറ്റി എഴുതുന്നതിനോ പിന്‍വലിക്കുന്നതിനോ കാരണമായിട്ടുണ്ട്. വെന്‍ഡി ഡോണിഗറുടെ പുസ്തകമായ ‘ദി ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ക്കെതിരെ ബത്ര കോടതിയില്‍ നാലു വര്‍ഷത്തോളം കേസ് നടത്തുകയും ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരായ പെന്‍ഗ്വിന്‍ പ്രശ്‌നം കോടതിക്ക് വെളിയില്‍ പരിഹരിക്കാനും ഇന്ത്യയിലുള്ള കോപ്പികള്‍ നശിപ്പിക്കാനും തീരുമാനിക്കുകയും ചെയ്തിരുന്നു. ഐതിഹ്യങ്ങളുടെ വ്യാഖ്യാനത്തിലൂടെ ജാതിയുടെയും ലിംഗഭേദത്തിന്റെയും വശങ്ങള്‍ സൂക്ഷ്മ സംവേദനക്ഷമതയോടെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഈ പുസ്തകം പുറത്തുവിടുന്നു.
ചരിത്രത്തില്‍ അവര്‍ ശ്രദ്ധ ചെലുത്തിയത് ആര്‍.എസ്.എസ് പരിവാരത്തിന്റെ പുരോഹിത വാഴ്ചയുള്ള മാനസികാവസ്ഥയയായതിനാലാണ് പുസ്തകം നശിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായത്. ബത്രയുടെ ഒന്‍പതു പുസ്തകങ്ങള്‍ ഗുജറാത്തി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ഗുജറാത്തിലെ 42000 സ്‌കൂളുകളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വലിയ അളവില്‍ സമാനമായ കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പുള്ള ഒരു പരീക്ഷണ ഓട്ടമായിരിക്കാം ഒരു പക്ഷേ ഇത്. തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പാഠപുസ്തക സിലബസുകള്‍ മാറ്റുമെന്ന് കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു 2013 ജൂണ്‍ 23 നു തന്നെ വ്യക്തമായി പ്രസ്താവിച്ചതാണ്. ആവശ്യകതകള്‍ പരിഹരിക്കാന്‍ വികസിപ്പിച്ച ഒരു ദേശീയ വിദ്യാഭ്യാസ സമ്പ്രദായമാണ് ബത്ര ആവശ്യപ്പെടുന്നത്. അതിലൂടെ ഹിന്ദുത്വത്തിനും ദേശീയത്വത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമായ ഒരു യുവ തലമുറ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈ പദ്ധതി പ്രകാരം ഹിന്ദു ഐതിഹ്യങ്ങളും ചരിത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതായി കാണാം. ആര്യന്മാരാണ് ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെന്ന പോലുള്ള ആര്‍.എസ്.എസിന്റെ എല്ലാ പ്രഖ്യാപനങ്ങള്‍ക്കും വന്‍ പ്രചാരണമാണ് നല്‍കുന്നത്. ആര്യന്‍ നാഗരികത നിര്‍ബന്ധപൂര്‍വം അവതരിപ്പിച്ചും സരസ്വതി നദിയിലെ ഗവേഷണത്തിന് ധാരാളം പണം ചെലവഴിച്ചും മോഹന്‍ജൊ ദാരോ, ഹരപ്പയുടെ വികലമായ വ്യാഖ്യാനത്തിലൂടെ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ചരിത്രത്തെ തെളിയിക്കാന്‍ ശ്രമിക്കുകയാണ്. രാമായണം, മഹാഭാരതം എന്നീ രണ്ട് പുരാണങ്ങള്‍ക്കും ചരിത്ര പദവി നല്‍കുകയും ചരിത്ര പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഇത് പരിചയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.
സമാനമായ വ്യതിയാനങ്ങള്‍ വരുത്തി മധ്യകാലഘട്ടത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സമുദ്രഗുപ്ത ചക്രവര്‍ത്തിയാണ് ഖുതബ് മിനാര്‍ നിര്‍മ്മിച്ചതെന്നാണ് ഇപ്പോള്‍ പറഞ്ഞുപരത്തുന്നത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിഷ്ണു സ്തംബ എന്നാണത്രെ. മറ്റൊരു തലത്തില്‍, ശിവജിയും അഫ്‌സല്‍ ഖാനും തമ്മിലുണ്ടായ അധികാര യുദ്ധത്തിനും അക്ബറും മഹാറാണ പ്രതാപും തമ്മിലും ഗുരു ഗോവിന്ദ് സിങും ഔറംഗസീബും തമ്മിലുമുണ്ടായ യുദ്ധങ്ങള്‍ക്കും മതത്തിന്റെ നിറം നല്‍കുകയാണ്. ഇത്തരത്തിലുള്ള ചരിത്ര പതിപ്പില്‍ ബഹുസ്വരതാ പാരമ്പര്യം അഥവാ ഇന്ത്യയുടെ ആത്മാവിന്റെ കാതല്‍ പുറന്തള്ളപ്പെടുകയും വിഭാഗീയ ചിന്താഗതികള്‍ മുന്‍പന്തിയിലെത്തുകയുമാണ്. ഹൈന്ദവ ദേശീയവത്കരണമെന്ന അജണ്ട വളരെ ശക്തമായി മുന്നോട്ടു പോകുകയാണെന്നാണ് എന്‍.സി.ഇ.ആര്‍.ടിക്ക് നല്‍കിയ ശിപാര്‍ശ നല്‍കുന്ന സൂചന. പുരാതന, മധ്യകാല, ആധുനിക ചരിത്രത്തെ ശാസ്ത്രീയ പിന്‍ബലമൊന്നുമില്ലാതെ വളച്ചൊടിക്കുകയാണ്. ചരിത്രം മാത്രമല്ല ആര്‍.എസ്.എസ് ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്നതെന്നും സമാന്തരമായി പ്രവര്‍ത്തിക്കുന്ന ലോക വീക്ഷണം അടിസ്ഥാനമാക്കിയുള്ള വിഭാഗീയ ദേശീയതയുടെ സമ്പൂര്‍ണ വിജ്ഞാന സമ്പ്രദായം തന്നെയാണ് അവരുടേതെന്നുമാണ് കരുതേണ്ടത്.