സഫാരി സൈനുല്‍ ആബിദീന്‍
എല്ലാ കാര്യത്തിലും ശുദ്ധിക്ക് പ്രധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ശരീരത്തിനും ഹൃദയത്തിനും ആത്മീവിനുമൊക്കെ ആ പരിശുദ്ധ കൊണ്ടുവരുന്നതില്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യശരീരത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധി വീണ്ടെടുക്കനുള്ള ആരാധന കൂടിയാണ് വിശുദ്ധ മാസത്തിലെ വ്രതം. അള്ളാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ നോമ്പിനോട് കിടപിടിക്കുന്ന മറ്റൊന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. നോമ്പുകാലം ക്ഷമയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സമാഹ്യ ബാധ്യതകളുടെയും കാലമായാണ് ലോക മുസ്ലിം സമൂഹം കാണുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ശരിക്കും മനസ്സിലാക്കാനാകും.
റമളാനിന്റെ അവസാന പത്തിലെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുമ്പോള്‍ വിശ്വാസിയില്‍ നിന്ന് വിട പറയാമനൊരുങ്ങുകയാണ് വിശുദ്ധ റമളാന്‍. റജബിലും റമളാനിലും പ്രാര്‍ത്ഥിച്ച് നേടിയെടുത്ത പുണ്യങ്ങളുടെ മാസം വിട പറയുമ്പോള്‍ മനസ്സില്‍ വേദന അനുഭവപ്പെടുന്നവരായിരിക്കും വിശ്വാസികള്‍. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് അനുഗ്രഹങ്ങളുടെയും നന്മകളുടെയും വസന്തങ്ങളിറങ്ങി വന്ന രാപകലുകളാല്‍ അനുഗ്രഹീതമായ മാസം വിട ചൊല്ലുമ്പോള്‍
ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് നൊമ്പരപ്പെടുമെന്നത് തീര്‍ച്ച. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലതുല്‍ഖദ്റിന്റെ മാസം. അനുഗ്രഹത്തിന്റെയും പാപവിമുക്തിയുടെയും നരകമോചനത്തിന്റെയും ഓരോ പത്തുദിനങ്ങള്‍. റമളാനിന്റെ അനുഗ്രഹങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.
അന്നപാനീയങ്ങളും വികാരവിചാരങ്ങളും തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നവാനായ സര്‍വ്വശക്തന് വേണ്ടി ത്യജിച്ച് വ്രതമനുഷ്ഠിച്ച്, ഖുര്‍ആന്‍ പാരായണത്തിലും ദാനധര്‍മങ്ങളിലുമായി കഴിഞ്ഞുകൂടി, നിദ്രാവിഹീനരായി തറാവീഹും പാതിരാ നമസ്‌കാരങ്ങളും നിര്‍വഹിച്ച് രക്ഷിതാവുമായുള്ള തന്റെ ബന്ധം ശക്തമാക്കിയ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ നിമിഷങ്ങളെ വരവേല്‍ക്കലാണല്ലോ പെരുന്നാള്‍. പുത്തനുടയാടകളണിഞ്ഞ്, വയര്‍ നിറച്ച് ഭക്ഷിച്ച്, കുടുംബസന്ദര്‍ശനം നടത്തി ചെറിയപെരുന്നാള്‍ സാഘോഷം കൊണ്ടാടുവാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്നേദിവസം നോമ്പെടുക്കല്‍ പോലും മതം വിലക്കിയത്. വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന ആഘോഷദിനങ്ങളില്‍ ഒന്നാണ് ചെറിയപെരുന്നാള്‍.
റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള പവിത്രതകള്‍ക്ക് മൂല്യം നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രവാചകന്‍ പറഞ്ഞതായി നമുക്ക് കാണാന്‍ സാധിക്കും ”വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ മുന്നില്‍ അടിമക്കുവേണ്ടി ജാമ്യം നില്‍ക്കും. നോമ്പ് പറയും അല്ലാഹുവേ, പകല്‍ നേരത്ത് ഞാന്‍ കാരണമാണ് അവര്‍ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞത്, അതിനാല്‍ ഞാന്‍ അവര്‍ക്ക് ജാമ്യമാണ്. ഖുര്‍ആന്‍ പറയും. രാത്രികാലത്ത് ഞാനാണവരുടെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. ഞാനും അവര്‍ക്ക് ജാമ്യമാണ്. നോമ്പും ഖുര്‍ആനും ഒരു വ്യക്തിക്കുവേണ്ടി ശിപാര്‍ശ ചെയ്താല്‍ അവ സ്വീകരിക്കപ്പെടും, ഫലത്തില്‍ അവര്‍ സ്വര്‍ഗം ഉറപ്പിക്കും.
അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാര്‍ഥത തുടങ്ങി മനസ്സിനെ ദുഷിപ്പിക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമദാനിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചെടുക്കാനാവും. വിശുദ്ധ റമദാനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാനുശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമകളാകാന്‍ നമുക്ക് സാധിക്കും.
നോമ്പുകളില്‍ വന്ന പിഴവുകള്‍ നികത്താന്‍ ഫിത്വ്റ് സകാത്ത് കൊടുത്താണ് സത്യവിശ്വാസികള്‍ പെരുന്നാളാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. മുപ്പത് ദിനങ്ങളില്‍ തനിക്ക് വേണ്ടി വ്രതമനുഷ്ഠിച്ച്, തറാവീഹ് നിസ്‌കരിച്ച്, ദാനധര്‍മ്മങ്ങള്‍ നല്‍കി, അവസാനം പാവങ്ങള്‍ക്ക് ഫിത്വ്റ് സകാത്തും നല്‍കിയ സച്ചരിതരായ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. അതിന് നിങ്ങള്‍ സാക്ഷികളാവണമെന്ന് മലക്കുകളോട് സസന്തോഷം അല്ലാഹു പറയുന്ന സുദിനമാണ് ചെറിയപെരുന്നാള്‍ ദിനം.