കോഴിക്കോട് :കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കെതിരെ “സംവരണത്തിൽ
സർക്കാരിന്റെ സവർണതയോട് സംവരണീയരുടെ സമര സംഗമം” ജനുവരി 10 നു സെക്രെട്ടറിയേറ്റിനു മുൻപിൽ എം.എസ്എ.ഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നു എം.എസ്എ.ഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എം.പി നവാസ് എന്നിവർ അറിയിച്ചു.
കെ.എ.എസ് സ്പെഷ്യൽ റൂൾസ് പ്രകാരം ഉദ്യാഗാര്‍ത്ഥികളെ മൂന്ന് സ്ട്രീമുകളായി തിരിച്ച് ഒന്നാം സ്ട്രീമിൽ മാത്രം സംവരണം നടപ്പിലാക്കി 66% വരുന്ന മറ്റു രണ്ടു സ്ട്രീമുകൾക്കും സംവരണം നിഷേധിക്കുന്നത് ദളിത് ഈഴവ മുസ്ലിം ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഭരണ ഘടനാപരമായ അവകാശങ്ങളോടുള്ള വെല്ലുവിളിയാണ്.
സംവരണ വിരുദ്ധ ലോബികളുമായി ചേർന്ന് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയെ തടയിടാനുള്ള പിണറായി സർക്കാരിന്റെ ശ്രമം പ്രതിഷേധാർഹമാണ്. പിന്നോക്ക വിഭാഗങ്ങളെ ഉന്നത തസ്തികയിൽ നിന്നും അകറ്റി നിർത്തി സവർണ്ണ മേധാവിത്തം തീർക്കാനാണ് സർക്കാർ ശ്രമമെങ്കിൽ യോജിച്ച പ്രതിഷേധങ്ങൾക്കു എം.എസ്എ.ഫ് നേതൃത്വം നൽകും. സമര സംഗമത്തിൽ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.