കെ.എ മുരളീധരന്‍
തൃശൂര്‍: ‘ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്’. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്‍ഷം തികയുന്നു.
‘പിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ’ കാര്‍ത്തികേയന്‍ പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാ മനസോടെ കാര്‍ത്തികേയന്‍ രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്‍ഡാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളെന്ന വിശേഷണം.
ഏങ്ങണ്ടിയൂര്‍ ഏത്തായ് കടലോര നിവാസികളായ കരാട്ട് കാര്‍ത്തികേയനും രേഖയും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 19 വര്‍ഷമായെങ്കിലും പതിനൊന്ന് വര്‍ഷം മുന്‍പുള്ള ഒരു നവംബര്‍ ആറിനാണ് ചേറ്റുവ പുഴകടന്ന് അഴിമുഖത്തുകൂടെ ഒരുമിച്ച് കടലില്‍പോകാന്‍ തുടങ്ങിയത്. അതിന് നിമിത്തമായതാകട്ടെ സങ്കടകടലിന്റെ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതവും.ഇരു സമുദായങ്ങളില്‍പ്പട്ട കാര്‍ത്തികേയനും രേഖയും വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയിച്ച് ജീവിതം തുടങ്ങിയവരാണ്.
ഈ ജീവിതത്തിനിടയില്‍ നാലു പെണ്‍കുട്ടികളും പിറന്നു. കടലും കടപ്പുറവുമൊക്കെ എല്ലാവരേയും പോലെ തൃശൂര്‍ പട്ടണത്തിനടുത്തുള്ള കൂര്‍ക്കഞ്ചേരിക്കാരായിയായ രേഖയ്ക്കും അക്കാലത്ത് വെറും കൗതുകം മാത്രമായിരുന്നു. ഒരു ദിവസം കടലിനടുത്തുള്ള കുടിലില്‍വെച്ച് ശക്തമായ മിന്നലേറ്റ് രേഖ ബോധരഹിതയായി വീണു. കൈവിട്ട് പോയെന്ന് വിചാരിച്ച് രേഖയുടെ ദേഹത്തടിച്ച് കാര്‍ത്തികേയനും കുട്ടികളും അലമുറയിട്ട് കരയുന്നതിനിടെ അവിചാരിതമായി രേഖയ്ക്ക് ബോധം വീഴുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വേദന കാര്‍ത്തികേയനും രേഖയും മക്കളും അന്ന് ശരിക്കുമറിഞ്ഞു. രാവും പകലും അദ്ധ്വാനിച്ചാലും വീടെന്ന സ്വപ്‌നം എപ്പോഴും കടലുപോലെ വിദൂരമായിരുന്നു. രണ്ട് പേര്‍ക്കിരിക്കാവുന്ന ചെറുവള്ളത്തില്‍ കാര്‍ത്തികേയന്‍ സ്വന്തമായി മത്സ്യബന്ധനം നടത്തിയെങ്കിലും കടങ്ങള്‍ വീട്ടാന്‍ പോലും തികഞ്ഞില്ല.
പലപ്പോഴും കൂടെയുള്ളയാള്‍ വരാത്തതിനാല്‍ ഒറ്റയ്ക്ക് കടലില്‍പോയി തിരിച്ച് വീട്ടിലെത്തി ക്ഷീണത്തോടെ കിടക്കുന്ന കാര്‍ത്തികേയനെ കാണുമ്പോള്‍ രേഖയ്ക്ക് സങ്കടമായിരുന്നു. പ്രിയപ്പെട്ടവന്റെ കഠിനദ്ധ്വാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കടലില്‍ എന്നേയുംകൊണ്ടു പോകണമെന്ന് രേഖ വാശിപിടിച്ചത്.
അങ്ങിനെ രേഖ അതുവരെ കാണാത്ത കടലിനെ അറിഞ്ഞു. ആഴകടലില്‍ പറക്കുന്ന മീനുകളെ കണ്ടു. നിറം മാറുന്ന കടലും നിലാവില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞ ആകാശവും കണ്ടു. നൂല്‍മഴയായി തുടങ്ങി പിന്നെ പേമാരിയായി പെയ്തിറങ്ങുന്ന മഴയെ തൊട്ടു. മാനംമുട്ടെ ഉയര്‍ന്നുവന്ന തിരമാലകളെ നേരിട്ടു. ഇതിനിടയില്‍ പലപ്പോഴും മരണത്തെയും മുഖാമുഖം കണ്ടു. ഇന്നും എല്ലാ ദിവസവും വെളുപ്പിന് ചെറിയ ഫൈബര്‍ വള്ളത്തില്‍ പഴയൊരു എന്‍ജിനുംവെച്ച് കാര്‍ത്തികേയനും രേഖയും കടലില്‍ പോകും. കടലില്‍ ആണുങ്ങള്‍ ചെയ്യുന്ന എല്ലാ ജോലിയും രേഖ ചെയ്യും. വള്ളമോടിക്കും. കടലില്‍ വലയെറിയും. വല വലിച്ചുകയറ്റും.
കാര്‍ത്തികേയന്റെയും രേഖയുടെയും ദുരിത ജീവിതമറിഞ്ഞ കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്‍.ഐ) കഴിഞ്ഞ മെയ് അഞ്ചിന് ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോണ ഇന്ത്യയിലെ ആദ്യ ദമ്പതികളെന്ന നിലയില്‍ ഇരുവരേയും ആദരിച്ചിരുന്നു.
ഇന്ന് കടലാണിവര്‍ക്ക് എല്ലാം. കടലമ്മ ചതിക്കില്ലെന്നും കരയിലുള്ളവരേക്കാള്‍ കടലിലുള്ളവരെയാണ് വിശ്വാസമെന്നും രേഖ പറയുന്നു. ഒരു പെണ്ണ് കടലില്‍ പോകുന്നതിന് ആദ്യകാലങ്ങളില്‍ കരയിലും വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പും വകഞ്ഞുമാറ്റി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മക്കളെ നോക്കാന്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച് ആഴകടലില്‍ പ്രിയതമനോടൊപ്പം പോകുന്നതില്‍ യാതൊരു പേടിയുമില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് രേഖ പറയുമ്പോള്‍ കരയിലേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ ശക്തിയുണ്ട് ആ വാക്കുകള്‍ക്ക്.