കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതകളുടെ ചിറകടി -3
കോഴിക്കോട്: ‘സേവ് കരിപ്പൂര്‍’ എന്ന മുദ്രാവാക്യം വീണ്ടും ഉയരാന്‍ കാരണം അര്‍ഹതപ്പെട്ട കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ തട്ടിത്തെറിപ്പിക്കപ്പെട്ടതാണെങ്കിലും അതിലൂടെ തെളിഞ്ഞത് വട്ടമിട്ട് പറക്കുന്ന കഴുകന്‍ കണ്ണുകളെയാണ്. റണ്‍വെ ബലപ്പെടുത്തലും ടെര്‍മിനല്‍ നിര്‍മ്മാണവും ഐ.എല്‍.എസ്-ലൈറ്റുകളുമായി രണ്ടര വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ കരിപ്പൂര്‍ കരുത്താര്‍ജ്ജപ്പോഴും തടസ്സവാദങ്ങള്‍ വരുമ്പോള്‍ മുംബൈ, നെടുമ്പാശ്ശേരി ലോബികളെ പഴിപറഞ്ഞ് രക്ഷപ്പെടുന്നത്ര ലഘുവല്ല കാര്യങ്ങള്‍.
മൂന്നര കോടി രൂപ ചെലവില്‍ നോര്‍വെയില്‍ നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച ഐ.എല്‍.എസും, രാജ്യത്തു തന്നെ ഏറ്റവും നീളം കൂടിയ 85.5 കോടി ചെലവിട്ട് 1700 സ്‌ക്വയര്‍മീറ്ററില്‍ നിര്‍മ്മിക്കുന്ന പുതിയ ടെര്‍മിനലും, മൂന്ന് എയ്‌റോ ബ്രിഡ്ജുകളും ഒക്കെയായി രണ്ടു വര്‍ഷം കൊണ്ട് പേവ്‌മെന്റ് ക്ലാസിഫിക്കേഷനില്‍ 55ല്‍ നിന്ന് 75 ആയി കരിപ്പൂര്‍ അടിസ്ഥാന വികസനത്തില്‍ വളര്‍ന്നു എന്നതിനൊപ്പം പൊതുമേഖലയിലെ വിമാനത്താവളമെന്നതാണ് പ്രതിസന്ധിയുടെ ആകെ തുക.
തിരുവനന്തപുരത്തെയും നെടുമ്പാശ്ശേരിയിലെയും വിമാനത്താവളങ്ങള്‍ക്ക് അവരുടേതായ ആസൂത്രണവും ലക്ഷ്യവുമുണ്ട്. 26% പൊതു മേഖലാ ഓഹരിയുള്ള നെടുമ്പാശ്ശേരിയെ പാടെ എതിര്‍ക്കുന്നതില്‍ നീതിയില്ല. കണ്ണൂരിലും കോഴിക്കോട് തിരുവമ്പാടിയിലും പുതിയ വിമാനത്താവളങ്ങള്‍ വരുന്നതിനെ ഭയപ്പാടോടെ കാണുന്നതിലും യുക്തിയില്ല. ദൂര പരിധിയില്‍ ഇളവു വരുത്തിയ പുതിയ എയര്‍പോര്‍ട്ട് നിയമത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് അനുമതി നല്‍കിയത് 18 വിമാനത്താവളങ്ങള്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയും(നാല് എണ്ണം), ആന്ധ്രയും(മൂന്ന്), മഹാരാഷ്ട്രയും(മൂന്ന്) ഇക്കാര്യത്തില്‍ ഏറെ മുമ്പോട്ടു പോയി. തിരുവിതാംകൂറില്‍ തിരുവനന്തപുരത്തിന് പുറമെ ശബരിമലയില്‍ ഒരു വിമാനത്താവളത്തിന് എന്‍.ഒ.സി ആയിക്കഴിഞ്ഞു.
മലബാറില്‍ കണ്ണൂരില്‍ വിമാനത്താവളം മാസങ്ങള്‍ക്കകം പ്രവര്‍ത്തന സജ്ജമാവും. ഇതിന്റെ ഭീഷണി മറികടക്കാന്‍ മംഗലാപുരം വിമാനത്താവളത്തിനടുത്ത് പുതിയ റെയില്‍വെ സ്റ്റേഷന്‍ തുറന്നുകഴിഞ്ഞു. കോഴിക്കോട് തിരുവമ്പാടിയില്‍ മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി (മിയാക്) 2163 ഏക്കര്‍ ഭൂമി കണ്ടെത്തി വിമാനത്താവളത്തിന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവുമധികം പ്രവാസികളുള്ള മലബാറില്‍ തിരുവമ്പാടിയിലും കണ്ണൂരിലും വിമാനത്താവളങ്ങള്‍ വരുന്നത് അവയുടേതായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുമെന്നതിനാല്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്.
പക്ഷെ, മറ്റുള്ളവയെല്ലാം സ്വകാര്യസ്വത്താവുമ്പോള്‍ ജനങ്ങളുടെതായി അവരുടെ വിയര്‍പ്പില്‍ ഉയര്‍ന്നുവന്ന പൊതുമേഖലാ വിമാനത്താവളമാണ് കരിപ്പൂരിലേതെന്നതാണ് പ്രാധാന്യം.
പ്രവാസികള്‍ സ്വന്തം വിയര്‍പ്പിന്റെ അംശം സംഭാവന നല്‍കിയും പ്രദേശ വാസികള്‍ സ്ഥലം വിട്ടുനല്‍കി മൂന്നു പ്രാവശ്യം മാറി താമസിച്ചതുമെല്ലാം ഈ ആത്മബന്ധം കൊണ്ടുകൂടിയാണ്. വിമാനത്താവള വിപുലീകരണത്തിന് 248.3 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്ത് നല്‍കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശത്തോടും ആരും പാടെ മുഖംതിരിച്ചിട്ടില്ല.
മുമ്പ് സ്ഥലം വിട്ടുനല്‍കിയപ്പോള്‍ ഉണ്ടാക്കിയ ധാരണകളില്‍ ചിലത് പൂര്‍ണ്ണമായും പാലിക്കപ്പെടാത്തതിന്റെ ആശങ്ക അവര്‍ പ്രകടിപ്പിച്ചതിനെ പ്രതികാര ബുദ്ധിയോടെ സമീപിക്കേണ്ട ഒന്നല്ല. ജന പ്രതിനിധികളും പ്രദേശത്തെ പ്രബല രാഷ്ട്രീയ സംഘടനയായ മുസ്്‌ലിംലീഗും അക്കാര്യത്തില്‍ ക്രിയാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ജനനിബിഢമായ മേഖലയില്‍ സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള സ്വാഭാവിക സംഭവങ്ങള്‍ക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.
എന്നാല്‍, കരിപ്പൂരില്‍ മുമ്പിറങ്ങിയിരുന്ന വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാനും നിര്‍ദിഷ്ട സ്ഥലമെടുപ്പ് പൂര്‍ത്തിയായേ മതിയാവൂവെന്ന ധാര്‍ഷ്ട്യം അസ്ഥാനത്താണ്.
9666 അടിയാണ് കരിപ്പൂരിലെ റണ്‍വെക്കുള്ളത്. ഇതിനേക്കാള്‍ ചെറിയ വിമാനത്താവളങ്ങളില്‍ നിന്ന് നിലവില്‍ ഹജ്ജ് സര്‍വ്വീസ് തുടരുന്നുമുണ്ട്. 9180 അടി റണ്‍വെയുള്ള ലക്്‌നൗ എയര്‍പോര്‍ട്ട്, 9000 അടി മാത്രമുള്ള ഭോപ്പാല്‍, മംഗലാപുരം എയര്‍പോര്‍ട്ടുകള്‍, ഇന്‍ഡോര്‍ (9022 അടി), റാഞ്ചി (8000), ഗയ (7500), വരാണസി (8300) തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. അവക്കെല്ലാം കരിപ്പൂരിനെപ്പോലെ കോഡ് ‘ഡി’ പദവിയാണുണ്ടായിരുന്നത്. എന്നാല്‍, കരിപ്പൂരിന് പദവി കോഡ് ഡിയാണെങ്കിലും കോഡ് ‘സി’യുടെ മാത്രം പരിഗണനയാണ് നല്‍കുന്നത്.
ഒട്ടേറെ പുതിയ സര്‍വ്വീസുകള്‍ വന്നപ്പോള്‍ ഇക്കാരണത്താല്‍ ഡ്രീംലൈനര്‍ 787 നെടുമ്പാശ്ശേരിയിലേക്ക് വഴിമാറിയതുള്‍പ്പെടെ എത്രയോ അനുഭവങ്ങള്‍ മുമ്പിലുണ്ട്.
സത്യത്തില്‍ എന്തുകൊണ്ടും കോഡ് ‘ഇ’ക്ക് തന്നെ അര്‍ഹതയുള്ള വിമാനത്താവളമാണ് കരിപ്പൂര്‍. നേരത്തെ തന്നെ അത്തരം സേവനങ്ങള്‍ തൃപ്തികരമായി ചെയ്ത കരിപ്പൂരില്‍ പുതിയ നവീകരണത്തോടെ വലിയ കുതിപ്പാണുണ്ടായത് താനും.
പക്ഷെ, കരിപ്പൂരിന്റെ കോഡ് ഡി ലൈസന്‍സ് പോലും ഭീഷണിയിലാണ്. 2019ല്‍ കാലാവധി അവസാനിച്ചാല്‍ കോഡ് ഡി ലൈസന്‍സ് പുതുക്കി നല്‍കാതെ സാങ്കാതിക നൂലാമാലകള്‍ ഉയര്‍ത്തിക്കാട്ടുമോയെന്ന് ഭയപ്പെടേണ്ടതുണ്ട്. സിയിലേക്ക് തരം താഴ്ത്തിയാല്‍ ജോംബോ പോയിട്ട്, എയര്‍ബസ്സ് 310, 320, 321, എ-737, എ-767 തുടങ്ങിയവയൊക്കെ അന്യമാവും. ഇതോടെ പ്രവാസികള്‍ക്ക് കണ്ണൂരോ നെടുമ്പാശ്ശേരിയോ തിരുവനന്തപുരമോ കോയമ്പത്തൂരോ മംഗലാപുരമോ മുംബൈയോയൊക്കെ മാത്രമാവും ശരണം.
ചെറുകിട വിമാനങ്ങളോടെ അങ്ങോട്ടേക്കെല്ലാം ആഭ്യന്തര സര്‍വ്വീസ് കനിയുമായിരിക്കും. 85% വരുന്ന മലബാറിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ എന്നത് നൊസ്റ്റാള്‍ജിയ മാത്രമാവും. ഹജ്ജാജികളെയും പ്രവാസികളെയും ഉംറക്കാരെയുമെല്ലാം കറവപ്പശുക്കളായി മാത്രം കാണുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ക്ക് അവരുടെ വിഷമങ്ങള്‍ പരിഗണനാ വിഷയമല്ലത്രെ. വിമാന കമ്പനികള്‍ ഹജ്ജാജികളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങള്‍ ഭയാനകമാണ്.
(തുടരും)