വാസുദേവന്‍ കുപ്പാട്ട്
ജനാധിപത്യം പുലരുന്നതിന്റെ പ്രധാന ഘടകമാണല്ലോ തെരഞ്ഞെടുപ്പ്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും മാത്രമല്ല, അതിനായി എന്തുമാര്‍ഗവും സ്വീകരിക്കാം എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സി.പി. എം. സുവര്‍ണനഗരം എന്ന പേരില്‍ അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സി.പി.എം ലൈനാണ് നാം കണ്ടത്. കൊടുവള്ളി മുനിസിപ്പാലിറ്റി 15ാം ഡിവിഷന്‍ ചുണ്ടപ്പുറത്താണ് സി.പി. എം ജനാധിപത്യത്തിന്റെ പുതിയ രീതി പരീക്ഷിച്ചത്. ഇടതു സ്ഥാനാര്‍ത്ഥി ഒ.പി അബ്ദുല്‍റഷീദിന് ഒരു വോട്ടുപോലും ലഭിച്ചില്ല എന്നതാണ് പുതിയ പരീക്ഷണത്തിന്റെ ഏറ്റവും വലിയ വിജയം. ഇവിടെ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 568 വോട്ടാണ് ഫൈസല്‍ നേടിയത്. ഇടതുമുന്നണി സ്വന്തം സ്ഥാനാര്‍ത്ഥിയെനിര്‍ത്തിയ സ്ഥിതിക്ക് ഇവിടെ ഫൈസലിനെ സഹായിക്കില്ല എന്നാണ് പാവം ജനങ്ങളും ശുദ്ധഗതിക്കാരായ പാര്‍ട്ടി അനുഭാവികളും ചിന്തിക്കുക. എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍ എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഒ.പി അബ്ദുല്‍ റഷീദിന്റെ കാര്യം എന്തായാലും ഫൈസല്‍ ജയിക്കണമെന്ന് സി.പി.എമ്മിന് നിര്‍ബന്ധമായിരുന്നുവത്രേ. അതിനായി അവര്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. വീടുതോറും കയറിയിറങ്ങി. സി.പി.എമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ചവര്‍ക്കുവേണ്ടിപോലും ഇങ്ങനെ പണിയെടുത്തിട്ടില്ല എന്നാണ് കേട്ടുകേള്‍വി. ഏതായാലും ഫൈസല്‍ വിജയം കണ്ടു.
തെരഞ്ഞെടുപ്പ് എന്നൊക്കെ പറയുമ്പോള്‍ സി.പി.എം പോലുള്ള കേഡര്‍ പാര്‍ട്ടിയില്‍ ഒട്ടേറെ ചിട്ടവട്ടങ്ങളുണ്ട.് പാര്‍ട്ടി അംഗത്വം എടുക്കുന്നതുപോലെ ഇതും വലിയ പരീക്ഷണങ്ങള്‍ താണ്ടിയുള്ള ഏര്‍പ്പാടാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കുറച്ചൊക്കെ യോഗ്യത വേണം എന്നാണ് വെപ്പ്. ഒരു മാതിരി പറഞ്ഞാല്‍ കേള്‍ക്കുന്നവരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കും. എന്നാല്‍ പാര്‍ട്ടിക്ക് യഥേഷ്ടം ഫണ്ട് ഇറക്കുന്നവരുടെ കാര്യത്തില്‍ ഇതൊന്നും പ്രശ്‌നമല്ല. അവര്‍ മത്സരിക്കാന്‍ തയാറായാല്‍ മതി. ബാക്കി പാര്‍ട്ടി നോക്കിക്കൊള്ളും. കാരാട്ട് ഫൈസലിന്റെ കാര്യത്തില്‍ അതാണ് കഴിഞ്ഞ തവണ നടന്നത്.
ഇത്തവണയാകട്ടെ അല്ലറ ചില്ലറ പ്രശ്‌നങ്ങളുണ്ടായി. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഫൈസലിനെ ചോദ്യംചെയ്തു. പാര്‍ട്ടിക്ക് പരസ്യമായി ഫൈസലിനെ ന്യായീകരിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മത്സരത്തില്‍നിന്ന് മാറി നില്‍ക്കാന്‍ സി.പി.എം ആവശ്യപ്പെട്ടെങ്കിലും ഫൈസല്‍ വഴങ്ങിയില്ല. പാര്‍ട്ടി സ്വതന്ത്രന്‍ എന്ന പരിവേഷം വിട്ട് ഫൈസല്‍ കേവല സ്വതന്ത്രനായി. എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വാസിക്കുന്ന പാര്‍ട്ടി വിടുമോ! അവര്‍ ഒറ്റക്കെട്ടായി ഫൈസലിനുവേണ്ടി രംഗത്തിറങ്ങി. വികസനം വരണമെങ്കില്‍ ഫൈസല്‍ക്ക തന്നെ വരണം എന്നായിരുന്നുവ്രതേ പ്രചാരണ മുദ്രാവാക്യം. ദോഷം പറയരുതല്ലോ ആഹ്ലാദപ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പങ്കെടുത്തപ്പോള്‍ സി.പി.എം നേതൃത്വം കണ്ടില്ലെന്ന് നടിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന സമിതി അംഗമായ ഒ.പി അബ്ദുല്‍ റഷീദിന്റെ ധര്‍മസങ്കടം ആരും അറിഞ്ഞില്ല എന്നുമാത്രം. സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് വിധേയമായപ്പോള്‍ ഒന്നു പൊട്ടിത്തെറിക്കാന്‍ പോലും ഐ.എന്‍. എല്‍ എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് സാധിക്കാതെ പോയി. അവര്‍ ഇപ്പോഴും എല്ലാം ഉള്ളിലൊതുക്കുകയാണ്.
അതവിടെ നില്‍ക്കട്ടെ. കാരാട്ട് ഫൈസലിനെ ഇത്രമാത്രം സ്‌നേഹിക്കാന്‍ സി.പി.എം അണികളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? പണത്തിന്റെ ഒഴുക്ക് എന്നല്ലാതെ മറ്റൊരു കാരണവും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. തന്റെ മിനി കൂപ്പര്‍ ഇനിയും അത്ഭുതങ്ങള്‍ കാണിക്കും എന്നാണ് ഫൈസല്‍ പറയാതെ പറയുന്നത്. പണ്ടു കാലത്ത് സി.പി.എമ്മുകാര്‍ കഴിഞ്ഞുകൂടാന്‍ വകയുള്ള പെട്ടിക്കടക്കാരനെവരെ ബൂര്‍ഷ്വാ എന്നു വിളിച്ച് ആക്ഷേപിക്കുക പതിവായിരുന്നു. ഇപ്പോഴാകട്ടെ പണച്ചാക്കുകളെ മുഴുവന്‍ കൂടെനിര്‍ത്തുകയാണ്. അഥവാ അവര്‍ക്കുവേണ്ടി സ്തുതി പാടുന്നു. കൊടുവള്ളിയില്‍ അതാണ് സംഭവിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചപ്പോള്‍ വാഹനങ്ങളുടെ അകമ്പടിയോടെ കൊടുവള്ളിയില്‍ ഫൈസലിന് സ്വീകരണം ഏര്‍പ്പാടാക്കാന്‍ ശ്രമം നടന്നിരുന്നുവത്രേ. സി.പി.എം അത് തടഞ്ഞു. ഇടതു സ്വതന്ത്രന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതും നിരുത്സാഹപ്പെടുത്തി. എന്നാല്‍, സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ പാര്‍ട്ടി വോട്ടുകള്‍ അവിടേക്ക് ഒന്നടങ്കം ഒഴുകുന്നത് തടയാന്‍ ആയില്ല. ഇതാണ് ഇപ്പോള്‍ സി.പി.എമ്മിനെ വിഷമിപ്പിക്കുന്നത്.
കാരാട്ട് ഫൈസലിനുവേണ്ടി പാര്‍ട്ടിയിലെ ഒരു അനുഭാവിപോലും രംഗത്തിറങ്ങില്ലെന്ന് സി. പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അത് പറഞ്ഞുതീരുംമുമ്പാണ് പുതിയ സംഭവവികാസങ്ങള്‍. കാരാട്ട് ഫൈസലിനുവേണ്ടി പാര്‍ട്ടി പ്രാദേശിക നേതൃത്വം വീടുതോറും രഹസ്യമായി പ്രചാരണം നടത്തുകയായിരുന്നു. ഇക്കാര്യം പുറത്തായതോടെ സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മികത വലിയ അളവില്‍ ചോദ്യം ചെയ്യപ്പെട്ടു. രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പേരില്‍ യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്ന സി.പി.എമ്മിന് കൊടുവള്ളിയിലെ അന്തര്‍നാടകങ്ങള്‍ പുറത്തായതോടെ തലയില്‍ മുണ്ടിട്ടു നടക്കേണ്ട സ്ഥിതിയായി. മിനി കൂപ്പറിന്റെ ആകര്‍ഷണവലയത്തില്‍നിന്ന് ആര്‍ക്കും പെട്ടെന്ന് രക്ഷപ്പെടാനാവില്ല. മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ അതില്‍ കയറിയതിന്റെ പൊല്ലാപ്പ് എത്ര കഴിഞ്ഞാണ് തീര്‍ന്നുകിട്ടിയത്! ഇടതുപക്ഷ പ്രചാരണാര്‍ത്ഥം നടത്തിയ ജാഥയില്‍ പങ്കെടുക്കുന്നതിനിടെയാണല്ലോ കോടിയേരി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ കയറിയത്. അതിന്റെ തനിയാവര്‍ത്തനം കഴിഞ്ഞ ദിവസവും ഉണ്ടായി. അണികള്‍ ഒന്നായി കൂപ്പര്‍ ലഹരിയില്‍പെട്ടു പോവുകയായിരുന്നു.
പണക്കാരോട് പാര്‍ട്ടിക്കുള്ള മൃദുസമീപനം പുതിയ സംഭവമല്ല. എതിര്‍ പാര്‍ട്ടിക്കാരുടെ ഇടയില്‍ നാലു പുത്തന്‍ ഉള്ളവനെ കണ്ടാല്‍ പെറ്റി ബൂര്‍ഷ്വാ എന്നു വിളിക്കും. എന്നാല്‍ തങ്ങളുടെ കൂടെയുള്ള ധനവാനെ പാവം കുറച്ചു കാശൊക്കെയുണ്ട് എന്ന മട്ടില്‍ പുന്നാരവര്‍ത്തമാനം പറയും. ഇതാണ് സ്ഥിതി. ഇതിനിടയില്‍ ഒലിച്ചുപോകുന്ന ഒന്നാണ് രാഷ്ട്രീയ ധാര്‍മികത. ഇതിന്റെ പേരിലാണ് സി.പി.എം ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്.
പറഞ്ഞുനില്‍ക്കാന്‍ സാധിക്കാത്തവിധം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് ബ്രാഞ്ച് കമ്മിറ്റിക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തയാറായത്. അണികളെയും സ്വന്തം പാര്‍ട്ടിയെയും വഞ്ചിക്കുന്ന നിലപാടെടുക്കാന്‍ പ്രാദേശിക നേതൃത്വത്തിന് ധൈര്യം നല്‍കിയത് ആരായിരിക്കും എന്ന ചോദ്യം ഉയരുകയാണ്. അതിന് അധികം ഗവേഷണം നടത്തേണ്ടിവരില്ല. സംസ്ഥാന നേതാക്കള്‍ മിനി കൂപ്പറുകള്‍ക്ക് പിറകെ പോകുമ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട എന്ന് പ്രാദേശിക സഖാക്കള്‍ ചിന്തിച്ചു കാണണം.
ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഒട്ടേറെ വഴികളുണ്ട്. അക്രമത്തിന്റെയും താന്‍പോരിമയുടെയും വഴിയാണ് പ്രധാനം. കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പല വാര്‍ഡുകളിലും സി. പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുക എന്ന പ്രതിഭാസം തുടര്‍ച്ചയായി കാണാന്‍ കഴിയുന്നു. അവിടെ എതിരില്ലാത്തതുകൊണ്ടല്ല. നാട്ടുകാര്‍ മുഴുവന്‍ സി.പി.എം അനുഭാവികള്‍ ആയതുകൊണ്ടുമല്ല. കഠാര രാഷ്ട്രീയത്തിന്റെ മുനയില്‍ എതിര്‍പക്ഷത്തെ പേടിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളിലെ ജനാധിപത്യം ഇങ്ങനെയാണ്‍ ഇതിന്റെ വേറൊരു പതിപ്പാണ് കൊടുവള്ളിയില്‍ കണ്ടത്. വര്‍ഷങ്ങളായി കൂടെനിന്ന ഐ.എന്‍.എല്‍ എന്ന കൂട്ടരെ ഒരിക്കല്‍കൂടി ഒന്നിനും കൊള്ളാത്തവരാക്കി. സി.പി.എമ്മിനകത്തെ ജനാധിപത്യം ഇങ്ങനെയല്ലാമാണ് മുന്നോട്ടുപോകുന്നത്. നിയമസഭാതെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്തെല്ലാം ചവിട്ടുനാടകങ്ങള്‍ ഉണ്ടാവും. കാത്തിരുന്ന് കാണുക തന്നെ.