ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിചാരണ നേരിടുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. കോടതിയലക്ഷ്യമെന്ന അധികാരം സുപ്രീംകോടതി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുകയാണെന്ന് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. നമ്മെ പിന്നോട്ട് നയിച്ചതിന് കോടതികളെ ചരിത്രം വിചാരണ ചെയ്യുമെന്നും സിബല്‍ പറഞ്ഞു.
‘കോടതിയലക്ഷ്യമെന്ന അധികാരം അടിച്ചമര്‍ത്താനുള്ള ഉപകരണമായാണ് ഉപയോഗിക്കപ്പെടുന്നത്. ഭരണഘടനയെയും നിയമങ്ങളെയും സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ രണ്ടിനോടും തുറന്ന അവഹേളനം കാണിക്കുമ്പോള്‍ കോടതികള്‍ നിസ്സഹായരാകുന്നത് എന്തുകൊണ്ടാണ്? ഞങ്ങളെ നിരാശപ്പെടുത്തിയതിന് കോടതികളെ ചരിത്രം വിചാരണചെയ്യും’-കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കും രണ്ട് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് മുന്‍ നിലപാട് തിരുത്താന്‍ മൂന്ന് ദിവസം സമയം അനുവദിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും മാപ്പ് പറയില്ലെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.