ബേഗുസരായ്: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന യുദ്ധവിമാനങ്ങളുടെ യഥാര്‍ഥ വില പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരോടെങ്കിലും വെളിപ്പെടുത്തണമെന്ന് കനയ്യകുമാര്‍ ആവശ്യപ്പെട്ടു. കേദാര്‍നാഥില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കനയ്യ.
രാമക്ഷേത്ര വിഷയത്തിലും കനയ്യ മോദിയെ കടന്നാക്രമിച്ചു.
തന്റെ ഉത്തരവാദിത്തങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ വരുന്‌പോള്‍ അദ്ദേഹത്തിനു രാമനെ ഓര്‍മവരുമെന്നായിരുന്നു കനയ്യയുടെ പരിഹാസം. ബിഹാറില്‍ തേജസ്വി യാദവാണ് പ്രതിപക്ഷത്തിന്റെ മുഖമെന്നും അദ്ദേഹത്തിനു കീഴില്‍ സംസ്ഥാനത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണു താന്‍ കരുതുന്നതെന്നും കനയ്യ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ബേഗുസാരായില്‍നിന്ന് സിപിഐ സീറ്റില്‍ കനയ്യ ലോക്‌സഭയിലേക്കു മത്സരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മറുപടി. ബേഗുസാരായ് ജില്ലയിലെ ബീഹത് സ്വദേശിയാണു കനയ്യ. ഡല്‍ഹിയിലെയും ബിഹാറിലെയും ഇടത് നേതാക്കള്‍ക്കു കനയ്യ മത്സരിക്കുന്നതിനോടു താത്പര്യമാണ്. കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുമെന്നാണു സിപിഐ കരുതുന്നത്.
സിപിഐയുടെ ശക്തികേന്ദ്രമായിരുന്നെങ്കിലും നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ബേഗുസാരായി. ആര്‍ജെഡിയുടെ തന്‍വീര്‍ സിംഗിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി ഭോല സിംഗ് ഇവിടെ വിജയിച്ചു. 58,000 സീറ്റുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഭോലസിംഗിന്റെ വിജയം. കനയ്യയെ ഇറക്കി ഈ മണ്ഡലം തിരികെ പിടിക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്.