റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ഒരു മാസത്തെ ലോകകപ്പ് ആവേശം ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് പുതിയ ചിന്തകളും ടീമുകളും താരങ്ങളും. മാറിയ കാലത്തിനൊപ്പം മല്‍സരിക്കുന്നവരായിരിക്കുന്നു ടീമുകള്‍. പഴഞ്ചന്‍ പിന്തിരിപ്പന്‍ സമീപനത്തിന് വിപണിയില്ല. പ്രതിരോധമെന്ന സൂത്രവാക്യത്തിലും ഒഫന്‍സീവ് മുദ്രാവാക്യത്തിലും പരിശീലകര്‍ക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു.
90 മിനുട്ടിലെ ഫുട്‌ബോള്‍ പൂര്‍ണസമയത്തും ലൈവായി മാറണമെന്നതായിരിക്കുന്നു പുതിയ ചിന്ത. അതിന് കാലത്തിന് മാര്‍ക്ക് നല്‍കണം. അതിവേഗമാണ് ലോക സഞ്ചാരം. കളിയിടം ആ വേഗതയില്‍ പോവേണ്ടിയിരിക്കുന്നു. സ്‌റ്റേഡിയങ്ങളില്‍ വന്ന് കളി കാണുന്നവരേക്കാള്‍ ആവേശത്തിലാണ് സ്വന്തം മൊബൈലില്‍ ആളുകള്‍ കളിയെ കാണുന്നതും വിസ്തരിക്കുന്നതും വിമര്‍ശിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കൂലംകഷമായ ചര്‍ച്ചകളും ട്രോളുകളും താരങ്ങളെ പോലും സാരമായി ബാധിക്കുന്നു. വിശകലനമെന്നത് വിശാരദന്റെ ജോലിയായിരുന്നെങ്കില്‍ അതിപ്പോള്‍ എല്ലാവരും ചെയ്യുന്നു. ആ ചിന്തയുടെ പുതിയ വഴിയാണ് ഈ ലോകകപ്പ്.
ടീമുകളെ നോക്കുക. മുമ്പെല്ലാം ലോകകപ്പ് വരുമ്പോള്‍ ചര്‍ച്ചാ ടേബിളിലേക്ക് വരുക സ്ഥിരക്കാരാണ്. ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങിയവര്‍. ഇവരെല്ലാം പരമ്പരാഗത ഫുട്‌ബോല്‍ ശക്തികളാണ്. പക്ഷേ ഇത്തവണ മേല്‍പ്പറഞ്ഞ പരമ്പരാഗതവാദികളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് സെമിഫൈനല്‍ കണ്ടത്. ഇംഗ്ലണ്ടും ഫ്രാന്‍സും. ഇതില്‍ ഇംഗ്ലണ്ട് പുറത്തായിരിക്കുന്നു. അതിന് കാരണമാവട്ടെ പഴഞ്ചന്‍ ശൈലി പുറത്തെടുത്തത്. സെമി വരെ പോസിറ്റീവായി വേഗതയില്‍ കളിച്ച ഇംഗ്ലണ്ട് സെമിയില്‍ ഇന്നലെകളിലെ അടവുകളിലേക്ക് പോയി. ദുരന്തവുമായി. അല്‍ഭുതങ്ങളുമായാണ് പുതിയ ടീമുകള്‍ വന്നത്. ഫുട്‌ബോളെന്നത് ആഗോളീയമായിരിക്കുന്നുവെന്നും ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്നതുമാണ് റഷ്യ നല്‍കുന്ന സന്ദേശം. ആതിഥേയരായ റഷ്യക്ക് ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. അവര്‍ ക്വാര്‍ട്ടര്‍ കളിച്ച് വീരോചിതം മടങ്ങി.
ക്രൊയേഷ്യക്കാര്‍ ഇത് വരെ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ചു. തോല്‍പ്പിച്ചവരുടെ പട്ടികയില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടുമുണ്ട്. അവര്‍ കിരീടത്തിന് അരികില്‍ നില്‍ക്കുന്നു. ബെല്‍ജിയത്തിന്റെ യാത്രയോ- ഗംഭീരമായിരുന്നു. ബ്രസീലിനെ പോലും നാമാവശേഷമാക്കിയ യുവ ടീം. ജപ്പാന്റെ വരവ് രാജകീയമായിരുന്നു. കൊളംബിയക്കാരെ തോല്‍പ്പിച്ചും ബെല്‍ജിയത്തെ വിറപ്പിച്ചുമാണ് അവര്‍ മടങ്ങിയത്. ലോക ചാമ്പ്യന്മാരായ ജര്‍മനിയെ വരച്ച വരയില്‍ നിര്‍ത്തിയുളള വിജയമായിരുന്നു മെക്‌സിക്കോ നേടിയത്. കൊറിയക്കര്‍ ജര്‍മനിയെ രണ്ട് ഗോളിന് തോല്‍പ്പിക്കുമെന്ന് അന്യായ സ്വപ്‌നത്തില്‍ പോലും ആരും കരുതിയിരുന്നില്ല. അതും സംഭവിച്ചു. എന്തിന് കന്നിക്കാരായ പാനമ കളിച്ച മൂന്ന് കളികളിലും തോറ്റെങ്കിലും അവര്‍ രണ്ട് ഗോള്‍ പ്രതിയോഗികള്‍ക്ക് സമ്മാനിച്ചു. അര്‍ജന്റീനയും സ്‌പെയിനും ജര്‍മനിയുമെല്ലാം അതിവേഗം വന്ന വഴിയേ മടങ്ങി.
ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ലോകകപ്പിന്റെ പോസ്റ്റര്‍ താരങ്ങള്‍. മെസി നേടിയത് ഒരു ഗോള്‍-സമ്പൂര്‍ണ്ണ പരാജയമായിരുന്നു ആ താരം. പൗലോ ഡിബാലെയെ പോലെ ഒരു യുവതാരത്തെ കരക്കിരുത്തിയ പാതകത്തില്‍ മെസിക്കും വലിയ പങ്കുണ്ടായിരുന്നു. കൃസ്റ്റിയാനോ സ്‌പെയിനിനെതിരെ ഹാട്രിക്ക് നേടി. പക്ഷേ നോക്കൗട്ടില്‍ പുറത്തായി. നെയ്മറാണ് മൂന്ന് പേരില്‍ മികച്ച പോരാട്ടം നടത്തിയത്. എല്ലാ മല്‍സരങ്ങളിലും പതിവ് വേഗതയില്‍ ഉജ്ജ്വലമായി കളിച്ചു അദ്ദേഹം. പക്ഷേ ക്വാര്‍ട്ടറില്‍ വീണു. ഇവര്‍ക്കെല്ലാം പകരം ഈഡന്‍ ഹസാര്‍ഡ്, റുമേലു ലുക്കാക്കു, കൈലിയന്‍ എംബാപ്പേ, ലുക്കാ മോദ്രിച്ച്, മരിയോ മാന്‍സുകിച്ച്, അന്റോണിയോ ഗ്രിസ്മാന്‍, അഹമ്മദ് മൂസ, ജോര്‍ദ്ദാന്‍ പിക്‌ഫോര്‍ഡ്, ഹാരി കെയിന്‍, അലക്‌സി ചെര്‍ച്ചഷേവ് തുടങ്ങിയവരെല്ലാമാണ് തിളങ്ങിയത്.
2018 ലെ റഷ്യന്‍ ലോകകപ്പ് അറിയാന്‍ പോവുന്നത് കൊലകൊമ്പന്മാരുടെ പതന വേദിയായാണ്. അത് നല്ല യുവ ഫുട്‌ബോളിനുള്ള വഴിയുമാവുന്നു. ഞായറാഴ്ച്ച മികച്ച കളിക്കാരനായി, ടോപ് സ്‌ക്കോററായി, മികച്ച ഗോള്‍ക്കീപ്പറായി, മികച്ച യുവതാരമായെല്ലാം തെരഞ്ഞെടുക്കപ്പെടാന്‍ പോവുന്നത് പുതിയ താരങ്ങളാണ്. പുതിയ ലോകത്തേക്കുള്ള പുതിയ വാതായനമാണ് റഷ്യ-സംശയമില്ല.