Connect with us

Culture

ഇംഗ്ലണ്ട് അര്‍ഹിച്ച ക്വാര്‍ട്ടര്‍; വസന്തകാലം തിരിച്ചുവരുന്നു

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


നെഞ്ചിടിപ്പോടെയാണ് ഷൂട്ടൗട്ട് വേളയില്‍ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തിലെ പ്രസ് ബോക്‌സിലിരുന്നത്. അതിന് കാരണമുണ്ട്-ഇംഗ്ലണ്ട് എന്നും നിര്‍ഭാഗ്യവാന്മാരായിരുന്നു. ലോകകപ്പില്‍ മൂന്ന് തവണ ഷൂട്ടൗട്ടില്‍ പുറത്തായവര്‍. ഫുട്‌ബോള്‍ തറവാട്ടുകാര്‍. ഏറ്റവും നല്ല യൂറോപ്യന്‍ ലീഗിന് അരങ്ങൊരുക്കുന്നവര്‍. എല്ലാ താരങ്ങളെയും കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നവര്‍. പക്ഷേ ലോകകപ്പ് ചരിത്രമെടുക്കുക-1966 ലെ ആ നേട്ടത്തിന് ശേഷം കേവലം അതിഥികളായി ലോകകപ്പിന് വന്നു പോവുന്നവര്‍. ഇംഗ്ലണ്ട് കളിക്കാത്ത ലോകകപ്പില്ല. പക്ഷേ ഡേവിഡ് ബെക്കാമും ഗാരി ലിനേക്കറും അലന്‍ ഷിയററും മൈക്കല്‍ ഓവനും വെയിന്‍ റൂണിയും ഡേവിഡ് സീമാനുമെല്ലാം പല ലോകകപ്പുകളിലും തല താഴത്തി മടങ്ങുന്നത് വേദനയോടെയാണ് കണ്ടത്. ഇത്തവണയും അത് സംഭവിക്കുമോ…? നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിട്ട് നിന്ന ടീമാണവര്‍. അവര്‍ വിജയിക്കുമെന്ന ഘട്ടത്തിലായിരുന്നല്ലാ യാരെ മാനേയുടെ ആ ഹെഡ്ഡറും സമനിലയും പിറക്കുന്നത്. പിന്നെ അധികസമയത്താവട്ടെ കൊളംബിയക്കരാരാണ് ആധിപത്യം സ്ഥാപിച്ചതും. ഷൂട്ടൗട്ട് വേളയിലേക്ക് വരുമ്പോള്‍ എനിക്ക് അരികില്‍ ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയിലിന്റെ ലേഖകന്‍ ചന്ദ്രശേഖര്‍ ഭഗത് (അദ്ദേഹം ഇന്ത്യക്കാരനാണ്. മുംബൈ നിവാസി. പക്ഷേ 20 വര്‍ഷമായി ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനാണ്). അദ്ദേഹത്തോട് ചോദിച്ചു- ഉത്തരമില്ല.. പിന്നെ പതുക്കെ അദ്ദേഹം പറഞ്ഞു-കമാല്‍, ഇറ്റ്‌സ് ഗോയിംഗ് ടു ബി ക്രിട്ടിക്കല്‍…

റഫറി വിസില്‍ മുഴക്കി. ആദ്യ കിക്കെടുക്കുന്നത് കൊളംബിയന്‍ നായകന്‍ റെഡിമാല്‍ ഫല്‍ക്കാവോ. ഗോള്‍ വലയത്തില്‍ ജോര്‍ദ്ദാന്‍ പിക്ക്‌ഫോര്‍ഡ്. കൃത്യമായ ഷോട്ട്. കൊളംബിയ 1-0. ഇംഗ്ലണ്ടിന്റെ ആദ്യ കിക്കെടുക്കാന്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ നായകന്‍ ഹാരി കെയിന്‍. ഡേവിഡ് ഒസ്പിന എന്ന കൊളംബിയന്‍ ഗോള്‍ക്കീപ്പര്‍ ചില്ലറക്കാരനല്ല. പക്ഷേ പന്ത് വലയില്‍. ഷൂട്ടൗട്ട് 1-1. കൊളംബിയക്ക് വേണ്ടി കുവാദാര്‍ദോ. അടിപൊളി ഷൂട്ടറാണ് കക്ഷി. പിഴക്കില്ല എന്നുറപ്പ്. അത് പോലെ തന്നെ സംഭവിച്ചു. 2-1 ന് കൊളംബിയക്ക്് ലീഡ്. ഇംഗ്ലണ്ടിന്റെ കിക്കെടുക്കാന്‍ യുവതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. അതിലും ആശങ്കയുണ്ടായിരുന്നില്ല 2-2. ലോ മുറിയലായിരുന്നു കൊളംബിയക്കായി മൂന്നാം കിക്ക്് പായിച്ചത്. അതും വലയില്‍ 3-2ന് ലാറ്റിനമേരിക്കന്‍ സംഘത്തിന് ലീഡ്. ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്റെ ഷോട്ട് എടുക്കാന്‍ വരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ അങ്കലാപ്പ് പ്രകടം. ഒന്നിലധികം തവണ പന്ത് പരിശോധിക്കുന്നു. അപ്പോള്‍ തന്നെ ഒന്നുറപ്പിച്ചു-ഞാന്‍ മുഖം താഴ്ത്തി. പന്ത് കൊളംബിയന്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്. ചന്ദ്രശേഖര്‍ ഭഗതിനെ നോക്കിയപ്പോള്‍ അദ്ദേഹം കണ്ണടച്ച് ഇരിക്കുന്നു. കൊളംബിയക്ക്് ലീഡ്. നിര്‍ഭാഗ്യം വീണ്ടും ഇംഗ്ലണ്ടിന്റെ വഴിയില്‍ തന്നെ. ഇനി എന്ത് ചെയ്യും…? കൊളംബിയക്കാര്‍ക്ക്് പിഴക്കണം. മുറെ ഉറിബോ വരുന്നു. ആ പതിനഞ്ചാം നമ്പറുകാരന്‍ അടിച്ച പന്ത് ക്രോസ് ബാറില്‍ തട്ടി മടങ്ങുന്നു. ഭാഗ്യം ഇംഗ്ലണ്ടിനെ കൈ വിട്ടിട്ടില്ല. അപ്പോഴാണ് ശ്വാസം നേരെ വീണത്.

നിഷ്പക്ഷമായി കളിയെ കാണേണ്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇങ്ങനെ പക്ഷപാതിയാവാമോ എന്ന ചിന്ത മനസ്സിലുണ്ട്. പക്ഷേ ഇംഗ്ലണ്ട് കുഞ്ഞുനാളില്‍ മുതല്‍ ഫുട്‌ബോള്‍ മൈതാനത്ത് വീരഗാഥ രചിക്കുന്ന പേരാണല്ലോ.. അത് മായുന്നില്ല. ഇംഗ്ലണ്ടിന് വേണ്ടി അടുത്തത് കിരണ്‍ ട്രിപ്പിയര്‍. ഗോള്‍. മല്‍സരം 3-3. അടുത്ത ഷോട്ടിന് വരുന്നത് കൊളംബിയയുടെ കാര്‍ലോസ് ബാക്ക. കിടിലന്‍ താരം. അവസാന ഷോട്ടിന് എപ്പോഴും പരിശീലകര്‍ മികച്ച താരങ്ങളെയാണ് നിയോഗിക്കുക. അത് കൊണ്ട് തന്നെയാണ് ബാക്ക വന്നത്. പക്ഷേ പിക്‌ഫോര്‍ഡ് മായാജാലം കാട്ടി. പന്ത് വന്നത് അദ്ദേഹത്തിന് നേരെ. സേവ്… ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈ… എറിക് ഡയറിനാണ് അവസാന അവസരം. ഗോളായാല്‍ ഇംഗ്ലണ്ട് ജയിക്കും… ഇംഗ്ലീഷ് ആരാധകരെ നോക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍. കൊളംബിയന്‍ കോച്ച് പെക്കര്‍മാനെ നോക്കുമ്പോള്‍ അദ്ദേഹം മുഖം പൊത്തി നില്‍ക്കുന്നു. ഭഗതിന്റെ തലയും താഴ്ന്ന് തന്നെ…ഡയറിന് പിഴച്ചില്ല….. 4-3ന് ഇംഗ്ലണ്ട്… പിന്നെ പറയേണ്ടതില്ലല്ലോ……

സത്യത്തില്‍ ജയിക്കേണ്ടതും ഇംഗ്ലണ്ട് തന്നെയായിരുന്നു. കൊളംബിയക്കാരുട മല്‍്‌സര സമീപനം നല്ല ഫുട്‌ബോളിന് യോജിച്ചതായിരുന്നില്ല. ബോഡിലൈന്‍ ഗെയിമില്‍ അവര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ റഫറി അല്‍പ്പം ജാഗ്രത പാലിക്കേണ്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. ആറ് മഞ്ഞക്കാര്‍ഡുകളാണ് കൊളംബിയക്കാര്‍ വാങ്ങിയത്. ഇംഗ്ലണ്ട് രണ്ടും. 23 ഫൗളുകളാണ് ഫല്‍ക്കാവോയുടെ സംഘം ചെയ്തത്. ഇതില്‍ മൂന്നെണ്ണം മാരകമായിരുന്നു. ഫൗളിന് കൊളംബിയക്കാരെ ഇംഗ്ലണ്ട് പ്രേരിപ്പിച്ചു എന്നതും രസകരമാണ്. ഹാരിക്ക് പെനാല്‍ട്ടി ലഭിച്ച അവസരം ഇംഗ്ലണ്ട് ബോധപൂര്‍വ്വം സൃഷ്ടിച്ചത് തന്നെയായിരുന്നില്ലേ…. കോര്‍ണര്‍ കിക്കുകളും ഫ്രീകിക്കുകളും വരുമ്പോള്‍ ഇംഗ്ലീഷ് താരങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കും. പന്ത് റീലിസ് ചെയ്യുമ്പോള്‍ ചിതറിയോടും. അപ്പോള്‍ ഇവരെ പിടിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ജഴ്‌സിയിലോ ശരീരത്തിലോ പിടിക്കും. അവര്‍ വീഴും. ബോക്‌സിലാണെങ്കില്‍ റഫറി പെനാല്‍ട്ടി വിളിക്കും. ആ കെണിയില്‍ കൊളംബിയ തല വെച്ചു. ഇനി സ്വീഡന്‍. വലിയ കുഴപ്പമില്ല ഇംഗ്ലണ്ടിന്. അത് കഴിഞ്ഞാല്‍ സെമിയില്‍ ക്രൊയേഷ്യ-റഷ്യ വിജയികളാണ്. അവിടെ പൊരുതി നിന്നാല്‍ ജയിക്കാം-പിന്നെ വരുന്നത് ഫൈനലാണ്-ഇംഗ്ലീഷ് ഫുട്‌ബോള്‍ വസന്തകാലത്തിലേക്ക് തിരിച്ചുവരുമോ…..

സ്വിറ്റ്‌സര്‍്‌ലാന്‍ഡ്-സ്വീഡന്‍ സെമി നിലവാരം പുലര്‍ത്തിയില്ല. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. രണ്ട് പേരും പ്രതിരോധ ജാഗ്രതയില്‍ പന്തിനെയും ആക്രമണത്തെയും മറക്കുകയോ ഭയക്കുകയോ ചെയ്തു. സ്വീഡന്റെ ഗോള്‍ ഭാഗ്യമായിരുന്നു. അതിന് ശേഷമാണ് ഷക്കീരിയും സംഘവും ഇത് ലോകകപ്പ് നോക്കൗട്ടാണെന്ന സത്യം മനസ്സിലാക്കിയത്. പിന്നെ കുതിപ്പായിരുന്നു. പക്ഷേ സമയം അതിക്രമിച്ചിരുന്നു.
ക്വാര്‍ട്ടര്‍ ചിത്രമായിരിക്കുന്നു. വെള്ളിയാഴ്ച്ച ഉറുഗ്വേയും ഫ്രാന്‍സും. പിറകെ ബ്രസീലും ബെല്‍ജിയവും. ശനിയാഴ്ച്ച സ്വീഡനും ഇംഗ്ലണ്ടും. പിറകെ റഷ്യയും ക്രൊയേഷ്യയും. എന്റെ നീരീക്ഷണം ഇപ്രകാരമാണ്. ഫ്രാന്‍സ് ഉറുഗവേയെ കീഴ്‌പ്പെടുത്തും. ബ്രസീല്‍ ബെല്‍ജിയത്തെയും. അങ്ങനെ ഫ്രാന്‍സ്-ബ്രസീല്‍ സെമി. സ്വീഡനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും റഷ്യയെ മറികടന്ന് ക്രൊയേഷ്യയും രണ്ടാം സെമി.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending