Connect with us

kerala

കെ.റെയില്‍; ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയതെന്ന് വിഡി സതീശന്‍

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

Published

on

ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈനിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായ അതിക്രമമാണ് പൊലീസ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പൊലീസ് അതിക്രമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വനിതാ പൊലീസുകാരില്ലാതെ നിലത്തുകൂടി വലിച്ചിഴച്ചും സമര സമിതി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും അറസ്റ്റു ചെയ്തിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്യണമെന്ന വാശിയിലാണ് പൊലീസ്. കെ റെയിലിന് എതിരായി സംസ്ഥാനത്ത് വ്യാപകമായി വന്‍ പ്രതിഷേധം നടക്കുകയാണെന്നും അത് ജനങ്ങളുടെ പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പരിസ്ഥിതി സാമൂഹിക ആഘാതം ഉണ്ടാകുമെന്ന് കരുതിയുള്ള പ്രതിഷേധമാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ്. പാരിസ്ഥിതികമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ ജീവനും സ്വത്തും സംരക്ഷിക്കാനാകില്ലെന്ന ഉത്കണ്ഠയില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. രണ്ടര ലക്ഷം കോടിയോളം ചെലവുള്ള സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന് അറിയാവുന്നവരുടെ പ്രതിഷേധമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടവരും രാഷ്ട്രീയമില്ലാത്തവരും പദ്ധതിക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താം എന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിപ്പോയെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

ഒരോ അടിച്ചമര്‍ത്തലിലും ഈ സമരം കേരളം ഒന്നാകെ ഏറ്റെടുത്ത് ശക്തിപ്പെടുത്തും. ശനിയാഴ്ച നടക്കുന്ന ജനകീയ സദസോടു കൂടി യു.ഡി.എഫും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ ശക്തമായി രംഗത്തിറങ്ങും. സമരം ചെയ്യുന്നവരോടൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്നും അറിയിച്ചു. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. ഈ സമരത്തിന് ഒരു രാഷ്ട്രീയമുണ്ട്. മുഖ്യമന്ത്രി തെറ്റിദ്ധരിക്കുന്നത് കക്ഷി രാഷ്ട്രീയം മാത്രമാണ് രാഷ്ട്രീയമെന്നാണ്. ഇതില്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയമുണ്ട്. ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ദുരിതത്തിന്റെ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലും യു.ഡി.എഫ് ഈ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയാണ്. ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അതില്‍ രാഷ്ട്രീയമാണെന്നാണ് ആക്ഷേപമെങ്കില്‍ അത് സമ്മതിക്കുന്നു. അതില്‍ രാഷ്ട്രീയമുണ്ട്. ഇത് കേരളം മുഴുവന്‍ ഇരകളാകാന്‍ പോകുന്ന ഒരു പദ്ധതിയില്‍ നിന്നും രക്ഷിക്കാനുള്ള ജനകീയ സമരമാണ്. അതിനൊപ്പമാണ് യു.ഡി.എഫെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷം എവിടെയാണ് അക്രമം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. ജനാധിപത്യപരമായ രീതിയില്‍ തടയുകയല്ലാതെ പൊലീസിനെ കല്ലെറിഞ്ഞോ? ആക്രമിച്ചോ? യു.ഡി.എഫ് നേതാവായ ജോസഫ് എം. പുതുശേരി ഉള്‍പ്പെടെയുള്ളവരുടെ ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ചു. ചങ്ങനാശേരിയില യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ജെ ലാലി പരുക്കേറ്റ് തളര്‍ന്ന് വീണു. നിരവധി സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുകയാണ്. കുഞ്ഞുങ്ങള്‍ നോക്കി നില്‍ക്കേ അമ്മമാരെ നിലത്തിട്ട് വലിച്ചിഴച്ച് പുരുഷ പൊലീസുകാര്‍ വാഹനങ്ങളിലേക്ക് വലിച്ചെറിയുകയാണ്. നരനായാട്ടാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി. സമരത്തോടൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നും ഭരണാധികാരികള്‍ക്ക് അധികാരത്തിന്റെ അന്ധത ബാധിക്കുമ്പോള്‍ ഒന്നും കാണാതെ പോകുമെന്നും പറഞ്ഞു. അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അന്ധതയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് ഓരോ ഗ്രമങ്ങളിലും നടക്കുന്ന സമരം മുഖ്യമന്ത്രി കാണാതെ പോകുന്നത്. കല്ലിടാന്‍ പോയ എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ ചെറുത്ത് നിന്നു. കാസര്‍കോട് മുതല്‍ സില്‍വര്‍ ലൈന്‍ തുടങ്ങുമെന്ന് പറയുന്ന എല്ലാ സ്ഥലങ്ങളിലും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ അന്ധതകൊണ്ടും അധികാരത്തിന്റെ ധാര്‍ഷ്ട്യം കൊണ്ടും ഈ സമരത്തെ കാണാതെ പോകുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മലപ്പുറത്ത് സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പുനരന്വേഷിക്കണം’: പി.കെ കുഞ്ഞാലിക്കുട്ടി

ഭരണകക്ഷി എംഎൽഎ, ഒരു മുൻമന്ത്രി അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്

Published

on

മലപ്പുറത്ത് സമീപകാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരെ വേണമെങ്കിലും പിടിച്ച് മയക്കുമരുന്ന് കച്ചവടക്കാരാക്കുക, കൊല്ലുക, ആർക്കെതിരെയും കേസെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് നടന്നത്. അത് ചെറിയ കാര്യമല്ല. ബ്രിട്ടീഷുകാരുടെ കാലത്തും ഇതൊക്കെ തന്നെയാണ് നടന്നിരുന്നത്. സുപ്രധാന പദവിയിലിരിക്കുന്ന ആളുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ, ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വേണം അന്വേഷണം. അത് ഇടതുമുന്നണിയിൽ നിന്നും തന്നെ അഭിപ്രായം ഉയർന്ന കാര്യങ്ങളാണ്. രാഷ്ട്രീയമായും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളവും വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. അതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണകക്ഷി എംഎൽഎ, ഒരു മുൻമന്ത്രി അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പൂരം കലക്കി, പൊലീസിനെ ഉപയോഗിച്ച് ക്രിമിനൽ ആക്ടിവിറ്റി ഒരുപാട് നടത്തി, കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട പൊലീസിനെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങളിൽ സംശുദ്ധമായ അന്വേഷണം നടക്കണം. അന്വേഷണം നടന്നില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കും. ആ ക്യാംപെയ്ൻ ഇടതുമുന്നണിക്ക് വളരെ പ്രശ്നമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറത്തെ പൊലീസ് കുറച്ചു കാലത്തെ മൊത്തം പ്രവർത്തനങ്ങൾ മൊത്തം ദുരൂഹമാണ്. ചെറിയ വീഴ്ചയല്ല ഉണ്ടായിട്ടുള്ളത്. കസ്റ്റംസിന്റെ പുറത്തേക്ക് കിട്ടുന്ന സ്വർണം പൊലീസ് കൈകാര്യം ചെയ്ത ഒരു കേസാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അനേകം കേസുകളാണ് നാട്ടുകാർ ചർച്ച ചെയ്യുന്നത്. ആ കാലഘട്ടത്തിൽ നടന്ന പൊലീസ് ആക്ടിവിറ്റീസ് പുറത്തു വരിക തന്നെ വേണം. അക്കാലത്താണ് ഒരാളെ തല്ലിക്കൊന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണ്ണായകം; കൂടുതല്‍ ലോഹഭാഗങ്ങളും മരത്തടികളും കണ്ടെത്തി

ന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു

Published

on

കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും പുരോഗമിക്കുന്നു. ഇന്നത്തെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്നും ലോഹഭാഗങ്ങള്‍ കണ്ടെത്തി. എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും മറ്റ് വസ്തുക്കളും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും കണ്ടെത്തിയിട്ടുണ്ട്.

ഈശ്വര്‍ മാല്‍പേ നടത്തിയ ഡൈവിങ്ങിലാണ് മരത്തടികള്‍ കണ്ടെത്തിയത്. കരയ്ക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു. കണ്ടെടുത്തത് ഒരു പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും സ്റ്റിയറിങ് കണ്ടിട്ട് ലോറിയുടേതാവാന്‍ സാധ്യതയില്ലെന്നുമാണ് മനാഫിന്റെ നിഗമനം.

സ്റ്റിയറിംഗ് കണ്ടെത്തി എന്ന് മല്‍പെ പറഞ്ഞ ഭാഗത്തേക്ക് ഡ്രജ്ജര്‍ എത്തിച്ച് നടത്തിയ പരിശോധയിലാണ് ക്യാബിന്റെ ഭാഗം പുറത്തെടുത്തത്. ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. 60 ടണ്‍ ഭാരം വരെയാണ് ഡ്രഡ്ജറിന്റെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കുക. നാവികസേന നിര്‍ദ്ദേശിച്ച മൂന്ന് പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് നിന്ന് ഏകദേശം 30 മീറ്റര്‍ മാറിയാണ് ലോറിയുടെ സ്ഥാനമെന്നാണ് മല്‍പെ പറഞ്ഞത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മല്‍പെ അറിയിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശത്മമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

നാളെ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മുതല്‍ 26 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

Continue Reading

Trending