X

കെ.സി. വേണുഗോപാൽ പി.എ.സി. ചെയർമാൻ; വിവിധ സമിതികളിൽ കേരളത്തിൽനിന്ന് അഞ്ചംഗങ്ങൾ

പാര്‍ലമെന്റിന്റെ 5 സമിതികളിലേക്കുള്ള അംഗങ്ങളെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നാമനിര്‍ദേശം ചെയ്തു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) ചെയര്‍മാനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ലോക്സഭാംഗവുമായ കെ.സി. വേണുഗോപാലിനെ നിയമിച്ചു. വിവിധസമിതികളില്‍ കേരളത്തില്‍നിന്ന് വേണുഗോപാലിനെ കൂടാതെ ലോക്സഭാംഗങ്ങളായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍ എന്നിവരും രാജ്യസഭാംഗം ഡോ. വി. ശിവദാസനും അംഗങ്ങളാണ്.

2024-25 വര്‍ഷത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി)., പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം കൈകാര്യംചെയ്യുന്ന സമിതി, എസ്റ്റിമേറ്റ്സ് സമിതി, പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി, പട്ടികജാതി-വര്‍ഗ ക്ഷേമം ഉറപ്പാക്കുന്ന സമിതി എന്നിവയിലേക്കാണ് അംഗങ്ങളെയും അധ്യക്ഷന്മാരെയും നിയമിച്ചത്. സമിതികളില്‍ പ്രധാനപ്പെട്ട പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനാണ് കെ.സി. വേണുഗോപാല്‍. ലോക്സഭയിലെ 15, രാജ്യസഭയിലെ ഏഴ് എന്നിങ്ങനെ ചെയര്‍മാനടക്കം 22 അംഗങ്ങളാണ് പി.എ.സി.യിലുള്ളത്.

ലോക്സഭയില്‍നിന്ന് ടി.ആര്‍. ബാലു, ഡോ. നിഷികാന്ത് ദുബൈ, ജഗദംബിക പാല്‍, ജയ്പ്രകാശ്, രവിശങ്കര്‍ പ്രസാദ്, സി.എം. രമേഷ്, എം. ശ്രീനിവാസുലു റെഡ്ഡി, പ്രൊഫ. സൗഗത റോയി, അപരാജിതാ സാരംഗി, ഡോ. അമര്‍ സിങ്, തേജസ്വി സൂര്യ, അനുരാഗ് സിങ് ഠാക്കൂര്‍, ബി. വല്ലഭനേനി, ധര്‍മേന്ദ്ര യാദവ് എന്നവരാണ് മറ്റംഗങ്ങള്‍. രാജ്യസഭയില്‍നിന്ന് തിരുച്ചി ശിവ, എ.എസ്. ചവാന്‍, ശക്തിസിങ് ഗോഹില്‍, ഡോ. കെ. ലക്ഷ്മണ്‍, പ്രഫുല്‍ പട്ടേല്‍, സുഖേന്ദു ശേഖര്‍ റേ, സുധാന്‍ഷു ത്രിവേദി എന്നിവര്‍ അംഗങ്ങളാണ്.

ഓഗസ്റ്റ് 14 മുതല്‍ 2025 ഏപ്രില്‍ 30 വരെയാണ് കാലാവധി. മറ്റു പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമം കൈകാര്യംചെയ്യുന്ന സമിതിയില്‍ ലോക്സഭയില്‍നിന്ന് കെ. സുധാകരനും രാജ്യസഭയില്‍നിന്ന് ഡോ. വി. ശിവദാസനും അംഗമാണ്.

എസ്റ്റിമേറ്റ്സ് സമിതിയില്‍ ലോക്സഭയില്‍നിന്ന് എം.കെ. രാഘവന്‍ അംഗമാണ്. പബ്ലിക് അണ്ടര്‍ ടേക്കിങ്സ് കമ്മിറ്റിയില്‍ കൊടിക്കുന്നില്‍ സുരേഷ്, സുദീപ് ബന്ദോപാധ്യായ, താരിഖ് അന്‍വര്‍, കനിമൊഴി എന്നിവരടക്കം 22 അംഗങ്ങളുണ്ട്. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ടയാണ് ചെയര്‍മാന്‍.

webdesk13: