X
    Categories: indiaNews

ആളുകള്‍ വരും പോകും, നീതിയുടെ പരമോന്നത പീഠമായി സുപ്രിംകോടതി നിലനില്‍ക്കണം; പ്രശാന്ത് ഭൂഷണ് പിന്തുണയുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസ് കൈകാര്യം ചെയ്ത സുപ്രിംകോടതി രീതിക്കെതിരെ റിട്ട. ജഡ്ജ് കുര്യന്‍ ജോസഫ്. കേസ് അഞ്ചംഗഭരണഘടനാ ബഞ്ച് വാദം കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ നാളെ കോടതി ശിക്ഷാവിധി പറയാനിരിക്കെയാണ് സുപ്രിംകോടതി മുന്‍ ജഡ്ജ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് വിധി പറഞ്ഞിരുന്നത്.

ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കണമെന്നാണ് കോടതിയുടെ അടിസ്ഥാന തത്വം. നീതി നടപ്പാക്കാന്‍ ആയില്ലെങ്കില്‍ അവിടെ നീതിയുടെ തകര്‍ച്ച സംഭവിക്കും. ആകാശം ഇടിഞ്ഞു വീഴുകയും ചെയ്യും. അത് സുപ്രിം കോടതി അനുവദിക്കരുത്. ഭരണഘടനയെ വ്യാഖ്യാനിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ജഡ്ജിമാര്‍ എങ്കിലും ബഞ്ചില്‍ വേണം എന്നാണ് ആര്‍ട്ടിക്ള്‍ 145(3) പറയുന്നത്- ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി എതെങ്കിലും തരത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചാല്‍ അത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവസരമുണ്ട് എന്നാല്‍ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് കോടതിയലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോള്‍ അതിന് അപ്പീല്‍ നല്‍കാനുള്ള ഒരു ഫോറം സുപ്രിംകോടതിയില്‍ തന്നെ ഉണ്ടാകണം. നേരത്തെ, ജസ്റ്റിസ് സി.എസ് കര്‍ണന് എതിരെയുള്ള കേസ് പരിഗണിച്ചത് സുപ്രിംകോടതിയുടെ ഏഴംഗ ബഞ്ചാണ്. നിലവിലെ കോടതിയലക്ഷ്യ കേസ് ഒന്നോ രണ്ടോ പേര്‍ കേട്ടാല്‍ പോര. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയും പങ്കാളിത്തവും നടക്കാന്‍ ജഡ്ജിമാര്‍ നേരിട്ടു തന്നെ ഹാജരാകേണ്ടതുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് കേസ് പരിഗണിക്കേണ്ടത്. ആളുകള്‍ വരും, പോകും. എന്നാല്‍ പരമോന്നത നീതിയുടെ കോടതിയായി സുപ്രിംകോടതി നിന്നേ മതിയൂകാ- പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

 

 

Test User: