Connect with us

Culture

പൊലീസും ബിഷപ്പും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ട്; പൊലീസിനെതിരെ ജ. കമാല്‍ പാഷ

Published

on

കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. പൊലീസും ബിഷപ്പ് ഫ്രാങ്കോ മുളക്കലും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കമാല്‍ പാഷ പറഞ്ഞു. ബിഷപ്പിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കാത്തത് ഇതിന് ഏറ്റവും വലിയ തെളിവാണ്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തതും പൊലീസിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണ് ഡി.ജി.പി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. കേരളത്തില്‍ നടക്കുന്നത് നാണംകെട്ട കാര്യങ്ങളാണ്. ഡി.ജി.പിക്ക് നാണമില്ലേയെന്ന് കമാല്‍ പാഷ ചോദിച്ചു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ലെന്നാണ് ചില നരാധമന്‍മാര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്. ഇത്തരം വൃത്തികെട്ട കേസ് തന്റെ ന്യായാധിപ ജിവിതത്തില്‍ കേട്ടിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കമാല്‍ പാഷ പറഞ്ഞു.

Film

എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

Published

on

എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

Continue Reading

kerala

‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍

അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Published

on

മലയാളത്തിലെ വിഖ്യാത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മധുര മലയാളം ഉള്ളിടത്തോളം എം.ടിയുടെ ഓര്‍മകളും നിലനില്‍ക്കുമെന്ന് സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വേര്‍പെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകള്‍ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട എം.ടി,

കഥയും കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളെയും ബാക്കിയാക്കി മടങ്ങുകയാണോ. വേര്‍പെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകള്‍ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ട്. അതില്‍ മനുഷ്യാനുഭവങ്ങള്‍ മുഴുവനുണ്ട്. എല്ലാത്തരം മനുഷ്യരുടെയും ജീവിതവുമുണ്ട്. അതുകൊണ്ട് തന്നെ മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓര്‍മകളും നിലനില്‍ക്കും.

എം.ടി, നിങ്ങളെ വായിച്ചത് പോലെ തന്നെ സാമീപ്യവും ആസ്വദിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ‘ചന്ദ്രിക’ നവതി ആഘോഷത്തിന്റെ ഭാഗമായാണ് അവസാനം കണ്ടത്. ദീര്‍ഘനേരം സംസാരിച്ചു. ഉള്ളിലന്നും എഴുതാതെ വെച്ചത് ബാക്കിയുണ്ടെന്ന് തോന്നിയിരുന്നു. ബാക്കിയുണ്ടായിരുന്ന കഥകളുടെ കെട്ടഴിക്കാതെയുള്ള മടക്കം വേദനാജനകം തന്നെയാണ്. ദൈവം നിശ്ചയിച്ച അനിവാര്യമായ യാത്രയാണല്ലോ. ശാന്തിയോടെ മടങ്ങുക. ആദരാഞ്ജലികള്‍.

Continue Reading

Film

‘1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്’: മോഹന്‍ലാല്‍

Published

on

സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. “തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്, ഒപ്പം ഭാഗ്യവും. ഒരുപാട് നാള്‍ മുന്‍പ് തുടങ്ങിയതാണ്. റിലീസ് ആയതോടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്”, മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ചിത്രം ഇപ്പോഴാണ് എത്തുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. ബറോസ് റിലീസില്‍ മോഹന്‍ലാലിന് ആശംസയുമായി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും എത്തിയിരുന്നു.

Continue Reading

Trending