X
    Categories: CultureMoreViews

യാത്രയയപ്പ് ചടങ്ങ് വേണ്ട; സുപ്രീം കോടതി കീഴ്‌വഴക്കം നിരസിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് ചടങ്ങ് തനിക്ക് വേണ്ടെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. അത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമില്ലെന്ന് അദ്ദേഹം ബാര്‍ അസോസിയേഷന്‍ നേതാക്കളെ അറിയിച്ചു. നേരത്തെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് വരുമ്പോഴും താന്‍ യാത്രയയപ്പ് സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം സംഘാടകരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജെ. ചെലമേശ്വര്‍ ജൂണ്‍ 22 നാണ് വിരമിക്കുന്നത്. പക്ഷെ സുപ്രീം കോടതി വേനലവധിക്ക് മെയ് 19ന് പിരിയുന്നതിനാല്‍ മെയ് 18 നാണ് യാത്രയയപ്പ് ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചതായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ വികാസ് സിങ് സ്ഥിരീകരിച്ചു. ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ജഡ്ജിയാണ് ജെ. ചെലമേശ്വര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: