Connect with us

Health

ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരളിനായി കരളുറപ്പോടെ

Published

on

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ,ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക.

പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക.കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യാനും സഹായിക്കുക,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.ആവശ്യ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക, ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുക,
വൈറ്റമിൻസിൻ്റെയും മിനറൽസിൻ്റെയും സംഭരണം , രക്തം കട്ടപിടിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉത്പാദിപ്പിക്കുക തുടങ്ങിയവ കരളിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യത്തിന് നാം വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ വിവിധ തരം രോഗങ്ങള്‍ കരളിനെ കീഴടക്കിയേക്കാം.

അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ്, അണുബാധ, ചില മരുന്നുകള്‍, വിഷവസ്തുക്കള്‍ ശരീരത്തിനകത്തെത്തുക, അമിതവണ്ണം, കാന്‍സര്‍ തുടങ്ങിയ പല കാരണങ്ങള്‍ കരളിനെ രോഗാതുരമാക്കും. പ്രാഥമിക ലക്ഷണങ്ങള്‍ വളരെ കുറവായതുകൊണ്ട് തന്നെ അസുഖം ഗുരുതരമായ ശേഷം മാത്രമാണ് ലക്ഷണങ്ങൾ പുറത്ത് കാണാറുള്ളത്. ഇത് കരള്‍ രോഗങ്ങൾക്കുള്ള ചികിത്സകൾ സങ്കീര്‍ണ്ണമാക്കുന്നതിന് പ്രധാന കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ നടത്തുന്ന ആരോഗ്യ പരിശോധനകൾ ഇത്തരം രോഗത്തെ മുൻകൂട്ടി കണ്ട് ചികിത്സ തേടാൻ സഹായിക്കും.
കരളിൻ്റെ അസുഖങ്ങൾക്ക് പ്രാധാന കാരണങ്ങളിൽ ഒന്ന് മാലിന ജലത്തിലൂടെയുള്ള സമ്പർക്കമാണ്. ഇന്ന് വളരെക്കൂടുതൽ ആളുകൾക്കും പെട്ടന്നുള്ള കരൾ രോഗം വരുന്നത് മഞ്ഞപ്പിത്തം മൂലമാണ്. സുരക്ഷിതമല്ലാത്ത രക്ത ദാനം/ലൈംഗിക ബന്ധത്തിലൂടെയും, ജിവിത ശൈലിയിലെ നിയന്ത്രണമില്ലാത്തതും,ഡോക്ടർമാരുടെ നിർദ്ദേശം തേടാതെയുള്ള മരുന്നുകളുടെയും ഫുഡ് സപ്ലിമെൻ്റുകളുടെയും അമിതമായ ഉപയോഗവും കരൾ രോഗങ്ങൾ കൂടിവരുന്നതിന് കരണമാവുന്നുണ്ട്.

കരൾരോഗത്തിൻ്റെ ചില ലക്ഷണങ്ങളെ മനസ്സിലാക്കാം..

കണ്ണിലോ തൊലിപ്പുറത്തോ മഞ്ഞ നിറം കാണുന്നത് കരളിന്റെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ ലക്ഷണമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റൊരു ലക്ഷണമാണ്. ചര്‍മ്മത്തില്‍ ചുണങ്ങോ അതുപോലുള്ള പൊതുവായി ചൊറിച്ചിലിന് കാരണമാകുന്ന ലക്ഷണങ്ങളോട് കൂടിയതോ, ലക്ഷണങ്ങൾ ഇല്ലാതെയോയുള്ള ചൊറിച്ചില്‍, വയറ് വീര്‍ക്കുക, പൊക്കിള്‍ പുറത്തേക്ക് തള്ളി നില്‍ക്കുക എന്നിവ ചിലപ്പോള്‍ കരള്‍ രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ചിലരില്‍ കാലില്‍ നീര് പ്രത്യക്ഷപ്പെടുന്നതും കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ഭാഗമായിട്ടാവാന്‍ സാധ്യതയുണ്ട്. മൂത്രത്തിന്റെയും മലത്തിന്റെയും നിറ വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കണം.

കരള്‍ രോഗബാധിതരില്‍ മൂത്രത്തിന്റെ നിറം ഇരുണ്ടതും, മലം തവിട്ട് നിറത്തിലുമായി കാണപ്പെടാറുണ്ട്. ശ്രദ്ധക്കുറവ്, ക്ഷീണം, നീണ്ടുനില്‍ക്കുന്ന ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഛര്‍ദ്ദിയിലോ മലത്തിലോ രക്തത്തിന്റെ അംശം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും പെട്ടെന്ന് ചികിത്സ തേടുകയുംവേണം. ശരീരത്തില്‍ കാരണമില്ലാതെ ചില ഭാഗങ്ങളില്‍ തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചത് പോലെയോ ചതവ് പോലെയോ കാണപ്പെടുന്നതും, മുറിവോ മൂക്കില്‍ നിന്ന് രക്തസ്രാവമോ ഉണ്ടായാല്‍ അത് ദീര്‍ഘനേരം നിലനില്‍ക്കുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. വയറില്‍ ദ്രാവകം അടിഞ്ഞ് കൂടുക, അടിവയറിലെ വേദന എന്നിവയും കരള്‍ രോഗങ്ങളുടെ ഭാഗമായി കാണപ്പെടാറുണ്ട്.

ചികിത്സ

കരളിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ചികിത്സാ രീതികളാണ് നിശ്ചയിക്കപ്പെടുന്നത്. രോഗം, രോഗത്തിന്റെ സ്റ്റേജ്, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി ചികിത്സാ ക്രമത്തിലും വ്യത്യാസമുണ്ടാകും. ചില അസുഖങ്ങള്‍ക്ക് ജീവിത ശൈലീ ക്രമീകരണമാണ് പ്രാഥമികമായി നിര്‍ദ്ദേശിക്കപ്പെടുന്നത്. വ്യായാമം ശീലമാക്കുവാനും, ഭക്ഷണ ശീലത്തില്‍ ക്രമീകരണം നടത്തുവാനും, അമിതവണ്ണം കുറയ്ക്കുവാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കാറുണ്ട്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ജീവിത ശൈലി ക്രമീകരണം കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. വൈറല്‍ രോഗങ്ങള്‍,പാരമ്പര്യ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും മറ്റ് രോഗാവസ്ഥകള്‍ക്കുമെല്ലാം ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ നിര്‍ദ്ദേശിക്കപ്പെടും. ഏറെക്കുറെ രോഗാവസ്ഥകളെല്ലാം മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ഫാറ്റിലിവര്‍ പോലെയുള്ള രോഗബാധിതര്‍ക്ക് നേരത്തെ പറഞ്ഞത് പോലെ ജീവിതശൈലി മാറ്റം, മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക, ഭക്ഷണക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഒപ്പം ആവശ്യമായ മരുന്ന് ഉപയോഗിച്ചുള്ളചികിത്സയും നല്‍കപ്പെടും. സങ്കീര്‍ണ്ണമായി മാറുന്ന ഘട്ടങ്ങളില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സാ രീതികളും ആവശ്യമായി വന്നേക്കാം.

രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

മദ്യത്തിന്റെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ആവശ്യമായ മരുന്ന് ആവശ്യമായ അളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രം കഴിക്കുക. സിറിഞ്ചുകളും മറ്റും പുനരുപയോഗിക്കരുത് ഹെപ്പറ്റൈറ്റിസ് വാക്സിന്‍ സ്വീകരിക്കുക, ഹെപ്പറ്റൈറ്റിസ് വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗികബന്ധം മാത്രം തുടരുക. ആരോഗ്യപൂര്‍ണ്ണമായ ജീവിത ശൈലി പിന്‍തുടരുക, നാര് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക, മലിന ജലവുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതും കരള്‍ രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികില്‍സിക്കാന്‍ സഹായിക്കും.

തയ്യാറാക്കിയത്:
ഡോ.അനീഷ് കുമാർ
സീനിയർ കൺസൾടൻ്റ് & ഗാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്

Health

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപകം: വാക്‌സിന്‍ ഉടന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്സീന്‍ ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.

Continue Reading

Health

വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം,എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്‍.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്‍.ടി. ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആർ.ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എ.ആർ.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആർ.ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്‍.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്‍.ടി. ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും പരാതികള്‍ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കി വരുന്നത്. സറോഗസി ക്ലിനിക്, എആര്‍ടി ലെവല്‍ 1 ക്ലിനിക്, എആര്‍ടി ലെവല്‍ 2 ക്ലിനിക്, എആര്‍ടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമാണ്.

സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.

Continue Reading

Article

ഇന്ന് ലോക ഹൃദയ ദിനം

യുവാക്കളുടെ ആകസ്മിക മരണം, വില്ലൻ ഹൃദയാഘാതമോ?!

Published

on

ഇന്ത്യയിൽ റോഡ് അപകടത്തിനേക്കാൾ കൂടുതൽ മരണനിരക്ക് ഹൃദയാഘാതം മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കികാണുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് താരം സുസ്മിത സെൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടതും തമിഴ് സിനിമയിലെ പ്രമുഖ നടൻ ഡാനിയൽ ബാലാജി ഉൾപ്പെടെ ഈ ഓണത്തിന് നാട്ടിൽ വന്ന് തിരികെ സൗദി അറേബ്യയിൽ ജോലിക്ക് പ്രവേശിച്ച യുവ മലയാളി നഴ്സ് തൃശ്ശൂർ നെല്ലായിലെ 26കാരി ഡെൽമ ദിലീപ് ഉൾപ്പെടെയുള്ള യുവാക്കളുടെ ആകസ്മിക മരണം, വാഹനം ഓടിച്ച് പോവുമ്പോൾ ഡ്രൈവർമ്മാരുടെ മരണങ്ങൾ തുടങ്ങി നിരവധി കായിക,സിനിമ, മറ്റു യുവ പ്രൊഫഷണൽ മേഖലകളിലെ താരങ്ങളും യുവാക്കളുമാണ് സമീപ കാലത്ത് ജോലിസ്ഥലത്തോ, കളിക്കളത്തിലോ, വ്യായാമ വേളയിലോ, ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ഇതിൽ തെന്നെ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ റോഡപകടത്തിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൻ്റെ 10ഇരട്ടിയിലതികം പേരാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. 2022ൽ ശരാശരി നമ്മുടെ രാജ്യത്ത് വാഹന അപകടത്തിലൂടെ 1.6ലക്ഷം പേരാണ് മരണപ്പെട്ടത് .എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് 20ലക്ഷത്തിന് മുകളിലാണ് മരണ നിരക്ക്. കഴിഞ്ഞ വർഷങ്ങളിലെ യുവാക്കളുടെ മരണകാരണം തേടുമ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങൾ തെന്നെയാണ് മുമ്പിൽ നിൽക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി കേട്ടുകൊണ്ടിരിക്കുമ്പോൾ നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്. ഈ മരണങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് ഒട്ടു മിക്കവരും ചെറുപ്പക്കാരാണ് എന്നതാണ്, രണ്ടാമതായി ഈ മരണങ്ങളെയെല്ലാം ഹൃദയാഘാതം എന്ന ഒറ്റപ്പേരില്‍ വിധിയെഴുതിയിരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതമാണോ ഈ മരണങ്ങള്‍ക്കുള്ള കാരണങ്ങള്‍?

വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു, കൊളസ്ട്രോള്‍ പോലെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നിട്ടും എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു? ചെറുപ്പക്കാരിലുണ്ടാകുന്ന മരണങ്ങളില്‍ പൊതുവെ എല്ലാവരിലുമുള്ള സംശയമാണിത്. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ ജീവിതശൈലീ രോഗങ്ങള്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് പോകുന്നതിനുള്ള കാരണങ്ങള്‍ ഇത് മാത്രമല്ല. ഈ കാര്യങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഏതൊക്കെ രീതികളിലാണ് ഹൃദയം നിശ്ചലമാകുന്നത് എന്ന് കൂടി മനസ്സിലാക്കണം

പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോകുന്നതിന് പ്രധാനമായും ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റുമാണ് കാരണമാകുന്നത്. വ്യക്തമായ വേര്‍തിരിവുകളുള്ള രോഗാവസ്ഥകളാണ് ഇവ രണ്ടും. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ എന്ന നിലയിലുള്ള സമാനതകള്‍ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് യുവാക്കള്‍ക്ക് പൊതുവെയും പ്രവാസലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ചും ഗുണകരമാകും.

ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) തന്നെയാണ്. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തിച്ച് നല്‍കുന്ന കൊറോണറി ആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും.

ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് നിശ്ചിത ശതമാനത്തിലും കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങുകയുള്ളൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത് സംഭവിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)

ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരമായ രോഗമാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് പറയാം. ഹൃദയത്തിന്റെ സങ്കോചവികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മലാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും.കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക മത്സരങ്ങളിലും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് കായികതാരങ്ങളെ ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം

നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, രക്താതിസമ്മര്‍ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്‍, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്‍, അമിത ഭാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ മുതലായവര്‍ക്കും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ളവര്‍ക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്‍ ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഡോക്ടറെ സന്ദര്‍ശിക്കുകയും ജീവിതശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുകയും, നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക നിര്‍ബന്ധമാണ്. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയിലുണ്ടാകുവാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനായി ചില പ്രൊസീജ്യറുകളോ ശസ്ത്രക്രിയകളോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചേക്കാം. ഇവ നിര്‍ബന്ധമായും അനുസരിക്കുക.

പ്രവാസലോകത്തുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ഹൃദയം നിലച്ച് മരണത്തിന് കീഴടങ്ങുന്ന അവസ്ഥകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ പ്രത്യേകതകളും, അമിതമായ സമ്മര്‍ദ്ദവുമൊക്കെയായിരിക്കാം ഇതിന് കാരണം. ഇതില്‍ പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നവയാണ് എന്നാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സാധിക്കുന്ന ഒരേ ഒരു കാര്യം പുകവലിയാണ്. ആത്മാര്‍ത്ഥമായ മനസ്സിരുത്തിയാല്‍ വിജയകരമായി അതിജീവിക്കാന്‍ സാധിക്കുന്ന പ്രലോഭനം കൂടിയാണ് പുകവലി. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിലേക്കുള്ള ആദ്യപടിയായി ഈ ദുശ്ശീലത്തെ പൂര്‍ണ്ണമായും ഒഴിവാക്കുക. അടുത്തതായി നാട്ടിലെത്തുമ്പോഴും, അല്ലെങ്കില്‍ അവിടെ വിദേശത്ത് നിന്ന് തന്നെയോ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിശദമായ പരിശോധനകള്‍ നിര്‍വ്വഹിക്കേണ്ടത് അനിവാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണല്ലോ. ഓരോ പ്രവാസിയുടേയും ആരോഗ്യം അവനവന്റെ വ്യക്തിപരമായ കാര്യം മാത്രമല്ല, നാട്ടില്‍ കാത്തിരിക്കുന്ന കുടുംബത്തെയും അവരുടെ പ്രതീക്ഷകളെയും അവനവന്റെ സ്വപ്‌നങ്ങളെയും ഓരോ തവണയും ഓര്‍മ്മിക്കുക. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തുക.

ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍
കണ്‍സല്‍ട്ടന്റ് & ഇൻ്റെർവൻഷണൽ കാര്‍ഡിയോളജി വിഭാഗം മേധാവി
ആസ്റ്റര്‍ മിംസ് കോഴിക്കോട്

Continue Reading

Trending