X

ജുഡീഷ്യറിയെ വെറുതെ വിടണം-എഡിറ്റോറിയല്‍

അമേരിക്കയില്‍ ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡന്റാണ്. അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തിയെ യു.എസ് സെനറ്റ് അംഗീകരിക്കുകയാണ് പതിവ്. അമേരിക്കന്‍ ഭരണഘടനപ്രകാരമുള്ള ഈ നിയമന രീതിക്കെതിരെ അവിടെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമാണ്. ഭരണകൂടത്തിന് താല്‍പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് സുപ്രീംകോടതി ഉള്‍പ്പെടെയുള്ള നീതിപീഠങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുമെന്നതാണ് അതിന്റെ പ്രധാന പോരായ്മ. അതിലൂടെ നീതി ബലികഴിപ്പിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ജഡ്ജിമാരുടെ നിയമനങ്ങളില്‍ അപാകതകള്‍ മറനീക്കി പുറത്തുവന്നു. ഭരണത്തിന്റെ അവസാന കാലങ്ങളില്‍ തനിക്ക് വേണ്ടപ്പെട്ടവരെ കോടതികളില്‍ തിരുകാന്‍ അദ്ദേഹം ആവേശം കാട്ടി. ആശയപരമായി തന്റെ നിലപാടുകള്‍ക്ക് കോടതികളില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. വംശീയതയും നിയമനങ്ങളില്‍ പ്രതിഫലിച്ചതായി ആക്ഷേപമുണ്ടായി.

യു.എസില്‍ മാത്രമല്ല, ലോകത്തെമ്പാടും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനും നിഷ്പക്ഷതയെ തകര്‍ക്കാനും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ സ്ഥിതി അതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉറപ്പാക്കാന്‍ നമുക്ക് പരമാവധി സാധിച്ചിട്ടുണ്ട്. അതിനുവേണ്ടി നിയമനക്കാര്യത്തില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ രാജ്യത്ത് കൊളീജിയം സംവിധാനത്തിലൂടെയാണ് ജഡ്ജിമാരെ തീരുമാനിക്കുന്നത്. കഴിവും പ്രാഗത്ഭ്യവുമാണ് അതിന്റെ മാനദണ്ഡം. അതിലൂടെ ജഡ്ജിമാരുടെ നിമനം ഏറെക്കുറെ കുറ്റമറ്റതാക്കാന്‍ സാധിച്ചിട്ടുമുണ്ട്. സമീപ കാലത്ത് പക്ഷെ, അത്തരം രീതികളിലൊക്കെ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ തനിക്കാക്കി വെടക്കാക്കുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജുഡീഷ്യറിക്കും മൂക്കുകയറിടണമെന്ന് ബി.ജെ.പി സര്‍ക്കാറിന് മോഹമുണ്ട്. അതിനായി ജുഡീഷ്യല്‍ നിയമന കമ്മീഷനെ പാര്‍ലമെന്റ് വഴി വലിച്ചിഴച്ച് കൊണ്ടുവന്നെങ്കിലും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ജഡ്ജിമാരുടെ നിയമനം സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുകയായിരുന്നു കമ്മീഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

ഉദ്ദേശിച്ചത് നടക്കാത്തതിന്റെ ഇച്ഛാഭംഗം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉയര്‍ന്നു കേട്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ വേദിയിലിരുത്തി ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിലവില്‍ വരാത്തതിലുള്ള അതൃപ്തി തുറന്നു പ്രകടിപ്പിക്കുകയുണ്ടായി. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ഒരു തുറന്ന ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കൊളീജിയത്തിന്റെ ശിപാര്‍ശങ്ങള്‍ പലപ്പോഴായി തിരിച്ചയച്ചും നിമയനങ്ങള്‍ പൂര്‍ണതോതില്‍ നടത്താതെയും കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. അടുത്തിടെ സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രണ്ട് തവണ തിരിച്ചയച്ചിരുന്നു. 2018 മുതല്‍ കൊളീജിയം സമര്‍പ്പിച്ച നൂറോളം പേരുകള്‍ സര്‍ക്കാറിന്റെ മുന്നിലുണ്ട്. 20 പേരുകള്‍ രണ്ടാമതും തള്ളിയത് ജുഡീഷ്യറിയെ അമ്പരപ്പിച്ചിട്ടുണ്ട്. കൊളീജിയം മുന്നോട്ടുവെച്ച നാമനിര്‍ദേശ പട്ടിക രണ്ടിലേറെ തവണ തിരിച്ചയക്കുന്ന പതിവില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടി കീഴ്‌വഴക്കത്തിന് എതിരാണ്. മുമ്പ് ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നിര്‍ദേശിച്ച 77 പേരില്‍ 43 പേരുകള്‍ കേന്ദ്രം തള്ളിയിരുന്നു.

ഏകാധിപത്യ നീക്കങ്ങളിലൂടെ ജുഡീഷ്യല്‍ സംവിധാനത്തെ ഇല്ലാതാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആശങ്ക സുപ്രീംകോടതി തുറന്നു ചോദിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് മാത്രം കോടതികളില്‍ ഇടംകൊടുത്താല്‍ മതിയെന്ന ചിന്ത ഏറെ അപകടകരമാണ്. ജുഡീഷ്യറിയെ ചടരു വലിക്കുള്ള ഉപകരണമാക്കി മാറ്റിയെടുക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. രാജ്യത്ത് സാധാരണക്കാരുടെ അവസാന പ്രതീക്ഷയാണ് കോടതികള്‍. അതിന്റെ സ്വതന്ത്ര സ്വഭാവത്തിന് കോട്ടം തട്ടിക്കുന്ന നീക്കങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ല. ജനാധിപത്യത്തിന്റെ അന്തസ്സത്തയെ തകര്‍ക്കുന്ന നപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ജുഡീഷ്യറിയെയെങ്കിലും വെറുതെ വിടണം. അതിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് തിരുത്തല്‍ നടപടികള്‍ അനിവാര്യമാകും. കൊളീജിയം സംവിധാനത്തെ പാളം തെറ്റിക്കരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടുകഴിഞ്ഞു. നിലവില്‍ ജഡ്ജിമാരുടെ നിയമനപ്രക്രിയകളില്‍ സുതാര്യതയില്ലെന്ന സര്‍ക്കാര്‍ വാദത്തില്‍ ഒട്ടും കഴമ്പില്ല. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ജഡ്ജി നിയമനങ്ങളെക്കാള്‍ ഏറെ ഗുണകരവും ഫലപ്രദവുമാണ് ഇത്തരമൊരു നിഷ്പക്ഷ, സ്വതന്ത്ര സംവിധാനത്തിന്റെ സാന്നിദ്ധ്യം.

Test User: