കോഴിക്കോട്: നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രയോയിയുടെ വീട് വി.എസ് അച്ചുതാനന്ദന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടക്കണമെന്നും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് വി.എസ് പറഞ്ഞു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി വിഎസ് സംസാരിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ വി.എസിന് നിവേദനം നല്‍കി. മുഖ്യമന്ത്രിയില്‍ നിന്ന് നീതികിട്ടിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വി.എസിനോട് പറഞ്ഞു.
അതേസമയം, ജിഷ്ണുവിന്റെ മരണത്തിലെ ഒന്നാംപ്രതി നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് ഇനി വരുന്ന 21ന് വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന കാര്യം അന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.