X

ജിന്ന മഹാപുരുഷന്‍, അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കണം:ബിജെപി എംപി

 

ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി എം.പി സാവിത്രി ഭായി ഫുലെ പറഞ്ഞു.

അദ്ദേഹത്തിന്റെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു. രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. എന്നാല്‍ പുതിയ വിവാദങ്ങള്‍ ദളിത് പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ജാതി-മതങ്ങള്‍ക്കതീതമായി സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവര്‍ ബഹുമാനിക്കപ്പെടണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

അലിഗഡ് സര്‍വകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ വിഭജിച്ചത് മുഹമ്മദ് അലി ജിന്നയാണ്, അതിനാല്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് പ്രക്ഷോഭം നടത്തിയത്തോടെ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

chandrika: