Connect with us

News

ജൂതരുടെ എതിര്‍പ്പ്; ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രാഈലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചു

ക്രിസ്തുമത വിശ്വാസിയായിരുന്ന സ്റ്റാഫ് സർജന്റ് ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയെ അടക്കിയ കല്ലറയിൽ സ്ഥാപിച്ച കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ജൂതമതസ്ഥരും പുരോഹിതരും രംഗത്തു വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കുന്നത്.

Published

on

ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രാഈല്‍ സൈനികന്റെ ശവക്കല്ലറയിൽ സ്ഥാപിച്ച കുരിശ് സംബന്ധിച്ച് ഇസ്രാഈലിൽ വിവാദം. ക്രിസ്തുമത വിശ്വാസിയായിരുന്ന സ്റ്റാഫ് സർജന്റ് ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയെ അടക്കിയ കല്ലറയിൽ സ്ഥാപിച്ച കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ജൂതമതസ്ഥരും പുരോഹിതരും രംഗത്തു വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കുന്നത്. കുരിശ് നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ അധികൃതർ സൈനികന്റെ കുടുംബവുമായി ചർച്ച നടത്തുന്നതായി ഇസ്രാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുക്രെയ്‌നിൽ ജനിച്ച ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കി 2014-ലാണ് കുടുംബത്തോടൊപ്പം ഇസ്രാഈലിലേക്ക് കുടിയേറിയത്. ഹൈഫയിലാണ് ഇയാളും കുടുംബവും താമസിച്ചു വന്നിരുന്നത്.

2003 ഡിസംബറിൽ ഖാൻ യൂനുസിൽ വെച്ചാണ് 19-കാരനായ ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയെയും മറ്റ് മൂന്നു പേരെയും ഹമാസ് കൊലപ്പെടുത്തിയത്. ഡിസംബർ 23-ന് വടക്കൻ ഗസ്സയിൽ കടന്നുകയറിയ ഇസ്രാഈൽ ടാങ്കിനു നേരെ ഹമാസ് പോരാളികൾ ടാങ്ക് വേധ മിസൈൽ തൊടുക്കുകയായിരുന്നു. ബൊഗ്ഡനോവ്‌സ്‌കിക്കു പുറമെ സർജന്റുമാരായ ഓറൽ ബാഷൻ, ഗാൽ ഹെർഷ്‌കോ എന്നിവരും പാരാമെഡിക് സർജന്റ് ആയിരുന്ന ഇറ്റാമർ ഷമൻ എന്നയാളും സംഭവത്തിൽ കൊല്ലപ്പെട്ടു.

ഹൈഫ സൈനിക സെമിത്തേരിയിലാണ് ബൊഗ്ഡനോവ്‌സ്‌കിയടക്കം കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. ക്രിസ്തുമത വിശ്വാസി ആയിരുന്ന ഇയാളുടെ കല്ലറയുടെ തലഭാഗത്ത് കുടുംബം കുരിശ് സ്ഥാപിച്ചു.

എന്നാൽ, സാധാരണ ഗതിയിൽ ജൂതസൈനികരെ മാത്രം അടക്കുന്ന സെമിത്തേരിയിൽ കുരിശ് സ്ഥാപിച്ചതിനെതിരെ ജൂതമത പുരോഹിതരും വിശ്വാസികളും രംഗത്തുവന്നു. കുരിശ് ജൂത സെമിത്തേരിയുടെ വിശുദ്ധി നശിപ്പിക്കുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക റബ്ബിയായ യിത്ഷാക് യോസെഫ് ആരോപിച്ചത്. ഇതോടെ വിഷയത്തിൽ പ്രതിരോധ മന്ത്രാലയം ഇടപെടുകയായിരുന്നു.

സൈനിക സെമിത്തേരിയിൽ കുരിശ് അടക്കമുള്ള മതചിഹ്നങ്ങൾ വെക്കുന്നത് നിയമവിരുദ്ധമാണെന്നും, കുരിശ് നീക്കം ചെയ്യുന്നതിനു വേണ്ടി സൈനികന്റെ കുടുംബവുമായി സംസാരിക്കുകയാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചതായി ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

‘നിയമപ്രകാരം സൈനിക കല്ലറയുടെ തലക്കല്ലിൽ കുരിശോ മറ്റ് മതചിഹ്നങ്ങളോ സ്ഥാപിക്കാൻ പാടില്ല. ഹൈഫ സൈനിക സെമിത്തേരിയിൽ ജൂത സൈനികരെയുൾപ്പെടെ അടക്കിയിട്ടുള്ളതാണ്. ഇവിടെ അടക്കിയ സൈനികരുടെ കുടുംബങ്ങൾ കുരിശ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിപ്പെട്ടിട്ടുണ്ട്.

സെമിത്തേരിയിൽ കദിഷ് (പ്രഭാത പ്രാർത്ഥന) നടത്തുന്നതിന് കുരിശ് തടസ്സമാണെന്ന് അവർ പറയുന്നു. കുരിശ് മാറ്റണമെന്ന് ഐഡിഎഫ് ചീഫ് റബ്ബിയുടെ മതവിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൈനികന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു ഉചിതമായ പരിഹാരത്തിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ…’ – പ്രതിരോധ മന്ത്രാലയ പ്രതിനിധി പറഞ്ഞു.

അതേസമയം, സൈനിക സെമിത്തേരിയിൽ മതചിഹ്നങ്ങൾ പാടില്ലെന്ന നിയമം കാലങ്ങളായി പാലിക്കപ്പെടുന്നില്ലെന്നും ജൂതമത ചിഹ്നങ്ങൾ അവിടെ ഉണ്ടെന്നുമാണ് ക്രിസ്ത്യൻ സൈനികന്റെ കുടുംബം പറയുന്നത്. ഒക്ടോബർ 7-ന് കൊല്ലപ്പെട്ടവർക്കു വേണ്ടിയുള്ള പ്രാർത്ഥന നടക്കുമ്പോൾ തന്റെ മകന്റെ കല്ലറയിലെ കുരിശ് കറുത്ത തുണി ഉപയോഗിച്ച് മൂടിയതായി കണ്ടുവെന്നും, അത് അപമാനകരമായിരുന്നുവെന്നും ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയുടെ മാതാവ് പറഞ്ഞു.

‘രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ എന്റെ ഡേവിഡ് രണ്ടാംകിട പൗരൻ അല്ലെന്നാണ് ഞാൻ കരുതിയിരുന്നത്. കഴിഞ്ഞ 9 വർഷവും അവൻ ഇസ്രായേലിനെ സ്‌നേഹിക്കുകയും രാജ്യത്തെ സംരക്ഷിക്കുന്നതിനായി സൈന്യത്തിൽ ചേരുകയും ചെയ്തു. (കുരിശ് മൂടിയത് കണ്ടപ്പോൾ) ഞാൻ ദേഷ്യം കൊണ്ടും വിഷമം കൊണ്ടും പൊട്ടിക്കരഞ്ഞു.’ – ഡേവിഡ് ബൊഗ്ഡനോവ്‌സ്‌കിയുടെ മാതാവ് ഇസ്രായേൽ മാധ്യമമായ വൈനെറ്റ് ന്യൂസിനോട് പറഞ്ഞു.

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

crime

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

Published

on

പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ദിവ്യശ്രീ വീട്ടില്‍ മടങ്ങിയെത്തിയത്. കൊല നടന്ന ദിവസം കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് പരിഗണിച്ചിരുന്നു. നേരത്തെയും രാജേഷ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസുണ്ട്.

കുടുംബ കോടതിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ വൈകീട്ടാണ് രാജേഷിന്റെ അക്രമം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രണയ വിവാഹിതരായ ദിവ്യശ്രീയും രാജേഷും കുറച്ചു കാലമായി അകന്നാണ് കഴിയുന്നതെന്നാണ് വിവരം. ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.

റിട്ട. മിലിറ്ററി ഇന്റലിജന്‍സ് സര്‍വിസ് ഉദ്യോഗസ്ഥനാണ് പിതാവ് കെ വാസു. രാജേഷ് നേരത്തെ ടാക്സി ഡ്രൈവറായിരുന്നു. പരേതയായ റിട്ട. ജില്ലാ നഴ്‌സിങ് ഓഫിസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ചെറുപുഴ). മകന്‍: ആശിഷ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി).

പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Continue Reading

Trending