മദ്യലഹരിയില്‍ ബഹളമുണ്ടാക്കി, ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍ (32)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ കത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിച്ചത്. തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് പതിവായി പ്രശ്നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ജഗന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ന് വൈകീട്ട് വീണ്ടും ഇയാള്‍ മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

webdesk17:
whatsapp
line