കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമക്കുനേരെ ആക്രമണം. പശ്ചിമബംഗാളിലെ കട്‌വയില്‍ നെഹ്‌റുവിന്റെ പ്രതിമയില്‍ മഷിയൊഴിക്കുകയായിരുന്നു. ടെലിഫോണ്‍ മൈതാനിയിലെ നെഹ്‌റു പ്രതിമയിലാണ് അക്രമികള്‍ കറുത്ത മഷിയൊഴിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി.
ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതിന് പിന്നാലെ ലെനിന്‍ പ്രതിമ തകര്‍ത്തിരുന്നു. ജെസിബി ഉപയോഗിച്ചായിരുന്നു ബി.ജെ.പി അനുകൂലികള്‍ പ്രതിമ തകര്‍ത്തത്. അതിനുശേഷം രാജ്യത്ത് പലയിടത്തും പ്രതിമകള്‍ക്കെതിരെ അക്രമം നടന്നു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമയും ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോ. ബി.ആര്‍.അംബേദ്കര്‍ പ്രതിമയും അക്രമികള്‍ തകര്‍ത്തു. കണ്ണൂരില്‍ ഗാന്ധിജിയുടെ പ്രതിമക്ക് നേരെയായിരുന്നു അക്രമം നടന്നത്. ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.