തിരുവനന്തപുരം: യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം ജനതാദള്‍ യു -വിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുടെ നിലപാടിന് എതിരാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും വീരേന്ദ്രകുമാറിന്റെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നണിമാറ്റം അജണ്ടയിലുള്‍പ്പെടുത്താതെയാണ് സ്റ്റേറ്റ് കമ്മിറ്റിയും കൗണ്‍സിലും വിളിച്ചുചേര്‍ത്തത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അജണ്ടയില്ലായിരുന്നു. സ്റ്റേറ്റ് കമ്മിറ്റിയിലും കൗണ്‍സിലിലും ഭിന്നാഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് യോഗനടപടികള്‍ നടത്തിയത്. 14 ജില്ലാ പ്രസിഡന്റുമാരും വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ അനുകൂലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും നേതാക്കള്‍ തുറന്നടിച്ചു.
വീരേന്ദ്രകുമാറിന് രാജ്യസഭാ അംഗത്വവും ശ്രേയാംസ്‌കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടിയെടുക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി പ്രവേശം. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ മകന്‍ ശ്രേയാംസ്‌കുമാറിനെ അയച്ചു കച്ചവടം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മുന്നണി മാറ്റം പോലെ സുപ്രധാനമായ തീരുമാനമെടുക്കുന്നതിന് മുന്‍പ് ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്ത് അഭിപ്രായം തേടണമെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും വീരേന്ദ്രകുമാര്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയില്‍ പങ്കാളികളാകുന്നതിന് ദേശീയ കണ്‍വീനര്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നീക്കത്തിന് പിന്നില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കും.
വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശന തീരുമാനത്തിന് എതിരായ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും യഥാര്‍ത്ഥ ജനതാദള്‍ ചേരി രൂപീകരിക്കും. എല്ലാ ജില്ലകളിലും ഒരാഴ്ചക്കുള്ളില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഈ മാസം 26ന് ഉച്ചക്ക് രണ്ടിന് എറണാകുളം ടൗണ്‍ഹാളില്‍ കേരളത്തിലെ ജനതാദള്‍ യു നേതാക്കളുടെ യോഗം ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ജനതാദള്‍ യു മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.വി.എസ് സന്തോഷ്, അഡ്വ. ഷഹീദ് അഹമ്മദ്, എറണാകുളം ജനറല്‍ സെക്രട്ടറി പ്രൊഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.