X

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മണിക്കൂറിനകം പട്ടിക പിൻവലിച്ച് ബി.ജെ.പി

ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പിന്‍വലിച്ച് ബി.ജെ.പി. ചില മാറ്റങ്ങള്‍ വരുത്താനുണ്ടെന്ന് കാണിച്ചാണ് നടപടി.  പട്ടിക പുറത്തു വിട്ട് ഒരു മണിക്കൂറിനകം തന്നെ പിന്‍വലിക്കുകയായിരുന്നു.

44 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയായിരുന്നു രാവിലെ പുറത്തുവിട്ടത്. ആദ്യ ഘട്ടത്തിലേക്കുള്ള 15 സ്ഥാനാര്‍ഥികളും രണ്ടാം ഘട്ടത്തിലേക്ക് 10ഉം മൂന്നാം ഘട്ടത്തിലേക്കുള്ള 19 സ്ഥാനാര്‍ഥികളുമാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നത്. മൂന്നുതവണ എം.എല്‍.എയായ ദേവേന്ദര്‍ സിങ് റാണ പട്ടികയിലുണ്ട്. ജമ്മു വെസ്റ്റില്‍ അരവിന്ദ് ഗുപ്തയും ജമ്മു ഈസ്റ്റില്‍ യുദ്ധ്‌വിര്‍ സേത്തിയുമാണ് സ്ഥാനാര്‍ഥികള്‍. രണ്ട് കശ്മീരി പണ്ഡിറ്റ് പ്രതിനിധികളായി വീര്‍ സറഫ് അശോക് ഭട്ട് എന്നിവരും ലിസ്റ്റിലുണ്ട്. നാല് ദലിത് സ്ഥാനാര്‍ഥികളും ലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പാര്‍ട്ടിക്കുള്ളിലെ പ്രമുഖരായ ജമ്മു കശ്മീര്‍ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റൈന മുന്‍ ഉപമുഖ്യമന്ത്രിമാരായനിര്‍മല്‍ സിങ് കവിന്ദര്‍ ഗുപ്ത തുടങ്ങിയവര്‍ പട്ടികയില്‍ ഇടംനേടിയില്ലെന്നതും ശ്രദ്ധേയമാണ്.  മാറ്റങ്ങളോടെ പുതിയ പട്ടിക പുറത്തുവിടുമെന്നാണ് വിവരം.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയതികളില്‍ മൂന്ന് ഘട്ടമായാണ് 90 അംഗ ജമ്മു കശ്മീരില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. 2014ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.

webdesk13: