ഭോപാല്‍: ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സിമി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കുന്ന വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിംങ് രംഗത്ത്.
‘അവര്‍ ജയില്‍ ചാടിയതാണോ അതോ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ’ എന്നാണ് ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തത്. വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയം വരുത്തുന്ന തരത്തിലാണ് സംഭവമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
സംഭവം ഗൗരവമേറിയ വിഷയമാണ്. ആദ്യം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് ഖാന്ത്വ ജയിലില്‍ നിന്നാണ്. ഇപ്പോള്‍ ഭോപ്പാലിലെ ജയിലില് നിന്നും. രാജ്യത്ത് മുസ്‌ലീങ്ങള്‍ക്കെതിരായ കലാപങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസും അതുപോലുള്ള സംഘടനകളുമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇതിനു പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ട്.’ സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ദിഗ്‌വിജയ് സിങ്ങിനു പിന്നാലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കമല്‍നാഥും രംഗത്തുവന്നിട്ടുണ്ട്. ജയില്‍പുള്ളികള്‍ രക്ഷപെട്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടു.
ഏറ്റുമുട്ടല്‍ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലംബയും രംഗത്തുവന്നിട്ടുണ്ട്.
ജയില്‍ ചാടിയ എല്ലാ പ്രവര്‍ത്തകരും ഒരേ സ്ഥലത്തു വെച്ചു കൊല്ലപ്പെട്ടു എന്നു പറയുന്നതില്‍ തന്നെ ചില സംശയങ്ങളില്ലേ എന്നു ലംബ ചോദിച്ചു.
എന്നാല്‍ ഇത്തരം ആരോപങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് ബി.ജെ.പിയും മധ്യപ്രദേശ് സര്‍ക്കാരും വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വിചാരണ തടവുകാരായ എട്ട് പ്രതികള്‍ ജയില്‍ ചാടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നു കളയുകയായിരുന്നു. ജയില്‍ ചാടിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഭോപ്പാലിന്റെ അതിര്‍ത്തി ഗ്രാമമായ എയിന്‍ത്‌കെടിയില്‍ വെച്ചാണ് പൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഇവരെ കൊല്ലപ്പെടുത്തിയത്.