ജബ്ബാര്‍ ചുങ്കത്തറ
വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കണ്ടിരുന്ന ചില നേതാക്കള്‍ ഖായിദെ മില്ലത് ഇസ്മഈല്‍ സാഹിബിനെ കാണാന്‍ ചെന്നു. പോലീസ്‌വേട്ട അത്ര ഭീകരമായിരുന്നു. പുനഃസംഘടിപ്പിച്ച മുസ്ലിംലീഗില്‍ ചേര്‍ന്നവരെയൊക്കെ സര്‍ക്കാര്‍ ആളെണ്ണംവിട്ടു വേട്ടയാടി. ലീഗ് അനുഭാവികളുടെ വീട്ടില്‍ പോലീസ് കയറി നിരങ്ങികൊണ്ടിരിക്കുന്ന കാലം.
‘പേരിലെ മുസ്ലിം എന്നത് നമുക്ക് മാറ്റിക്കൂടെ? എങ്കില്‍ നമുക്ക് കുറേകൂടി സ്വതന്ത്രമായി പ്രവര്‍ത്തിക്കാമല്ലോ’
ഖാഇദെ മില്ലത് അക്ഷോഭ്യനായി പറഞ്ഞു: നിങ്ങള്‍ക്ക് വേണമെങ്കില്‍ പാര്‍ട്ടിവിടാം, ഈ പേരും അടയാളവും വെച്ചുതന്നെ നമ്മള്‍ മുന്നോട്ട് പോവും. ഇതൊരു മുള്‍ക്കിരീടമാണ്, അതവസാനം വരെയും ചുമന്ന് കൊള്ളാന്‍ ഞാനൊരുക്കമാണ്’ – ഖൗമിന്‍ കാവലരുടെ ഈ ഇച്ഛാ ശക്തിയാണ് വിഭജനത്തിന്റെ പ്രഹരങ്ങളെ അതിജീവിക്കാന്‍ സമുദായത്തെ സഹായിച്ചത്.
മുസ്ലിംലീഗില്‍ ചേര്‍ന്നതിന്റെ പേരില്‍ സ്വാതന്ത്രാനന്തര ഹൈദരാബാദ് ആക്ഷന്‍ കാലത്തു മലബാറില്‍ സര്‍ക്കാരും പട്ടാളവും നടത്തിയ നരനായാട്ടുകള്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പാണക്കാട്ടെ മുറ്റത്തു പട്ടാളമിറങ്ങി, പൂക്കോയതങ്ങളെ കയ്യാമംവെച്ചു ജീപ്പില്‍ കയറ്റി കൊണ്ടുപോയി. മുഖ്യധാരാ കേരളത്തിലെ കമ്യൂണിസ്റ്റ് ഒളിവുജീവിതത്തെ കുറിച്ച് നിരവധി രചനകള്‍ ഉള്ളപ്പോഴും മാപ്പിളമാര്‍ അനുഭവിച്ച പീഡനങ്ങള്‍ ഇപ്പോഴും എഴുതാ പ്രബന്ധങ്ങളാണ്.
ഈ State sponsored പ്രഹരങ്ങളില്‍ അടിപതറാത്ത മാപ്പിളമാരാണ് ഖാഇദെ മില്ലത്തിനെയും സേട്ട് സാഹിബിനെയുമൊക്കെ മണ്ഡലം കാണാതെ വിജയിപ്പിച്ചത്. അതായത് ഖാഇദെ മില്ലത്തിന്റെയും മുസ്ലിംലീഗിന്റേയും രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായി ബോധമുള്ളത് കൊണ്ടാണ് ഇവരെ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചത്. ലീഗ് കോലുംകൊള്ളി വെച്ചാലും മലപ്പുറത്തു ജയിക്കുമെന്ന് പരിഹസിക്കുന്നരോട് പറയാനുള്ളത് നിങ്ങളനുഭവിക്കാത്ത തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യങ്ങളെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പോലുമായിട്ടില്ല എന്ന് മാത്രമാണ്.