കോഴിക്കോട്: നാദാപുരം കാളിയാറമ്പത് താഴെക്കുനി അസ്‌ലമിനെ കൊലപ്പെടുത്തിയിട്ടും പകതീരാത്ത രാഷ്ട്രീയത്തിന് കൂട പിടിച്ച ജില്ലാ ഭരണകൂടം മുസ്‌ലിം യൂത്ത്‌ലീഗ് പോരാട്ട വീര്യത്തിന് മുമ്പില്‍ പതറി. ചുവപ്പന്‍ ഫാഷിസത്തിന്റെ നേര്‍ കാഴ്ചയെ സംയമനത്തോടെ നേരിട്ടവരെ പ്രകോപിതരാക്കുന്ന നിലപാടിന് അന്ത്യം കുറിക്കാനും അസ്‌ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാനും മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിച്ച സമരത്തിനാണ് ഇന്നലെ നഗരം സാക്ഷ്യം വഹിച്ചത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ നാദാപുരം തൂണേരിയില്‍ സംഘട്ടനത്തില്‍ മരണപ്പെട്ടതിന്റെ മറവില്‍ മേഖലയിലെ നൂറോളം മുസ്്‌ലിം വീടുകളാണ് സി.പി.എം പ്രവര്‍ത്തകര്‍ കൊള്ളയടിച്ച് കൊള്ളിവെച്ചത്. ഷിബിന്റെ വീട്ടിലെത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സംഘര്‍ഷം വ്യാപിക്കാതെ തടയാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നയപരമായി ഇടപെടുകയുമായിരുന്നു. മരിച്ച ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും സി.പി.എം ആക്രമണങ്ങളില്‍ എല്ലാം കത്തിച്ചാമ്പലായവര്‍ക്ക് പുനരധിവാസവും പ്രഖ്യാപിച്ച സര്‍ക്കാറിന് കോടികള്‍ സംഭാവനയായും ലഭിച്ചു.
ഷിബിന്റെ കുടുംബത്തിനും നാശനഷ്ടം നേരിട്ടവര്‍ക്കും ധനസഹായം അനുവദിച്ചെങ്കിലും അസ്്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തടയുകയായിരുന്നു. ഷിബിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്സില്‍ അസ്്‌ലം പ്രതിയാണെന്നായിരുന്നു ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കാരണം പറഞ്ഞത്. എന്നാല്‍, അസ്്‌ലം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടതോടെ സി.പി.എം അതിക്രമത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് വാടകവീട്ടില്‍ കഴിഞ്ഞിരുന്ന അസ്്‌ലമിന്റെ കുടുംബം വീണ്ടും കലക്ടറെ സമീപിച്ചു. പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിച്ചില്ല. ഇതിനിടെ അസ്്‌ലമിനെ സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടികൊന്നു.
ശേഷം നാദാപുരത്ത് നടന്ന സര്‍വ്വകക്ഷിയോഗത്തിലും മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ഇതുണ്ടാവാത്തതോടെ രണ്ടു മാസം മുമ്പ് അസ്്‌ലമിന്റെ ഉമ്മ കാളിയാറമ്പത്് താഴെക്കുനി സുബൈദ ജില്ലാ കലക്ടറെ കണ്ടപ്പോഴും ഒരഴ്ചക്കകം പണം അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് ജില്ലാ കലക്ടറോട് അനുമതി വാങ്ങി രാവിലെ 11.30ഓടെ അസ്്‌ലമിന്റെ ഉമ്മ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് മെമ്പറുമായ നജീബ് കാന്തപുരം തുടങ്ങിയ നേതാക്കളോടൊപ്പം കലക്‌ട്രേറ്റിലെത്തി.
ജില്ലാ കലക്ടര്‍ അവധിയിലാണെന്നും വെസ്റ്റിഹില്ലിലെ വസതിയിലെ ക്യാമ്പ് ഓഫീസിലാണെന്നും അറിയിച്ചതോടെ അനുമതി വാങ്ങി അവിടെയെത്തി. എന്നാല്‍, അസ്്‌ലമിന്റെ ഉമ്മയെയോ ജനപ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളെയോ കാണാന്‍ കലക്ടര്‍ കൂട്ടാക്കിയില്ല. ജില്ലാ കലക്ടറെ കാണാന്‍ ഗേറ്റിന് സമീപം കാത്തുനിന്ന അസ്്‌ലമിന്റെ ഉമ്മ സുബൈദയെയും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജില്ലാ നേതാക്കളെയും അഞ്ചു മിനിട്ടിനകം കുതിച്ചെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നേതാക്കളെ തടഞ്ഞുവെച്ചതറിഞ്ഞ് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടി. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ കസ്റ്റഡിയില്‍ എടുത്ത മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും അസ്്‌ലമിന്റെ ഉമ്മയെയും അറസ്റ്റ് രേഖപ്പെടുത്തി. നീതി തേടി ജില്ലാ കലക്ടറെ കാണാനെത്തിയ അസ്‌ലമിന്റെ ഉമ്മയെ റിമാന്റ് ചെയ്ത് ജയിലില്‍ വിടുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ പൊലീസ് ജാമ്യത്തില്‍ വിടാമെന്ന് അറിയിച്ചു. എന്നാല്‍, ലക്ഷ്യം കാണാതെ തിരിച്ചു പോവില്ലെന്ന് അറിയിച്ചു.
അറസ്റ്റ് വരിച്ച നേതാക്കള്‍ ജാമ്യത്തില്‍ പോവില്ലെന്ന് ശഠിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷന് മുമ്പിലെത്തിയ പ്രവര്‍ത്തകരെ മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നിയന്ത്രിച്ചു.
മണിക്കൂറുകളോളം സ്‌റ്റേഷനു മുന്നില്‍ സമാധാനപരമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അസിസ്റ്റന്റ് കമ്മീഷണറുടെ വാഹനമെത്തിയതോടെ പൊലീസ് ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
മുസ്്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എ.ഡി.എമ്മുമായി ബന്ധപ്പെടുകയും ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് എ.ഡി.എം, അറിയിക്കുകയും ചെയ്തതോടെ ജാമ്യത്തിലിറങ്ങി. രാവിലെ 12 മണിയോടെ അറസ്റ്റ് വരിച്ച യൂത്ത്‌ലീഗ് നേതാക്കള്‍ക്കും അസ്്‌ലമിന്റെ ഉമ്മ സുബൈദക്കും രണ്ടു മണിയോടെയാണ് ജാമ്യം അനുവദിച്ചത്. മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളും അസ്‌ലമിന്റെ ഉമ്മയും കലക്ട്രേറ്റിലെത്തി എ.ഡി.എമ്മിനെ കണ്ടു.
ആവശ്യം ന്യായമാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നഷ്ടപരിഹാര തുക വിതരണത്തിന് ഉടന്‍ സര്‍ക്കാറിലേക്ക് ഫാക്‌സ് അയക്കാമെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാവുമെന്നും എ.ഡി.എം നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. എ.ഡി.എമ്മിന്റെ ഉറപ്പ് ഒരാഴ്ചക്കകം പാലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുസ്്‌ലിം യൂത്ത്‌ലീഗ് വീണ്ടും രംഗത്തുവരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മാധ്യമങ്ങളെ അറിയിച്ചതോടെയാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.