Connect with us

Video Stories

ആത്മാഭിമനത്തിന്റെ ചന്ദ്രതാരാങ്കിത ഹരിത ധ്വജം; മുസ്്‌ലിം ലീഗ് – മുക്കാല്‍ നൂറ്റാണ്ടിന്റെ കാതല്‍

ചുട്ടചുട്ട വെയിലിലും
തോര്‍ന്നിടാത്ത മഴയിലും
ഒട്ടുമേ മടിച്ചിടാതെ
ലീഗിന്‍ ത്യാഗം ചെയ്യുവിന്‍…!

Published

on

@ ലുഖ്മാന്‍ മമ്പാട്
റാഡ്ക്ലിഫ് തന്റെ നീല പെന്‍സില്‍ കൊണ്ട് അഭിഭക്ത ഇന്ത്യയുടെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും വരച്ചു; ചുടുചോര ചീറ്റിത്തെറിച്ചു. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട ഇരുകരകളിലേക്കും പലായനം; വഴിത്താരയാകെ നിണം ചാലിട്ടൊഴുകി. 20 ലക്ഷം മനുഷ്യര്‍ക്ക് ജീവഹാനി, ഇരട്ടിയിലേറെ പേര്‍ക്ക് അംഗഭംഗം, രണ്ടു കോടിയിലേറെ പേര്‍ക്ക് ഭവനനഷ്ടം… ഗ്രാമ-നഗരങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്കിടെ കുറ്റവാളിയായി സര്‍വേന്ത്യാ മുസ്ലിംലീഗിനെയും ഖാഇദെ അഅ്സം ജിന്നസാഹിബിനെയും മുദ്രകുത്താന്‍ പലര്‍ക്കും തിടുക്കം. 1940 മാര്‍ച്ച് 23ന് സര്‍വേന്ത്യാ മുസ്ലിംലീഗ് പാക്കിസ്താന്‍ പ്രമേയം അംഗീകരിക്കുന്നതിനും പതിറ്റാണ്ടു മുമ്പ് തന്നെ വിഭജനത്തിന്റെ കത്തിയാഴ്ത്തിയവരാണ്, ബ്രിട്ടീഷുകാരന്റെ ഷൂനക്കി തേഞ്ഞുപോയ നാവുകൊണ്ട് അപവാദത്തിന്റെ വിഷം ചീറ്റുന്നത്. കോണ്‍ഗ്രസ്സിന്റെയും സര്‍വേന്ത്യാ മുസ്ലിംലീഗിന്റെയും നേതാക്കള്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ കാര്‍മികത്വത്തില്‍ ഒപ്പുവെച്ച കരാറാണ് വിഭജനം.
സ്വപ്നതുല്ല്യ മോഹങ്ങളുടെ വാഗ്ദത്തഭൂമിയായി ഒരു രാജ്യം തന്നെ തളികയില്‍വെച്ച് നീട്ടിയിട്ടും പിറന്ന മണ്ണിനെ ജീവനക്കാളേറെ സ്നേഹിച്ച് അഞ്ചു കോടി മുസ്്ലിംകള്‍ ഇന്ത്യയെ ഹൃദയത്തില്‍ ഉയിരായികോര്‍ത്തു. കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട് ഭയചകിതരായി തുറന്ന ജയിലു കണക്കെ അരക്ഷിതത്വത്തിലായ ഇവര്‍ക്ക് ഉറക്കെയൊന്ന് കരയാന്‍പോലുമാവാത്ത സ്ഥിതി. ചോദിക്കാനും പറയാനും ആരുമില്ല. 1947 ഒക്ടോബര്‍ 24ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഡല്‍ഹി ജുമാമസ്ജിദിന്റെ കല്‍പടവുകളില്‍ നിന്ന് കരച്ചിലിന്റെ ഭാഷയിലാണ് അബുല്‍കലാം ആസാദ് സംസാരിച്ചത്. അവിഭക്ത ബംഗാള്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.എസ് സുഹ്രവര്‍ദി 1947 നവംബര്‍ ഒമ്പതിനും പത്തിനുമായി ഇന്ത്യയിലെ മുസ്ലിം സാമാജികരുടെ യോഗം കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. ഹേതു, ലീഗിനെ കുഴിച്ചുമൂടി സ്വയം ജഡസമാനമായി ഇനിയുള്ളകാലം ജീവിക്കാമെന്ന ഉള്‍വലിയലും. മദിരാശി സംസ്ഥാനത്തു നിന്ന് അതില്‍ പങ്കെടുത്ത ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും കെ.എം സീതിസാഹിബും സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന പ്രമേയം പാസാക്കാന്‍ ചാലകശക്തികളായി. പതിതരുടെ ഹൃദയവികാരം ഉള്‍കൊണ്ട് ദിവസങ്ങള്‍ക്കകം ഖാഇദെ മില്ലത്ത് കറാച്ചിയിലേക്ക്…
മൗണ്ട് ബാറ്റണുമായി മുഖാമുഖം
1947 ഡിസംബര്‍ 14; ആള്‍ ഇന്ത്യ മുസ്്ലിംലീഗിന്റെ കൗണ്‍സില്‍ കറാച്ചിയില്‍. സംഘടനയെ രണ്ടായി പകുത്തു; ഇന്ത്യയുടെ കണ്‍വീനറായി എം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പാക്കിസ്താന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്തിലിഖാനെയും തിരഞ്ഞെടുത്തു. മിനുസ്ടുകളും വരവ് ചെലവ് കണക്കും ഉള്‍പ്പെടെ എല്ലാം സുവ്യക്തമാക്കി പത്താം നാള്‍ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ഖാഇദമില്ലത്തിനും സംഘത്തിനും പാക്കിസ്താന്‍ പ്രധാനമന്ത്രി ഔദ്യോഗിക വിരുന്നു നല്‍കി. വൈകാരികത നിറഞ്ഞുനിന്ന ഹാളില്‍ കണ്ണീരുകൊണ്ടാണ് സംസാരമത്രയും. ഇന്ത്യയിലെ മുസ്ലിംലീഗിന് അവകാശപ്പെട്ട പണം തിരസ്‌കരിച്ച, ഇസ്മാഈല്‍ സാഹിബ് ഇനി കൂറത്രയും ഇന്ത്യയോടായിരിക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
ഇസ്മാഈല്‍ സാഹിബ് വിങ്ങിപൊട്ടി, ‘നവാബ്് സാഹിബ്, ഇന്നലെ വരെ നമ്മള്‍ ഒന്നായിരുന്നു. ഇനി വ്യത്യസ്ത രാജ്യങ്ങളിലെ പൗരന്മാരായി വേര്‍പിരിയുകയാണ്. താങ്കള്‍ പാക്ക് പ്രധാനമന്ത്രിയായതിനാല്‍ ചിലകാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു പരിതസ്ഥിതിയിലും ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. ഞങ്ങളുടെ ഉത്തരവാദിത്തവും കര്‍ത്തവ്യവും അധികാരവും പരിമിതിയുമെല്ലാം ഞങ്ങള്‍ക്കറിയാം. സര്‍ക്കാറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ വേട്ടയാടിയാലും അത്തരം പരീക്ഷണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരൊറ്റകാര്യമാണ് നിങ്ങളോടു പറയാനുള്ളത്. പാക്കിസ്താനിലെ ഹൈന്ദവ ന്യൂനപക്ഷത്തെ പരിരക്ഷിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് മറക്കരുത്. അതിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാമെന്നല്ലാതെ ഞങ്ങളുടെ ആഭ്യന്തരമായ കാര്യങ്ങളിലൊന്നും ഇടപെടരുത്.” പിറ്റേന്ന് മുസ്ലിംലീഗിന്റെ ഭാരം ചുമലിലേറ്റി ഖാഇദെമില്ലത്ത് ഇന്ത്യയിലേക്ക് തിരിച്ചു.
ഡല്‍ഹിയില്‍ നിന്ന് മദിരാശിയിലേക്ക് പോയി ഭാര്യയെയും മകനെയും കാണുംമുമ്പ് തന്നെ പാലക്കാട് പുതുനഗരത്തെത്തിയ ഖാഇദെമില്ലത്ത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ ഹരിതപതാക ഉയര്‍ത്തി. ‘മുസ്ലിംലീഗിനെ നട്ടുവളര്‍ത്താന്‍ മുഹമ്മദ് ഇസ്മാഈല്‍ പുറപ്പെട്ടിരിക്കുന്നു’. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്ന് പലരുടെയും കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു. പിന്തിരിപ്പിക്കാനായി സമ്മര്‍ദങ്ങളുടെ കൊടൂരവുമായി പ്രമുഖര്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, കേന്ദ്രമന്ത്രി റഫി അഹമ്മദ് കിദ്വായിക്കൊപ്പം ഇസ്മാഈല്‍ സാഹിബിനെ നേരില്‍ കണ്ടു. ലീഗ് പുനരുജ്ജീവനവുമായി മുന്നോട്ടു പോവരുതെന്നും നിങ്ങള്‍ പറയുന്ന ഏതൊരു ആവശ്യവും നിറവേറ്റാമെന്നുമാണ് വാഗ്ദാനം. താല്‍ക്കാലിക ലാഭനഷ്ടങ്ങളുടെ പ്രലോഭനത്തിനപ്പുറം ഒരു ജനതയുടെ ആത്മാഭിമാനം ഉയര്‍ത്താന്‍ സര്‍വശക്തനില്‍ തവക്കുലാക്കി ഇറങ്ങിപ്പുറപ്പെട്ട ഇസ്മാഈല്‍ സാഹിബിനെ പിന്തിരിപ്പിക്കാന്‍ നെഹ്റുവിനാവുമോ.
പിന്നാലെ, ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്റെ സന്ദേശവുമെത്തി. 1948 ജനുവരി 29ന് മദിരാശിയിലെ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തണം. മുഖാമുഖമിരുന്ന് മൗണ്ട് ബാറ്റണ്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഇസ്്മാഈല്‍ സാഹിബിനോട് ശഠിച്ചു. ബഹുസ്വര സമൂഹത്തില്‍ മുസ്ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് ഇസ്മാഈല്‍ സാഹിബ് പിരിഞ്ഞു. പിറ്റേന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരുന്ന മൗണ്ട് ബാറ്റന്റെ ചെവിയില്‍ ആ വാര്‍ത്തയെത്തി. റേഡിയോ വഴി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതു ലോകത്തെ അറിയിച്ചു. ‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. വിളക്കണഞ്ഞു; കൊലയാളി ഒരു മുസ്്ലിമല്ല..’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിനിധിയായ മൗണ്ട്ബാറ്റണ്, തലേന്ന് മുഹമ്മദ് ഇസ്്മാഈല്‍ പറഞ്ഞതിന്റെ പൊരുള് ഏതാണ്ട് തിരിഞ്ഞിരിക്കണം.
കൂരിരുട്ടിലൊരു വിളക്കുമാടം
1948 മാര്‍ച്ച് 10; മദിരാശിയിലെ ഗവണ്‍മെന്റ് ബാങ്ക്വിറ്റ് ഹാള്‍ (ചെന്നൈ രാജാജി ഹാള്‍). ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംലീഗ് ദേശീയ സമിതി അംഗങ്ങളുടെ യോഗം നടക്കുന്നു. 147 അംഗങ്ങളില്‍ 30 പേരാണ് എത്തിയത്. മുസ്ലിം ലീഗ് തുടരേണ്ടെന്ന് സ്ഥാപിക്കലായിരുന്നു ഇതില്‍ ചിലരുടെ ലക്ഷ്യം. ഒടുവില്‍, ഭൂരിപക്ഷ അഭിപ്രായത്തില്‍ മുസ്ലിം ലീഗ് നിലനിര്‍ത്താനും പുതിയ ഭരണഘടനയും കര്‍മരേഖയും തയ്യാറാക്കാനും തീരുമാനിച്ചു. ഭയത്തിന്റെ കരിമ്പടം പുതച്ച കൂരിരുട്ടില്‍ ജനകോടികള്‍ക്ക് പ്രത്യാശയുടെ വിളക്കുമാടം തെളിഞ്ഞു. അഭിമാന ബോധത്തോടെയും അസ്ഥിത്വം മുറുകെപ്പിടിച്ചും സ്വരാജ്യത്ത് ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന് നാന്ദി കുറിച്ചു. രാജ്യത്തോട് കൂറുള്ള, വര്‍ഗീയതയോട് സന്ധിചെയ്യാത്ത ഏതൊരു ഇന്ത്യന്‍ പൗരനും മതത്തിനും ജാതിക്കും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷക്കുമതീതമായി അംഗമാവാനും അണിനിരക്കാനും ചന്ദ്രതാരാങ്കിത ഹരിത ധ്വജമുയര്‍ന്നു. സര്‍വേന്ത്യാ മുസ്ലിംലീഗില്‍ നിന്ന് നയത്തിലും കര്‍മ പദ്ധതികളിലും സമൂലമായ മാറ്റത്തോടെ മറ്റൊരു മുസ്ലിംലീഗാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗായി പിറന്നുവീണത്.
എന്നാല്‍, തീര്‍ച്ചയായും സര്‍സയ്യിദിലേക്കും അല്ലാമാ ഇഖ്ബാലിലേക്കും എന്തിനേറെ സോക്രട്ടീസിലേക്കും മാര്‍ട്ടിംഗ് ലൂതര്‍കിങിലേക്കും ഏഴാം നൂറ്റാണ്ടിലെ വെളിച്ചത്തിലേക്കുമെല്ലാം അതിന്റെ വേരുകള്‍ നീണ്ടു കിടക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ മതേതരത്വത്തിന്റെ സിംഹാസനം വലിച്ചിട്ട് അപകര്‍ഷതയെ അവകാശബോധമാക്കി. എന്നാല്‍, ചിലര്‍ ദേശീയ പ്രസ്ഥാനങ്ങളില്‍ ലയിച്ച് ചേര്‍ന്ന് പേരിനൊരു വിശ്വാസിയായി കഴിഞ്ഞുകൂടാമെന്ന ഉപദേശം ഉള്‍കൊണ്ടവര്‍ ഉപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്ന് എന്നു നെടുവീര്‍പ്പിട്ടു. മറ്റൊരു കൂട്ടര്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പെരുമ്പറ മുഴക്കി, ഹുക്കൂമത്തെ ഇലാഹിയെ ബദല്‍ മാര്‍ഗമാക്കിയപ്പോള്‍ മതരാഷ്ട്ര വാദത്തിന്റെ ഇസ്ലാം വിരുദ്ധത സൈദ്ധാന്തികമായി ബോധ്യപ്പെടുത്താനും വര്‍ഗീയതയുടെ വിഷനാമ്പുകളെ മുളയിലെ നുള്ളാനും മുസ്ലിം ലീഗ് ജാഗ്രത കാണിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള മതേതര പാക്കിസ്താനെന്ന ജിന്നയുടെ സ്വപ്നത്തെ അദ്ദേഹത്തിന്റെ മരണശേഷം മതരാഷ്ട്രമാക്കിയതിന്റെ കെടുതി ലോകം കാണുന്നുണ്ട്. മതരാഷ്ട്ര വാദത്തിന് എക്കാലവും ലീഗ് എതിരായിരുന്നു. ഇസ്ലാമിലെ രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും വ്യതിരിക്തമായി നിര്‍വചിക്കാന്‍ പ്രത്യയശാസ്ത്ര ബിന്‍ബലമുണ്ടെന്നതാണ് മുസ്ലിംലീഗിന്റെ ധൈര്യം.
അഭിമാനകരമായ അസ്തിത്വം
ഭീഷണികള്‍ക്ക് മുമ്പില്‍ കര്‍മബന്ധങ്ങളുപേക്ഷിച്ച് ഓടിമറയുകയല്ല; പിറന്ന മണ്ണില്‍ തന്നെ ജീവിച്ചു മരിക്കുകയാണ് വീരപൗരുഷമെന്ന ഖാഇദെമില്ലത്തിന്റെ സന്ദേശം ഏറ്റെടുക്കാന്‍ അധികംപേരൊന്നും ആദ്യമുണ്ടായില്ല. എന്നാല്‍, 1906ല്‍ രൂപീകൃതമായ സര്‍വേന്ത്യാ മുസ്ലിംലീഗ് 1930കളില്‍ തന്നെ വേരോട്ടമുണ്ടാക്കിയ മലബാറില്‍ അഭിമാനകരമായ അസ്ഥിത്വം ആവേശത്തിരയിളക്കി പ്രതിധ്വനിച്ചു. അബ്ദുറഹിമാന്‍ അലിരാജ, ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ടുസാഹിബ്, കെ.എം സീതിസാഹിബ്, കെ.എം മൗലവി, കെ. ഉപ്പിസാഹിബ്, ബി. പോക്കര്‍ സാഹിബ്, എന്നിവര്‍ക്കൊപ്പം ബാഫഖി തങ്ങളും ചേര്‍ന്നതോടെ അതൊരു അശ്വമേധമായി. സ്വതന്ത്ര ഇന്ത്യയില്‍ അവര്‍ക്ക് ചന്ദ്രതാരാങ്കിത ഹരിതപതാക നെഞ്ചേറ്റാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. വര്‍ഗീയതയായിരുന്നു മുസ്ലിംലീഗിനെ ആക്രമിക്കാന്‍ വിഷത്തിലൂട്ടിയ എതിരാളികളുടെ എക്കാലത്തെയും വലിയ ആയുധം.
എന്നാല്‍, മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ക്ക് അതിനെ സാധൂകരിക്കാനുള്ള ഒരു ചെറു ഉദാഹരണം പോലും പറയാനാവില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ സംഘടനാ പ്രവര്‍ത്തനവും ഭരണപങ്കാളിത്ത ഇടപെടലും തുറന്ന പുസ്തകമായി മുന്നിലുണ്ട്. വര്‍ഗീയതയുടെ പ്രാഥമിക നിര്‍വചനം പോലും മനസ്സിലാക്കാതെ മുസ്്ലിം എന്ന പേരുണ്ട് എന്നതൊരു പാതകമായി അവതരിപ്പിക്കുകയാണവര്‍. മുസ്ലിം സ്വത്വം മുറുകെ പിടിച്ച്, ഉറക്കെ പ്രഖ്യാപിച്ച് പിന്നോക്ക ദളിത് ന്യൂനപക്ഷങ്ങളെയാകെ ചേര്‍ത്തുപിടിക്കുന്നുവെന്നതാണ് മുസ്ലിം ലീഗിന്റെ അകക്കാമ്പ്. ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ഡോ.ബി.ആര്‍ അംബേദ്കറെ കൈപിടിച്ചുയര്‍ത്തിയതു മുതല്‍ സമത്വത്തിലേക്കുള്ള വഴിയടയാളമായ സാമുദായിക സംവരണത്തില്‍ സാമ്പത്തിക ലഹരി ചേര്‍ത്ത് സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ പാര്‍ലമെന്റില്‍ നോ എന്ന് ഒറ്റക്ക് വിളിച്ചു പറഞ്ഞതുവരെ അതിന്റെ ഭാഗമാണ്.
ബഹുസ്വര സമൂഹത്തില്‍ നല്ലൊരു വിശ്വാസിയായി സ്വത്വബോധത്തോടെ ജീവിക്കാമെന്ന മിതവാദത്തിന്റെ ഋജുവായ നിലപാടുതറയില്‍ നിന്നാണ് മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് താണ്ടിയത്. രാജ്യത്തിന്റെ പുരോഗതിക്കും മുന്നേറ്റത്തിനും ചാലകശക്തിയാവാന്‍ മുസ്ലിംലീഗ് സക്രിയമായി എന്നും നിലകൊണ്ടു. ഗണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്ന് എതിരാളികള്‍ പോലും തലകുലുക്കി. മുസ്ലിം വ്യക്തി നിയമം, മുത്ത്വലാഖ്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കട്ട് ഓഫ് ഡേറ്റ് നിയമം എന്നിവയിലെല്ലാം വ്യതിരിക്തമായി ഇടപെട്ടു. വിഭജനകാല അന്തരീക്ഷത്തോളം കലുഷിതമായ പൗരത്വ വിവേചന നിയമം പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ചുട്ടെടുത്ത കറുത്ത രാത്രി പുലര്‍ന്നപ്പോള്‍, സുപ്രീം കോടതിയിലെത്തി നീതിക്കായി പോരാട്ടം തുടങ്ങിയതും നിതാന്ത ജാഗ്രത പുലര്‍ത്തുന്നതും 75 വര്‍ഷത്തിന് ശേഷം ഖാഇദെമില്ലത്തിന്റെ പിന്‍മുറക്കാര്‍ അതേ രാജാജി ഹാളിലെത്തുമ്പോഴും തലഉയര്‍ത്തിപ്പിടിക്കാന്‍ മതിയായതാണ്.
മലബാറില്‍ ഭൗതിക വിദ്യാഭ്യാസ വിപ്ലത്തിന് ഫാറൂഖ് കോളജ് സ്ഥാപിച്ച അതേ ഖാഇദെമില്ലത്താണ് മത വിഭ്യാസത്തിന് പട്ടിക്കാട് ജാമിഅ നൂരിയയും കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ നിന്നത്. ഫാറൂഖ് കോളജ് സ്ഥാപിക്കാന്‍ സീതി സാഹിബിനൊപ്പവും ജാമിഅ നൂരിയ സ്ഥാപിക്കാന്‍ ബാഫഖി തങ്ങള്‍ക്കും പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും ശംസുല്‍ ഉലമക്കുമൊപ്പവും ഖാഇദെമില്ലത്ത് അക്ഷീണം പ്രയത്നിച്ചു. 1963 ഫെബ്രുവരി മൂന്നിന് ജാമിഅക്ക് തറക്കല്ലിട്ടപ്പോള്‍ അധ്യക്ഷനായതും മറ്റാരുമല്ല. മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ പ്രസരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാനാണ് മുസ്ലിംലീഗ് എക്കാലവും ശ്രമിച്ചത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ആധുനിക രാഷ്ട്രീയവും ആധുനിക വിദ്യാഭ്യാസവും സ്വാംശീകരിക്കാനുള്ള ആഹ്വാനം മുസ്ലിംലീഗ് കര്‍മപദ്ധതിയിലും ഭരണതലത്തിലും ഒരുപോലെ പയറ്റി. പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഭാഷാപഠനം നടപ്പാക്കി കേരള മോഡല്‍ വിദ്യാഭ്യാസത്തിന് ഭരണ പങ്കാളിത്തത്തിലൂടെ സി.എച്ച് അസ്ഥിവാരമിട്ടു. കേന്ദ്രത്തില്‍ ആദ്യമായി ഭരണ പങ്കാളിത്തം ലഭിച്ചപ്പോള്‍ സച്ചാര്‍ സമിതിയെ നിയമിച്ച് ആധികാരിക പഠനത്തിലൂടെ വൈജ്ഞാനിക അവശത പരിഹരിക്കാന്‍ നടത്തിയ ഇടപെടല്‍ രാജ്യത്തുണ്ടാക്കിയ മാറ്റം ചെറുതല്ല.
നിയമനിര്‍മ്മാണ സഭകളില്‍
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മനുഷ്യന്റെ മൗലികാവകാശവും ദളിത് മുസ്്ലിം പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് സമത്വം ഉറപ്പാക്കാനും മുസ്ലിംലീഗ് വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. 14 അംഗങ്ങളാണ് ലീഗിന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലുണ്ടായിരുന്നത്. സത്താര്‍ സേട്ടുസാഹിബ് പാക്കിസ്താന്റെ ഈജിപ്ത് അമ്പാസിഡറായി പോയ ഒഴിവിലാണ് ഖാഇദെമില്ലത്ത് ഇടംപിടിക്കുന്നത്. നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), ഇസ്മാഈല്‍ ചുന്ദ്രാഗര്‍ (ബോംബെ), തജ്മുല്‍ ഹുസൈന്‍ (ബിഹാര്‍), ബി പോക്കര്‍ സാഹിബ്, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, മഹ്ബൂബ് അലിബേഗ് (മദ്രാസ്), കെ.എം കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിഡന്‍സ്), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്്മാഈല്‍ ഖാന്‍, ഇസഡ് എച്ച് ലാരി (യുനൈറ്റഡ് പ്രൊവിഡന്‍സ്), ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗംമായി മുഹമ്മദ് സഅദുല്ല (ആസാം) എന്നിവരാണ് ഭരണഘടനാ നിര്‍മാണ സഭയിലെ മുസ്ലിംലീഗിന്റെ അംഗങ്ങള്‍.
ഇന്ത്യയൊരു റിപ്പബ്ലിക്കായി, വോട്ടവകാശവും പൊതുമണ്ഡലവും നിലവില്‍ വന്ന ശേഷം രാജ്യത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ലോക്സഭയിലേക്ക് അംഗങ്ങളെ എത്തിക്കാന്‍ മുസ്ലിംലീഗിനായി. രാജ്യസഭയില്‍ 2010-2015 ഇടവേള ഒഴികെയും മുസ്്ലിം ലീഗ് അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് എല്ലാ ലോക്സഭയിലേക്കും പ്രതിനിധികളെ വിജയിപ്പിച്ച ഏകപാര്‍ട്ടിയും മുസ്്ലിംലീഗാണ്. 1952ലെ ഒന്നാം തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് ബി.പോക്കര്‍ സാഹിബ് വിജയിച്ചതിനു പുറമെ മലബാറില്‍ നിന്ന് മദിരാശി അസംബ്ലിയിലേക്ക് അഞ്ചു അംഗങ്ങളും വിജയിച്ചു. അക്കൊല്ലം മദിരാശി നിയമസഭയില്‍ നിന്ന് മുസ്്ലിംലീഗിന്റെ അഞ്ചംഗങ്ങളുടെയും 13 സ്വതന്ത്രരുടെയും പിന്തുണയില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് രാജ്യസഭയിലുമെത്തി. മൂന്നില്‍ ഒന്ന് വീതം അംഗങ്ങള്‍ രണ്ടു വര്‍ഷ ഇടവേളയില്‍ പിരിയുന്നതാണല്ലോ രാജ്യസഭാ രീതി. ആദ്യ സഭയില്‍ ഓരോ രണ്ടു വര്‍ഷത്തിലും നറുക്കെടുപ്പിലൂടെ മൂന്നിലൊന്നിനെ പുറംതള്ളിയപ്പോള്‍ ആറു വര്‍ഷവും അംഗമായിരിക്കാന്‍ ഇസ്മാഈല്‍ സാഹിബിനായി. തുടര്‍ന്നാണ് 1962ല്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം എത്തിയത്. 1967ലും 71ലുമെല്ലാം മണ്ഡലം കാണാതെയാണ് ഖാഇദെമില്ലത്തിന്റെ ജയം. ചന്ദ്രനില്‍ പോയി നോമിനേഷന്‍ കൊടുത്താലും ഇസ്മാഈല്‍ സാഹിബ് ജയിക്കുമെന്നും അത്രയും വ്യക്തിപ്രഭാവത്തിനുടമയാണ് അദ്ദേഹമെന്നുമാണ് കരുണാനിധി പറയാറുണ്ടായിരുന്നത്.
കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ നയിച്ചു ഖാഇദെമില്ലത്ത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ഒരേ സമയം ഒമ്പത് പാര്‍ലമെന്റ് അംഗങ്ങളാണ് പാര്‍ലമെന്റില്‍ മുസ്ലിംലീഗിനുണ്ടായിരുന്നത്; ലോക്സഭയില്‍ നാലും (1971), രാജ്യസഭയില്‍ അഞ്ചും (1972). ഖാഇദെമില്ലത്ത് (മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബ് (കോഴിക്കോട്), എസ്.എം ഷരീഫ് (പെരിയംകുളം), അബൂതാലിബ് ചൗധരി (മുര്‍ഷിദാബാദ്) എന്നിവരാണ് അക്കാലത്തെ ലോക്സഭാംഗങ്ങള്‍. ബി.വി അബ്ദുല്ലക്കോയ, ഹമീദലി ഷംനാട് (കേരളം), എ.കെ.എ അബ്ദുസമദ്, ഖാജാ മുഹിയുദ്ദീന്‍, എ.കെ രിഫാഇ (തമിഴ്നാട്) എന്നിവരാണ് ഒരേക്കാലത്ത് രാജ്യസഭാംഗങ്ങളായത്.
മുസ്്ലിംലീഗ് ലോക്സഭാംഗങ്ങളായവര്‍: ബി പോക്കര്‍ സാഹിബ് (മലപ്പുറം, മഞ്ചേരി), ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് (മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (കോഴിക്കോട്, മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), എസ്.എം ഷരീഫ് (രാമനാഥ പുരം, പെരിയംകുളം), അബൂതാലിബ് ചൗധരി (മുര്‍ഷിദാബാദ്), ജി.എം ബനാത്ത്വാല (പൊവന്നാനി), എ.കെ.എ അബ്ദുസമദ് (വെല്ലൂര്‍), ഇ.അഹമ്മദ് (മഞ്ചേരി, പൊന്നാനി, മലപ്പുറം), പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ (വെല്ലൂര്‍), എം അബ്ദുറഹിമാന്‍ (വെല്ലൂര്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഡോ.എം.പി അബ്ദുസമദ് സമദാനി (മലപ്പുറം), കെ. നവാസ് ഗനി (രാമനാഥപുരം).
രാജ്യസഭാംഗങ്ങളായവര്‍: ഖാഇദെമില്ലത്ത മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, എ.കെ.എ അബ്ദുസമദ്, ബി.വി അബ്ദുല്ലക്കോയ, എസ്.എ ഖാജ മുഹിയുദ്ദീന്‍, ഹമീദലി ഷംനാട്, എ.കെ രിഫാഇ, കോരമ്പയിൽ അഹമ്മദ്‌ ഹാജി, ഡോ.എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്.
അധികാര പങ്കാളിത്തം
പഞ്ചായത്ത് മെമ്പര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുവരെയും എം.എല്‍.എ മുതല്‍ മുഖ്യമന്ത്രി വരെയും പാര്‍ലമെന്റ് അംഗം മുതല്‍ കേന്ദ്രമന്ത്രി വരെയും വഹിച്ച് മുസ്ലിംലീഗ് അംഗങ്ങള്‍ മതേതര ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഗമായി നിലകൊണ്ടപ്പോള്‍ തന്നെ മുന്‍ഗണനാ വിഷയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള സേവന-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളായിരുന്നുവെന്നതാണ് ചരിത്രവും വര്‍ത്തമാനവും. 1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ വിജയിക്കൊടി പാറിച്ചെങ്കിലും അധികാര പങ്കാളിത്തത്തിന് ഏതാനും വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഒരു പഞ്ചായത്ത് അംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുമ്പില്‍ 1979 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രിയും (സി.എച്ച് മുഹമ്മദ് കോയ), 2004 മെയ് 23ന് കേന്ദ്രമന്ത്രിയും (ഇ അഹമ്മദ്) വരെ മുസ്്ലിംലീഗ് അംഗങ്ങളായി. കേരളത്തിലെ വിമോചന സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-മുസ്്ലിംലീഗ്-പി.എസ്.പി സഖ്യം 1960ല്‍ അധികാരത്തിലേറിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നിഷേധിച്ചു. എന്നാല്‍, സ്പീക്കര്‍ പദവി ലഭിച്ചു. അങ്ങിനെ, 1960 മാര്‍ച്ച് 12ന് സീതി സാഹിബിലൂടെ രാജ്യത്ത് മുസ്ലിംലീഗിന് ആദ്യ ഔദ്യോഗിക പദവി ലഭിച്ചു. വൈകാതെ മുസ്ലിംലീഗ് കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാനിധ്യമായി. 1967ല്‍ സപ്തകക്ഷി മുന്നിണിയുടെ ഭാഗമായി മത്സരിച്ച മുസ്ലിംലീഗിന് ഇ.എം.എസ് മന്ത്രിസഭയില്‍ രണ്ടംഗങ്ങളെ ലഭിച്ചു; സി.എച്ചും എം.പി.എം അഹമ്മദ് കുരിക്കളും. മലപ്പുറം ജില്ല, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ മുസ്ലിംലീഗ് ആവശ്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാനായി. അഴിമതിക്കുണ്ടില്‍ വീണ് രണ്ടാം വര്‍ഷം മന്ത്രിസഭ വീണതോടെ 1969ല്‍ ബാഫഖി തങ്ങള്‍ സി.പി.ഐയിലെ സി അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്നെത്തിച്ച് കേരള മുഖ്യമന്ത്രിയാക്കിയപ്പോള്‍ അനന്തപുരി കോരിത്തരിച്ചു; ഇന്ദ്രപ്രസ്ഥം കുലുങ്ങി. സി.എച്ചും നഹാസാഹിബും മന്ത്രിമാരായി.
1970ല്‍ മുസ്്ലിംലീഗിന് നാലു സംസ്ഥാനങ്ങളില്‍ നിന്നായി (കേരളം -14, തമിഴ്നാട് -3, മഹാരാഷ്ട്ര -1, പശ്ചിമബംഗാള്‍ -7) 25 എം.എല്‍.എമാരുണ്ടായിരുന്നു. പിന്നീട് 2011ല്‍ കേരളത്തില്‍ 20 എം.എല്‍.എമാര്‍ ലീഗിനുണ്ടായി. 1970ല്‍ ബംഗാളില്‍ ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയും (എ.കെ ഹസനുസമാന്‍), രണ്ടു സഹമന്ത്രിമാരും മുസ്ലിംലീഗിനുണ്ടായതും അതേ വര്‍ഷമാണ്. മുക്കാല്‍ നൂറ്റാണ്ടിന്റെ വേളയില്‍ മൂന്ന് ലോക്സഭാംഗങ്ങളും (കേരളം-2, തമിഴ്നാട് 1), ഒരു രാജ്യസഭാംഗവും ഉള്‍പ്പെടെ നാലു പാര്‍ലമെന്റ് അംഗങ്ങളാണുള്ളത്. കേരളത്തില്‍ 15 എം.എല്‍.എമാരും പ്രതിപക്ഷ ഉപനേതൃപദവിയും തമിഴ്നാട്ടില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്ലിംലീഗിനുണ്ട്. കേരളത്തില്‍ മുസ്ലിംലീഗിനു പങ്കാളിത്തമുള്ള അച്യുതമേനോന്റെ ഒരു പതിറ്റാണ്ടോളം നീണ്ട തുടര്‍ഭരണം കേരളമോഡല്‍ കെട്ടിപ്പടുത്തു. ദളിത് പിന്നോക്ക മുസ്ലിം വിഭാഗങ്ങള്‍ക്കാകെ സാര്‍വത്രിക വിദ്യാഭ്യാസം ലഭിച്ചതും ആരോഗ്യരംഗത്തെ കുതിച്ചുചാട്ടവുമെല്ലാം അക്കാലത്തെ നേട്ടങ്ങളാണ്. 1977 ഓടെ സി.പി.ഐ മറുകണ്ടം ചാടിയപ്പോഴും കോണ്‍ഗ്രസിനെ ചേര്‍ത്ത് യു.ഡി.എഫ് കെട്ടിപ്പടുത്ത മുസ്ലിംലീഗ് കെ.കരുണാകരനെ മുഖ്യമന്ത്രിയായി വാഴിച്ചു. സി.എച്ചും നഹാസാഹിബും മന്ത്രിമാരായി. എണ്‍പതുകളോടെ മന്ത്രിമാരുടെ എണ്ണം മൂന്നായി. 1991ൽ മന്ത്രിമാർ കൂടിയതിനു പുറമെ ചീഫ് വിപ്പും ലഭിച്ചു. 2011ല്‍ 20 എം.എല്‍.മാരെ വിജയിപ്പിച്ച മുസ്ലിംലീഗിന് അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്രാഹീംകുഞ്ഞ്, മഞ്ഞളാംകുഴി അലി. ഭരണ പ്രതിപക്ഷ നിരകളില്‍ അവകാശ പോരാട്ടത്തിലും വികസനോന്മുഖ കാഴ്ചപ്പാട് മുറുകെ പിടിക്കുന്നതിലും മുസ്ലിംലീഗ് ഒരിക്കലും പിന്നോട്ടു പോയില്ല.
വീണ്ടും രാജാജി ഹാളില്‍
പാര്‍ലമെന്ററി സ്ഥാനങ്ങള്‍ മാത്രമല്ല സംഘടനയുടെ പ്രഥമ ലക്ഷ്യമെന്ന ഖാഇദെമില്ലത്തിന്റെ ആത്മഭിമാന ദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിച്ചൊരു ദശാസന്ധിയിലാണ്, 1948 മാര്‍ച്ച് പത്തിന്റെ പേറ്റുനോവറിഞ്ഞ അതേ  രാജാജി ഹാളിലേക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ കാതലില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെത്തുന്നത്. 1998 മാര്‍ച്ച് ഒമ്പതിനും പത്തിനും സുവര്‍ണ ജൂബിലി ആഘോഷം നടന്നതും ചെന്നൈയിലെ ഖാഇദെമില്ലത്തിന്റെ മണ്ണായ ഇവിടെയായിരുന്നു. അന്ന് എം.കരുണാനിധിയായിരുന്നു മുഖ്യാതിഥിയെങ്കില്‍ ഇത്തവണ മകനും മുഖ്യമന്ത്രിയുമായ കെ.എം സ്റ്റാലിനാണ്. സംഘ്പരിവാര്‍ അസഹിഷ്ണുത കെട്ടഴിച്ചു ഹിംസാത്മകമായി ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുമ്പോള്‍ ചെന്നൈ സമ്മേളനം വെറും പിറന്നാള്‍ ആഘോഷമല്ല; ജനകോടികളുടെ പ്രത്യാശയുടെ പ്രതിഫലനം കൂടിയാണ്. ഫാഷിസത്തെ തുരത്താന്‍ മുസ്ലിം-ദളിത്-ആദിവാസി-പിന്നോക്ക കൂട്ടായ്മക്ക് ക്രിയാത്മക നേതൃത്വം നല്‍കാനുള്ള കര്‍മപദ്ധതികളാണ് രൂപപ്പെടുക.
മുസ്്ലിംലീഗിന്റെ വിളിയാളം കേട്ടജനത ലോകത്തിനാകെ ഉത്തമ സമുദായ മാതൃകയായി; കുന്‍തും ഖൈറു ഉമ്മ. വിഷാദങ്ങള്‍ക്കുമേല്‍ പ്രത്യാശയുടെ ഹരിതാഭ വിതറി എന്നതാണ് മുഖ്യമായ നീക്കിബാക്കി. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 17.22 കോടി മുസ്ലിംകളുണ്ട്. 2023ല്‍ ഇത് 21 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 20 കോടിയിലേറെ വരുന്ന ലോകത്തെ രണ്ടാമത്തെ മുസ്്ലിം സമാജത്തില്‍ നാലില്‍ മൂന്നും ഇപ്പോഴും തീര്‍ത്തും പിന്നാക്കത്തിന്റെ വേദന തിന്നാണ് ജീവിക്കുന്നത്. 3.84 കോടി മുസ്ലിംകളുള്ള(19.26%) ഉത്തര്‍പ്രദേശില്‍ മുഖ്യധാരയില്‍ നിന്ന് എങ്ങനെയാണവര്‍ ആട്ടിയകറ്റപ്പെട്ടത്. 2.47 കോടി (27.01%) മുസ്ലിംകളുള്ള പശ്ചിമ ബംഗാളിലും 1.07 കോടി (34. 22%) അസമിലും 1.76 കോടി (16.87%) ബീഹാറിലും 1.41 കോടി (13.95%) ഉത്തരാഖണ്ഡിലും 58.47 ലക്ഷം (9.67%) ഗുജറാത്തിലും 78.93 ലക്ഷം (12.92%)കര്‍ണാടകയിലും 1.30 കോടി (11.54%) മഹാരാഷ്ട്രയിലും 80.82 ലക്ഷം (9.56%) ആന്ധ്രതെലുങ്കാനയിലും 62.15 ലക്ഷം (9.07%) രാജസ്ഥാനിലും 47.75 ലക്ഷം (6.57%) മദ്ധ്യപ്രദേശിലും 21.59 ലക്ഷം (12.86%) ഡല്‍ഹിയിലും പട്ടികവര്‍ഗക്കാരിലേക്കാള്‍ പിന്തളളപ്പെട്ടുപോയതിന്റെ കാരണം ഒന്നേയൊള്ളൂ. 88.73 ലക്ഷം (26.56%) മുസ്ലിംകളുള്ള കേരളത്തിലും 42.29 ലക്ഷം (5.86%) തമിഴ്നാട്ടിലും സ്ഥിതി ഭേദമാണെന്ന് സച്ചാര്‍ സമിതി അടയാളമിടുമ്പോള്‍ പച്ചമഷികൊണ്ട് അതിനെ അടിവരയിടണം.
ചുട്ടചുട്ട വെയിലിലും
തോര്‍ന്നിടാത്ത മഴയിലും
ഒട്ടുമേ മടിച്ചിടാതെ
ലീഗിന്‍ ത്യാഗം ചെയ്യുവിന്‍…
(ചന്ദ്രിക വീക്കെന്റ്: 2023 മാര്‍ച്ച് 5)

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

kerala

സഹകരണ മേഖലയെ കുരുതിക്കളമാക്കുന്നവര്‍

കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്.

Published

on

ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന സംഭവം സഹകരണ സ്ഥാപനങ്ങളെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഫലമായി കുരുതിക്കളമാക്കുന്ന സി.പി.എം സമീപനത്തിന്റെ മറ്റൊരു ഉ ദാഹരണമാണ്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു തൊടുപുഴയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായാണ് സൊസൈറ്റിയിലെ തന്റെ നിക്ഷേപം തിരികെ ചോദിച്ചിരുന്നത്. എന്നാല്‍ പണം ചോദിച്ചെത്തിയ സാബുവിനെ ജീവനക്കാര്‍ നിരവധി തവണ അപമാനിച്ചുവിടുകയായിരുന്നു. സ്വന്തം അധ്വാനത്തിന്റെയും ആയുസിന്റെയും വിലയായ സമ്പാദ്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ നിരവധി തവണ തലകുനിക്കേണ്ടി വരികയും, തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലെത്തുകയും, കണക്കുകൂട്ടലുകളെല്ലാം തെറ്റുക യും ചെയ്തപ്പോഴാണ് തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമെന്ന നിലക്ക് സാബു ബാങ്കിന്റെ മുന്നില്‍ ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. സാബുവിന്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആ ത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി രണ്ടു വര്‍ഷം മുമ്പാണ് സി.പി.എം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമുള്ള ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. എന്തു വിലകൊടുത്തും സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്നത് സി.പി.എമ്മിന്റെ പ്ര ഖ്യാപിത ലക്ഷ്യമാണ്. അധികാരത്തിന്റെ തണലില്‍ ബല പ്രയോഗത്തിലൂടെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമുള്ള ഇത്തരം ഭരണമാറ്റങ്ങള്‍ സ്ഥാപനങ്ങള്‍ക്കുണ്ടാക്കുന്ന പ്രതിസന്ധിയോ, അതിന്റെ നിലനില്‍പ്പോ ഒന്നും തന്നെ അവരെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്. അംഗ ങ്ങള്‍ക്ക് വോട്ടുചെയ്യാന്‍പോലും അവസരം നല്‍കാതെ, കോടതി ഉത്തരവിനെ തൃണവല്‍ക്കരിച്ച് പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയ സി.പി.എമ്മുകാര്‍ തിരഞ്ഞെടുപ്പ് ദിവസം നടത്തിയത് നരനായാട്ടു തന്നെയായിരുന്നു. സകല കുതന്ത്രങ്ങളും പയറ്റിയിട്ടും വളരേ ചെറിയ മാര്‍ജിനില്‍ മാത്രമാണ് അവിടെ അവര്‍ക്ക് ജയിച്ചുകയറാനായത്. ഈ അട്ടിമറിയോടെ കരുവന്നൂരിലെയും കട്ടപ്പനയിലെയും പോലെ ചേവായൂര്‍ ബാങ്കിലെയും സാധാരണക്കാരായ നി ക്ഷേപകരെയാണ് സി.പി.എം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ ആശങ്കകള്‍ക്കോ അവരുടെ താല്‍ പര്യങ്ങള്‍ക്കോ പുല്ലുവില പോലും കല്‍പ്പിക്കപ്പെടാതെ കൈയ്യൂക്കിന്റെ കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇതുപോലെ നിരവധി സാബുമാരുടെ ജീവിതമാണ് തകര്‍ന്നുപോകുന്നത്. പലരും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ മരണത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ വലിയൊ രു വിഭാഗം സങ്കടങ്ങളുടെ അഗ്‌നിപര്‍വതങ്ങള്‍ ഉള്ളില്‍ പേറി നീറിപ്പുകയുകയാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ മരണവും ദുരിതവുമെല്ലാം മലയാളികള്‍ക്ക് ഏറെ കാണേണ്ടിവന്നതാണ്.

കരുവന്നൂര്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും സഖാക്കള്‍ തങ്ങളുടെ സങ്കേതമാക്കിമാറ്റിയ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ തീതിന്നുകൊണ്ടിരിക്കുകയാണെന്നും കട്ടപ്പനയിലെ സംഭവ വികാസങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്റെ അത്താണിയായ സഹകരണ സ്ഥാ പനങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സി.പി.എം ഇന്ന് ആ മഹത്തായ സംവിധാനത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രം കണ്ണിലെണ്ണയൊഴി ച്ചുകാത്തിരിക്കുന്നു എന്ന് മുറവിളികൂട്ടുന്ന പിണറായി സര്‍ ക്കാര്‍ സത്യത്തില്‍ അതിനുള്ള എല്ലാ ഒത്താശകളും അക മഴിഞ്ഞു നല്‍കിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പെരുമാറ്റങ്ങളുമെല്ലാം ഭരണകുടത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് സാബുവിന്റെ മരണത്തിനുത്തരവാദി കളായവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ പൊലീസ് മുതിരാതിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പും ഭാര്യ മേരിയുടെ വെളിപ്പെടുത്തലുമെല്ലാമുണ്ടായിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന മന്ത്രി വാസവന്റെ പ്രസ്താവന വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാ ഹരണമാണ്.

Continue Reading

Trending