ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് കോഴിക്കോട് ജില്ലയില്‍ നിന്ന് ലഭിച്ച വന്‍ സ്വീകാര്യതയുടെ തുടര്‍ച്ചയായായി ബഹുജന പങ്കാളിത്തം വിളിച്ചോതിയ സമ്മേളനങ്ങളോടെയാണ് പുതിയ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നതെന്ന് പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിഭാഗീയത ആരോപിച്ച് ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം ഖേദകരമാണ്. ബാഫഖി തങ്ങളും സി.എച്ചും ഉള്‍പ്പെടെയുളള മഹാരഥന്മാരായ നേതാക്കള്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയെ ജില്ലയില്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള സംഘത്തെ നയിക്കാന്‍ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.
പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ രൂപീകരിക്കപ്പെട്ട എല്ലാ ജില്ലാകമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്. കോഴിക്കോട്ടും അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും അവസാനവാക്കുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡറും സമുന്നത നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെയാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു പുറമെ പ്രത്യേകം ചുമതലപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കൂടി കാര്‍മികത്വത്തിലാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. അക്കാര്യം എല്ലാ നേതാക്കള്‍ക്കും അറിവുള്ളതുമാണ്. ഞങ്ങള്‍ ഏതെങ്കിലും പക്ഷക്കാരല്ല. സാദിഖലി തങ്ങള്‍ക്ക് കീഴില്‍ ഒരൊറ്റ പക്ഷമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് താനും. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് പുറമെ, ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ ഡോ.എം.കെ മുനീര്‍ സാഹിബ്, പി.കെ.കെ ബാവ സാഹിബ്, എം.സി മായിന്‍ഹാജി, സി.പി ചെറിയ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സുതാര്യമായ മികച്ച കോഡിനേഷനാണ് നടത്തിയത്. ജില്ലയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ചുമതലപ്പെട്ട കണ്‍വീനര്‍മാരായ സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ്മത്തുള്ള എന്നിവരുടെ മികച്ച ഇടപെടലുകളും സേവനവും എടുത്തുപറയേണ്ടതാണ്. രണ്ടു മാസത്തോളം ഒരു പരാതിക്കുമിടയില്ലാത്ത വിധമാണ് മെമ്പര്‍ഷിപ്പ് വിതരണവും വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെയുള്ള കമ്മിറ്റി രൂപീകരണത്തിനും കണ്‍വീനര്‍മാര്‍ നേതൃത്വം വഹിച്ചത്. അവരോട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഇരുവരും പറഞ്ഞു.
ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉന്നത നേതാക്കളെ വിവിധ കളങ്ങളിലാക്കി തിരിച്ച് വിഭാഗീയമായി ജില്ലാ നേതാക്കളെ കൂട്ടിക്കെട്ടി ചാപ്പകുത്താനുള്ള ശ്രമം പാര്‍ട്ടി വിരുദ്ധരുടെ പ്രചാരവേലയായി കണ്ട് തള്ളിക്കയാനുള്ള രാഷ്ട്രീയ ബോധം എല്ലാവര്‍ക്കുമുണ്ട്. യോഗം തീരുംമുമ്പ് കുഞ്ഞാലിക്കുട്ടി സാഹിബ് ക്ഷുഭിതനായി മടങ്ങിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ വിലകുറഞ്ഞ ഭാവനാസൃഷ്ടിയാണ്. ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം എല്ലാവരെയും അഭിനന്ദിച്ചാണ് പതിവുപോലെ കുഞ്ഞാലിക്കുട്ടി സാഹിബ് മടങ്ങിയത്. വസ്തുത ഇതായിരിക്കെ, മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനും സമാപനം കുറിച്ച് നടന്ന ജില്ലാസമ്മേളനത്തിനും ജനലക്ഷങ്ങളുടെ പിന്തുണകണ്ട് വിറളിപിടിച്ച തല്‍പര കക്ഷികള്‍ പടച്ചുവിടുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ തള്ളിക്കളയണമെന്നും എല്ലാവിധ പിന്തുണയും ഉപദേശ നിര്‍ദേശങ്ങളും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.