Connect with us

india

‘മഴ നനയുന്നത് മനോഹരമാണ്, പക്ഷെ 2014ന് ശേഷം നിർമിച്ച പാലത്തിന് അടു​ത്തേക്ക് പോകരുത്’; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

ബിഹാറിൽ കഴിഞ്ഞ ദിവസങ്ങളിലായി 11 പാലങ്ങളാണ് തകർന്നത്

Published

on

ഉത്തരേന്ത്യയിൽ മഴ ശക്തമായതോടെ എങ്ങും തകർച്ചയുടെയും ചോർച്ചയുടെയും വാർത്തകളാണ്. വിവിധ എയർപോർട്ടുകളിലെ മേൽക്കൂരയുടെ തകർച്ച, ബിഹാറിലെ പാലങ്ങൾ നിരന്തരം തകർന്ന് വീഴൽ, അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ച തുടങ്ങി നിരവധി സംഭവങ്ങളാണ് മഴ ശക്തമായതോടെ ഉണ്ടായത്. ​

ബി.ജെ.പി, എൻ.ഡി.എ സർക്കാറുകൾ കോടികൾ ചെലവഴിച്ച് നിർമിച്ച വികസന പദ്ധതികളാണ് ഇതിൽ പലതും. ഇതിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ​നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്. 2014ന് ശേഷം നിർമിച്ച പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അടുത്തേക്ക് പോകരുതെന്ന് അദ്ദേഹം ‘എക്സി’ൽ ഓർമിപ്പിച്ചു.

‘മൺസൂൺ മുന്നറിയിപ്പ്: നനയുന്നത് അതിമനോഹരമാണ്. എന്നാൽ, 2014ന് ശേഷം നിർമിച്ചതോ​ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, എയർപോർട്ടുകൾ, ദേശീയപാതകൾ, ആശുപത്രികൾ എന്നിവയുടെ അടുത്തേക്ക് പോവുകയോ ട്രെയിനിൽ കയറുകയോ ചെയ്യരുത്. ശ്രദ്ധ പുലർത്തണം’ -എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

ബിഹാറിൽ ഈ വർഷം മാത്രം തകർന്നുവീണത് ഇരുപതോളം പാലങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലായി 11 പാലങ്ങൾ തകർന്നു. മിക്കതും ഗ്രാമീണ മേഖലകളിലെ ചെറിയ പാലങ്ങളാണ്. ഇതിൽ കാലപ്പഴക്കം ചെന്നവ കുറച്ചേയുള്ളൂ. കൂടുതലും 25 വർഷത്തിനുള്ളിൽ നിർമിച്ചവയാണ്.

കഴിഞ്ഞയാഴ്ച ഡൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കൂടാ​തെ മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളങ്ങളിലെ മേൽക്കൂര തകർന്നുവീഴുകയുണ്ടായി. അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ചയും വലിയ ചർച്ചയായിരുന്നു. കൂടാതെ ക്ഷേത്രത്തിലേക്ക് കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും വിവാദമായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം

പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

Published

on

ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.

ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.

പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.

അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി’ -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.

Continue Reading

india

ബീഹാറിൽ വീണ്ടും പാലം തകർന്നെന്ന് തേജ്വസി; തകർന്നത് താത്കാലിക പാലമെന്ന് ഉദ്യോഗസ്ഥർ

കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.

Published

on

ബീഹാറിലെ ചമ്പാരനിൽ പാലം തകരുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ആർ.ജെ.ഡി നേതാവ് തേജ്വസി യാദവ്. എന്നാൽ തകർന്നത് പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്ന വാദവുമായി ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
പാലം നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആളുകൾ പറയുന്നതായി വിഡിയോയിൽ കാണാം. സംഭവത്തെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും എന്നാൽ തകർന്നത് യഥാർത്ഥ പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ പറഞ്ഞു.
‘ലോഹർഗവാൻ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഓടക്ക് കുറുകെ താത്കാലികമായി നിർമിച്ച പാലമാണ് അത്. ജനങ്ങൾക്ക് ഈ ഓവുചാൽ മുറിച്ച് കടക്കാൻ എളുപ്പത്തിനായി കുറച്ച് വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണിത്. നീളം കുറഞ്ഞ താത്കാലിക പാലമാണിത്. താത്കാലിക പാലമായതിനാൽ തന്നെ അതിന് അത്ര ഉറപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കനത്തമഴയിൽ മണ്ണൊലിപ്പ് ഉണ്ടായപ്പോൾ അതിന്റെ പല ഭാഗങ്ങളും ഒലിച്ച് പോയി. എന്നിരുന്നാലും വിഷയം പരിശോധിച്ച് വരികയാണ്. വിഷയം പരിശോധിച്ച് വേണ്ട നടപടികൾ എടുക്കുകയും ചെയ്യും,’ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബീഹാറിൽ വിവിധ ജില്ലകളിലായി പന്ത്രണ്ടിലധികം പാലങ്ങളും കോസ്‌വേകളും തകർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അപകടം നടക്കുന്നത്. അപകടങ്ങളിൽ ആളപായങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും 15ഓളം എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു.
മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ അന്വേഷണം നടത്തുകയും എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Continue Reading

india

നീറ്റ് യുജി ക്രമക്കേട്: സർക്കാർ വിശദീകരിക്കണം വേണം; ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ, ഇടക്കാല ഉത്തരവുമായി കോടതി

ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Published

on

നീറ്റ് യുജി ക്രമക്കേടിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും എന്‍ടിഎയും കേന്ദ്ര സര്‍ക്കാരും എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നും പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും കോടതി അറിയിച്ചു.

നീറ്റ് ക്രമക്കേട് ഹർജികളിൽ വാദം കേൾക്കുന്ന കോടതി കേന്ദ്ര സർക്കാരിനോടും എൻടിഎയോടും ചോദ്യശരങ്ങൾ എയ്തുവിടുകയായിരുന്നു. ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചത് ആരുടെ കസ്റ്റഡിയിൽ, ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ക്ക് കൈമാറിയത് എന്ന്, ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ചെയ്ത സൗകര്യങ്ങളെന്ത്, ചോദ്യപേപ്പറുകള്‍ പ്രസ് എന്‍ടിഎയ്ക്ക് കൈമാറിയത് എങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. കുറ്റക്കാരെ കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും എന്‍ടിഎയോട് കോടതി ചോദിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ കോടതി കുറ്റക്കാരും ഉപഭോക്താക്കളും ആരെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിലെ ക്രമക്കേട് തടയാന്‍ വിദഗ്ധ സമിതിയെ കേന്ദ്രം നിയോഗിക്കണം. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നതാകണം ഈ വിദഗ്ധ സമിതി. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

Continue Reading

Trending