ചാനൽ റിയാലിറ്റി ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ, സിനിമയിലെ പ്രധാന നടൻ സെറ്റിൽവെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസി. തന്റെ ഓഫീസിൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകവെയാണ് നടി ഇക്കാര്യം പറഞ്ഞത്.
വിൻസിയുടെ വാക്കുകൾ ഇങ്ങനെ,’ കുറച്ചു ദിവസങ്ങൾക്കു മുൻപ് ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻനിർത്തി നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അവയ്ക്കെല്ലാം വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.’ വിൻസി പറഞ്ഞു.
വിൻസി ഭാഗമായ ഒരു സിനിമയുടെ പ്രധാന താരത്തിൽനിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണമായതെന്ന് താരം പറഞ്ഞു. ആ നടൻ സെറ്റിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും മോശമായ രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറുകയും ചെയ്തു. ഉദാഹരണമായി വിൻസി ചൂണ്ടിക്കാട്ടിയ സംഭവം ‘ എന്റെ ഡ്രസിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു’.
മറ്റൊരു അനുഭവവും വിൻസി പറയുന്നുണ്ട്. ഷോട്ടിനായി സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഇതേ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പി. പല സിനിമാ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. ഇത്തരത്തിലുള്ള വ്യക്തികൾക്കൊപ്പം ജോലി ചെയ്യുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിൻസി പറയുന്നു. തികച്ചും വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുത്ത തീരുമാനമാണ് ലഹരി ഉപയോഗിക്കുന്നതായി അറിവുള്ളവരുമായി അഭിനയിക്കില്ല എന്നത്. അതേസമയം, തന്റെ പ്രസ്താവന നല്ല രീതിയിലെടുത്തവരോട് വിൻസി വീഡിയോയിലൂടെ നന്ദി പറയുന്നുണ്ട്. അതുപോലെ നെഗറ്റീവ് കമന്റ് ഇട്ടവർക്ക് മറുപടിയും കൊടുക്കുന്നുണ്ട്.
നിനക്കെവിടെയാണ് സിനിമ എന്ന് ചോദിക്കുന്നവരോട് ‘സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം’ വിൻസി പറഞ്ഞു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധിപേരാണ് നടിക്ക് പിന്തുണയുമായി വരുന്നത്.