ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ത്രിഭാഷാ നീക്കത്തില്‍ തമിഴ്നാടും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള പോരാട്ടം കടുക്കുമ്പോള്‍ തമിഴ് നാടിന്റെ ഭാഷായുദ്ധം വീണ്ടും ചര്‍ച്ചയാവുകയാണ്. ഡി.എം.കെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കു കയാണെന്നും സംസ്‌കാര ശൂന്യ നടപടിയാണ് ഡി.എം.കെ പിന്തുടരുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ കേന്ദ്ര മന്ത്രി വാക്കുകള്‍ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജാവാണെന്ന് കരുതി ധിക്കാരം പറയാതെ അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്റ്റാലിന്റെ തിരിച്ചടി.
2020 ലെ ദേശീയ പാഠ്യക്രമം അഥവാ എന്‍.ഇ.പി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി തമിഴ് പോരിന് മൂര്‍ച്ച ഏറുന്നത്. എന്‍.ഇ.പി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്നാടിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി രൂപ വാഗ്ദാനം ചെയ്താല്‍ കൂടിയും തമിഴ്നാട്ടില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള മോഹം മനസിലിരിക്കട്ടെ എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ്നാടിനെ 2,000 വര്‍ഷം പിന്നോട്ടടിക്കാന്‍ കാരണമാകുന്ന തെറ്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട് ഒന്നടങ്കം പ്രതിഷേധിക്കുന്നത്.
ബി.ജെ.പി ഒഴികെയുള്ള തമിഴ്നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിഷയത്തില്‍ പ്രതിഷേധം അറിയിച്ചതോടെ തമിഴ്മണ്ണിന്റെ രോഷാഗ്നി കേന്ദ്രം വരെയും അലയടിക്കുന്നുണ്ട്. തമിഴ്നാട് ബി.ജെ.പിയിലെ തന്നെ പല നേതാക്കളും കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാനും തുടങ്ങിയതായാണ് വിവരം.
തമിഴ്നാടിന്റെ ഹിന്ദി വിരുദ്ധ പോരാട്ടത്തിന് ഏതാണ്ട് ഒമ്പത് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2014ല്‍ ബി.ജെ.പി അധികാരത്തിത്തെിയതോടെയാണ് സംസ്ഥാനത്ത് ഹിന്ദി സാര്‍വത്രികമാക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആത്മാഭിമാനത്തിനേല്‍പ്പിക്കുന്ന മുറിവായാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ തമിഴ്നാട് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹിന്ദിയുടെ കടന്നുകയറ്റം പല സംസ്ഥാനങ്ങളിലും അവരുടെ സ്വന്തം ഭാഷയെ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ടെന്നും ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് ഒരുഭാഷ എന്നതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ബഹുസ്വരതയുടെ കടക്കല്‍ കത്തിവെക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമായി ഇതിനെ അവര്‍ വിലയിരുത്തുന്നു. ഇതൊരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും തമിഴ് സര്‍ക്കാര്‍ കരു തുന്നു. തമിഴ്നാട്ടില്‍ ഇടംനേടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് കേന്ദ്രത്തിന്റെ പുതിയ ശ്രമമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനും ഡി.എം.കെയും വിശ്വസിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത് ഇതിന്റെ തെളിവായി അവര്‍ കാണുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാറിന്റെ വാദം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ നീക്കമാണെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിന്ദി സംസാരിക്കാത്തവരെ ഹിന്ദി സംസാരിക്കുന്നവരാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി ശ്രീ ഭാരതി പദ്ധതി പ്രകാരം, മൂന്ന് ഭാഷകള്‍ പഠിപ്പിക്ക ണമെന്ന് നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പിന്നിലെന്നും ഭരണകക്ഷി ആരോപിക്കുന്നു. ഇതോടൊപ്പം തന്നെയാണ് ജനസംഖ്യാനുപാതികമായി ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും സര്‍ക്കാര്‍ കാണുന്നത്. അതു കൊണ്ടുതന്നെ ഫെഡറലിസത്തിനെതിരായ പോരാട്ടം കടുപ്പിക്കാനാണ് സ്റ്റാലിന്റെയും കൂട്ടരുടെയും തീരുമാനം. പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങള്‍ നഷ്ടമാകുന്ന മറ്റു സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തി കേന്ദ്രത്തിനെതിരെ പടപ്പുറപ്പാടിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്ന് കേരള, കര്‍ണാടക, ആന്ധ്ര, പശ്ചിമബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഒഡീഷ മുഖ്യമന്ത്രി മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
ജനസംഖ്യാനുപാതികമായി മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ജനസംഖ്യാ നിയന്ത്രണം കര്‍ശനമായി നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ക്കും വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുത്തനെ കുറയും. അതേ സമയം ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള, ജനസംഖ്യാ നിയന്ത്രണ പദ്ധതികളോട് എല്ലാ കാലത്തും പുറംതിരിഞ്ഞു നിന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ തോതില്‍ നേട്ടമുണ്ടാവുകയും സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്യും. ഇക്കാര്യവും തുറന്നുകാട്ടി ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്.